
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ തള്ളാതെ സിനിമാ താരം രമേഷ് പിഷാരടി.
നേതൃത്വത്തിൽ നിന്നും ഇതുവരെ അത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും പാർട്ടി നിർദേശിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസ് പാർട്ടിയുടെ പേരിൽ പാലക്കാട് എന്നല്ല എവിടെ മത്സരിക്കാൻ അവസരം ലഭിച്ചാലും അത് അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സരിക്കാൻ നിർദേശിച്ചാലും ഇല്ലെങ്കിലും കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും രമേശ് പിഷാരടി വ്യക്തമാക്കി. പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച ശേഷമായിരുന്നു പിഷാരടിയുടെ പ്രതികരണം.
ഈ നിമിഷം വരെ പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിൽ നിന്നും ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും തന്റെ പേര് ഉയർന്നുവന്നത് ശ്രദ്ധിച്ചിരുന്നു.
കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്ത കാലയളവിലും താനൊരു കോൺഗ്രസുകാരനാണ് എന്ന് തുറന്നുപറയാൻ കാണിച്ച ആ നിലപാടിനുള്ള സ്നേഹമായിട്ടാകാം തന്റെ പേര് ഉയർന്നുവരുന്നത്. അതൊരു അംഗീകാരമായി കാണുന്നുവെന്നും പിഷാരടി പറഞ്ഞു



