മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർക്ക് കത്ത് നൽകി കോൺഗ്രസ്; പിന്തുണയുമായി ബി.എസ്.പിയും എസ്.പിയും
സ്വന്തം ലേഖകൻ
ഭോപ്പാൽ: സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് ഗവർണർക്ക് കത്ത് നൽകി. ചെറു കക്ഷികളെയും സ്വതന്ത്രരെയും കൂടെക്കൂട്ടി സർക്കാരുണ്ടാക്കാനാണ് കോൺഗ്രസിന്റെ നീക്കം. 230 അംഗ നിയമസഭയിൽ ഭരിക്കാൻ വേണ്ട 116 എന്ന സംഖ്യയിലെത്തിയില്ലെങ്കിലും ബിഎസ്പി-എസ്പി എന്നീ പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനാണ് കോൺഗ്രസിന്റെ നിലപാട്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ കോൺഗ്രസിന് സർക്കാർ രൂപീകരണത്തിന് അവസരം നൽകണമെന്ന് കാണിച്ച് കോൺഗ്രസ് നേതാവ് കമൽനാഥ് ഗവർണ്ണർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്വതന്ത്രർ ഉൾപ്പെടെയുള്ളവരുടെ പിന്തുണയുണ്ടെന്നും കമൽനാഥ് എം.പി അവകാശപ്പെട്ടു. ഇന്ന് നിയമസഭാകക്ഷി യോഗംചേരും. ദിഗ് വിജയ് സിങ് ഭോപ്പാലിൽ തുടരും. എ.കെ.ആന്റണിയെ നിരീക്ഷകനായി രാഹുൽ ഗാന്ധി നിയോഗിച്ചു.
വിജയം ഉറപ്പിച്ച 114 സീറ്റുകൾ കൂടാതെ ജയിച്ച രണ്ട് സീറ്റുകളും എസ്പി ജയിച്ച ഒരു സീറ്റുമടക്കം 117 എംഎൽഎമാരുടെ പിന്തുണയാണ് ഇപ്പോൾ കോൺഗ്രസിനുള്ളത്. തന്ത്രശാലിയും അനുഭവപരിജ്ഞാനിയുമായ കമൽനാഥിന്റെ നേതൃത്വമാണ് മധ്യപ്രദേശിലെ കോൺഗ്രസ് വിജയത്തിന് പിന്നിൽ. കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം മത്സരിച്ചു. ഇടവേളകളിൽ 116 എന്ന സംഖ്യ ഇരു കക്ഷികളും തൊട്ടു. ഒടുവിൽ 114 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഭരണ കക്ഷിയായ ബിജെപി 109 സീറ്റുമായി തൊട്ടുപിന്നിൽ. ഇതേതുടർന്ന് രാത്രി 11 മണിയോടെ പി.സി.സി അധ്യക്ഷൻ കമൽനാഥ് സർക്കാർ രൂപീകരണത്തിന് അവകാശമുന്നയിച്ച് ഗവർണർക്ക് കത്തയച്ചു. മറ്റ് സ്വതന്ത്രരുടെ പിന്തുണ ഉറപ്പായെന്നും കത്തിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ അറിയിപ്പ് കിട്ടിയ ശേഷമേ കൂടിക്കാഴ്ചക്ക് അവസരം നൽകുവെന്നാണ് ഗവർണർ ആനന്ദി ബെൻ പട്ടേൽ മറുപടി നൽകിയത്. എസ്.പി നേരത്തെ തന്നെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group