തദ്ദേശം പോലെയല്ല നിയമസഭ; നിയമസഭ അത്ര ഈസിയായി കാണാനാകില്ല; 2011ല്‍ വി എസ് നല്‍കിയ എട്ടിന്റെ പണിയുടെ ഞെട്ടല്‍ യുഡിഎഫ് നേതാക്കള്‍ മറന്നിട്ടില്ല; കെപിസിസി, യുഡിഎഫ് നേതൃത്വയോഗങ്ങള്‍ ഉടൻ ചേരും

Spread the love

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി ആഞ്ഞടിച്ച തരംഗം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതീക്ഷിച്ച്‌ കോണ്‍ഗ്രസ്.

video
play-sharp-fill

തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുഡിഎഫ് മുന്നേറ്റത്തിന് തയ്യാറെടുക്കുന്നു.

പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കാനും സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും തിരിച്ചുവരവിനായുള്ള ശ്രമങ്ങളെ പ്രതിരോധിക്കാനുമാണ് നേതൃത്വം ഇനി ലക്ഷ്യമിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൻ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ഇടതുമുന്നണി തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ നിലമെച്ചപ്പെടുത്തി തിരിച്ചുവന്നിട്ടുള്ള ചരിത്രമാണ് യുഡിഎഫ് കേന്ദ്രങ്ങളിലെ ഏക ആശങ്ക.

തദ്ദേശ തിരഞ്ഞെടുപ്പ് വിജയം നിയമസഭാ തിരഞ്ഞെടുപ്പില്‍ അതേപടി ആവർത്തിക്കുമെന്നുറപ്പില്ലെന്ന ബോധ്യം യുഡിഎഫ് നേതൃത്വത്തിനുണ്ട്. 2010ലെ തദ്ദേശതിരഞ്ഞെടുപ്പിനുശേഷം 2011ല്‍ അധികാരത്തിലെത്തിയത് വെറും 72 സീറ്റുകളോടെയായിരുന്നു എന്ന അനുഭവം മുന്നില്‍ കണ്ടുള്ള സൂക്ഷ്മ സമീപനമാണ് ഇപ്പോള്‍ മുന്നണി സ്വീകരിക്കുന്നത്.

2010-ലെ തദ്ദേശതിരഞ്ഞെടുപ്പുഫലം പുറത്തുവരുമ്ബോള്‍ 90 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ 90ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി യുഡിഎഫ് 2011-ല്‍ സംസ്ഥാന ഭരണം പിടിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, തിരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു.

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേരിലുള്ള ചില ആരോപണങ്ങള്‍ പൊടിതട്ടിയെടുത്തും ആർ. ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ ജയിലില്‍പ്പോയ വിധി സമ്ബാദിച്ചുമായിരുന്നു വി എസിന്റെ സർജിക്കല്‍ സ്ട്രൈക്ക്.

ഇതോടെ യുഡിഎഫ് വലിയ പ്രതിരോധത്തിലായി. 2011ല്‍ യുഡിഎഫ് അധികാരത്തില്‍വന്നത് 72 സീറ്റുമായി കഷ്ടിച്ചായിരുന്നു. ഈ അനുഭവം മുൻനിർത്തി വളരെ കരുതലോടെയാകും ഇനിയുള്ള പ്രതിപക്ഷ നീക്കം. അതേസമയം, വി എസ് അച്യുതാനന്ദനെ പോലെ ഒരു നേതാവ് ഇന്ന് സിപിഎമ്മിനില്ല എന്ന കാര്യവും യുഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുസമൂഹത്തിലും കോടതി വ്യവഹാരങ്ങളിലും സജീവമായി ഇടപെട്ടിരുന്ന നേതാവായിരുന്നു വി എസ്. വി എസിന്റെ മരണത്തോടെ അത്തരം സക്രിയ ഇടപെടലുകള്‍ നടത്തുന്ന തലമുറ തന്നെ സിപിഎമ്മില്‍ അന്യംനിന്നു.

ഈയാഴ്ച തന്നെ കെപിസിസിയുടെയും യുഡിഎഫിന്റെയും നേതൃത്വയോഗങ്ങള്‍ ചേരാനാണ് ആലോചന. ഫലത്തിന്റെ രാഷ്ട്രീയ സൂചനകള്‍ വിലയിരുത്തുകയാണ് യോഗങ്ങളുടെ പ്രധാന ലക്ഷ്യം.

‘മിഷൻ 2025’ എന്ന പേരില്‍ കോണ്‍ഗ്രസ് നടപ്പാക്കിയ സംഘടനാപരമായ പരിഷ്കാരങ്ങള്‍ ഗണ്യമായ വിജയം കൈവരിച്ചെന്ന വിലയിരുത്തലിലാണ് നേതൃത്വം. വിവിധ സാമൂഹിക വിഭാഗങ്ങളെ യുഡിഎഫിനോട് അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫലപ്രദമായതായി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

മുസ്‌ലിം-ക്രിസ്ത്യൻ വിഭാഗങ്ങളില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. ഭൂരിപക്ഷ സമൂഹത്തിലെ പിന്തുണയില്‍ വലിയ ചോർച്ചയുണ്ടാക്കാതെ ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കുന്ന സോഷ്യല്‍ എൻജിനിയറിങ്ങാണ് യുഡിഎഫിന്റെ രാഷ്ട്രീയ രേഖ. സർക്കാരിനെതിരായ പൊതുവികാരം യുഡിഎഫ് അനുകൂല വോട്ടായി മാറിയതായും നേതൃത്വം വിലയിരുത്തുന്നു.

കേരള കോണ്‍ഗ്രസ് അടക്കമുള്ള ചില കക്ഷികളുടെ തിരിച്ചുവരവ് സംബന്ധിച്ച ചർച്ചകള്‍ സജീവമായിരുന്നാലും, യുഡിഎഫ് നിലവില്‍ നേരിട്ട മുൻകൈ എടുക്കുന്നില്ല. അനുകൂല സമയത്ത് തന്നെ ആ പാർട്ടിക്കുള്ളില്‍ നിന്ന് സമ്മർദമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്.

പി.വി. അൻവറും സി.കെ. ജാനുവും നേതൃത്വം നല്‍കുന്ന പാർട്ടികള്‍ക്ക് യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കാനുള്ള ധാരണ നിലവിലുണ്ടെന്നും അത് ഉടൻ നടപ്പാക്കുമെന്നും നേതൃവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ബിഡിജെഎസിനെ മുന്നണിയിലേക്കെത്തിക്കാനുള്ള നീക്കം ഇപ്പോള്‍ സജീവമല്ലെങ്കിലും, രാഷ്ട്രീയ സാഹചര്യം അനുകൂലമായാല്‍ ഭാവിയില്‍ അത്തരം സാധ്യതകളും യുഡിഎഫ് തള്ളിക്കളയുന്നില്ല.