
കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ സഭകൾ തമ്മിൽ തർക്കം നടക്കുന്ന പള്ളികളില്‍ ഭരണഘടന നിർബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍. പൊലീസ് സംരക്ഷണം നല്‍കേണ്ട പള്ളികളില്‍ അത് നടപ്പാക്കുന്നതിന് ഇടവകാംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പിറവം വലിയ പള്ളിയില്‍ ആരാധനക്ക് പൊലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്സ് പക്ഷം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിച്ചത്.
വിശ്വാസികളുടെ വികാരം സംരക്ഷിക്കും. ഘട്ടം ഘട്ടമായി മാത്രമേ വിധി നടപ്പിലാക്കാന്‍ കഴിയൂ. എല്ലാവരുടെയും മതപരമായ വികാരങ്ങള്‍ സംരക്ഷിക്കുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
നിലവിൽ പള്ളികളിൽ നിലനിൽക്കുന്നത് 1934 ലെ ഭരണഘടനയാണ്. ഈ ഭരണഘടന അനുസരിക്കാൻ താൽപര്യമുള്ളവരെ മാത്രമേ പള്ളിയില്‍ പ്രവേശിപ്പിക്കൂ. ഇടവകാംഗങ്ങള്‍ ഭരണഘടനയോട് വിധേയത്വം പ്രഖ്യാപിക്കുന്നതായി പൊലീസിന് സത്യവാങ്മൂലം നല്‍കണം. സമാധാന ഭംഗമുണ്ടാക്കില്ലന്നും മറ്റുള്ളവരുടെ അവകാശം ഹനിക്കില്ലന്നും എഴുതി നല്‍കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സത്യവാങ്മൂലം എഴുതി നല്‍കുന്നവര്‍ക്കു മാത്രമേ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കൂ. തിരിച്ചറിയല്‍ രേഖക്ക് ആധാര്‍ നിര്‍ബന്ധമാണ്. ആധാര്‍ അല്ലാതെ ഒരു രേഖയും സ്വീകരിക്കില്ല. പൊലീസ് സംരക്ഷണം നല്‍കുന്നതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എടുത്ത 19 ഇന കര്‍മ്മ പദ്ധതി സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍ കോടതിയില്‍ സമര്‍പ്പിച്ചു .
പ്രധാന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍:
പള്ളിയിലെ ഇടവ വികാരിയെ കോടതി തിരുമാനിക്കണമെന്ന് സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ ആവശ്യപ്പെുന്നു. പുറത്തു നിന്നുള്ളവരെ പ്രവേശിപ്പിക്കില്ല, പൊലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണം .
പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും അടക്കം ഒരേ സമയം 250 പേരെ മാത്രമേ പള്ളിയില്‍ പ്രവേശിപ്പിക്കൂ. മെത്രാനും വൈദികരും സഹായിക്കും ക്വയര്‍ അഗങ്ങളുമടക്കം 20 പേര്‍ക്ക് പ്രവേശനം. എല്ലാവരക്കും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം .
വൈദികര്‍ക്കും സഹായികള്‍ക്കും ക്വയര്‍ അംഗങ്ങള്‍ക്കും തുപ്പുകാര്‍ക്കും പ്രവേശനം കുര്‍ബാനയ്ക്ക് ഒരു മണിക്കൂര്‍ മുന്‍പ് മാത്രം. വിശ്വാസികള്‍ക്ക് പ്രവേശനം കുര്‍ബാനക്ക് അര മണിക്കൂര്‍ മുന്‍പ്. മറ്റാര്‍ക്കെങ്കിലും പ്രവേശനം വേണമെങ്കില്‍ പൊലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം
പൊലീസിന് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണം. പൊലീസ് സംരക്ഷണത്തിന്റെ ചെലവ് പള്ളി വഹിക്കണം.
കുര്‍ബാന കഴിഞ്ഞാല്‍ 15 മിനിറ്റിനകം വിശ്വാസികള്‍ പള്ളിക്ക് പുറത്തു പോകണം. വൈദികരും സഹായികളും അരമണിക്കറിനകം പള്ളി വിടണം.
സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് പക്ഷം സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയതോടെയാണ് സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ പുതിയ നിലപാട് കോടതിയെ അറിയിച്ചത്. പിറവം പള്ളി കേസില്‍ സര്‍ക്കാരിന്റെ വാദം ഇന്ന് നടക്കും.