
തിരുവനന്തപുരം: നാലു ജില്ലകളിലെ കോണ്ഗ്രസ് സ്ഥാനാർഥി പട്ടികയില്‍ തൊടാതെ സംസ്ഥാന നേതൃത്വം. മറ്റു 10 ജില്ലകളിലെ കോണ്ഗ്രസ് സ്ഥാനാർഥികളുടെ പട്ടിക ഏറെക്കുറെ പൂർത്തിയാക്കി.
ഇതില്‍ ആദ്യഘട്ടത്തില്‍ കോണ്ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിക്ക് കഴിഞ്ഞ ദിവസം കൈമാറിയ 50 സീറ്റിലും ഒറ്റപ്പേരാണുള്ളത്.
തെക്കൻ ജില്ലകളില്‍ ഏറെ വിജയസാധ്യത കുറവെന്നു സർവേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്ന തിരുവനന്തപുരത്ത് രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ മാത്രമാണ് നിശ്ചയിച്ചത്. വട്ടിയൂർക്കാവില്‍ മുതിർന്ന നേതാവ് കെ. മുരളീധരനും കോവളത്ത് സിറ്റിംഗ് എംഎല്‍എയായ എം. വിൻസെന്റും മാത്രമാണ് തിരുവനന്തപുരം ജില്ലയിലെ പട്ടികയിലുള്ളത്. ആലപ്പുഴ ഹരിപ്പാട് മണ്ഡലത്തില്‍ കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും. കോട്ടയത്ത് സിറ്റിംഗ് എംഎല്‍എമാർ മാത്രമാണ് ഇടം നേടിയത്. പത്തനംതിട്ടയില്‍ ഒരു സീറ്റിലും സ്ഥാനാർഥിയായില്ല.
ഇവിടങ്ങളില്‍ ജയസാധ്യതയുള്ള മികച്ച സ്ഥാനാർഥിയെ കണ്ടെത്താനുള്ള ചർച്ചകളും കൂടിയാലോചനകളും ഇനിയും വേണ്ട സാഹചര്യത്തിലാണ് പ്രധാനമായി സ്ഥാനാർഥി നിർണയം പൂർത്തിയാകാൻ തടസമാകുന്നത്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകള്‍ പൂർത്തിയാകാത്തതും മറ്റൊരു പ്രധാന തടസമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
കേരള കോണ്ഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച എങ്ങുമെത്തിയിട്ടില്ല. ജയം ലക്ഷ്യമാക്കി പല സീറ്റുകളും കേരള കോണ്ഗ്രസുമായി വച്ചുമാറുന്നതും കോണ്ഗ്രസ് ആലോചിക്കുന്നു. കോണ്ഗ്രസിന്റെ ആറൻമുള സീറ്റ് കേരള കോണ്ഗ്രസിനു നല്‍കി, പകരം തിരുവല്ല സീറ്റില്‍ കോണ്ഗ്രസ് മത്സരിക്കുന്നത് സജീവമായി ആലോചനയിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുപോലെ കോട്ടയം ജില്ലയിലെ ചില സീറ്റുകളും വച്ചുമാറുന്നത് ആലോചനയുണ്ട്. കേരള കോണ്ഗ്രസ് നേതാവ് പി.ജെ. ജോസഫുമായുള്ള ചർച്ചകള്‍ പൂർത്തിയായാല്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്താൻ കഴിയൂവെന്നാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. അങ്ങനെയെങ്കില്‍ അപ്രതീക്ഷിത സ്ഥാനാർഥികള്‍ ഇവിടങ്ങളില്‍ മത്സര രംഗത്ത് എത്തും.
വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്ര തിരുവനന്തപുരത്തു സമാപിച്ച ശേഷം മാത്രമേ ഇനി ഇത്തരം ചർച്ചകളിലേക്ക് കടക്കാൻ ഇടയുള്ളൂവെന്നാണ് സൂചന. കോണ്ഗ്രസ് സ്ഥാനാർഥികളുടെ രണ്ടാഘട്ട പട്ടികയും ഇതിനു ശേഷമേ തയാറാക്കി കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റിക്കു കൈമാറുകയുള്ളൂ. പുതുയുഗ യാത്രയുടെ സമാപന ദിവസങ്ങളുമായി ബന്ധപ്പെട്ടു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ഉണ്ടാകും. രാഹുല്‍ ഗാന്ധിയുമായും കൂടിയാലോചന നടത്തിയാകും രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയില്‍ അന്തിമ തീരുമാനം എടുക്കുക.
എന്നാല്‍, മറ്റ് 10 ജില്ലകളിലെയും 90 ശതമാനം സീറ്റുകളിലും സ്ഥാനാർഥി പട്ടിക തയാറാക്കിയിട്ടുണ്ട്. പലയിടത്തും ഒരാള്‍ വീതമാണ് പട്ടികയിലുള്ളതെന്ന പ്രത്യേകതയുമുണ്ട്. അഞ്ചു വനിതകളും കോണ്ഗ്രസ് പട്ടികയില്‍ ഇതുവരെ ഇടം നേടിയിട്ടുണ്ട്. യൂത്ത് കോണ്ഗ്രസിന്റെ നാല് സംസ്ഥാന നേതാക്കളും പട്ടികയില്‍ ഉള്‍പ്പെട്ടതായാണ് വിവരം.



