
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതികരിക്കാതെ രമേശ് ചെന്നിത്തല. പുതുപ്പള്ളി തെരഞ്ഞെടുപ്പാണ് തന്റെ മുന്നിലുള്ള മുഖ്യ അജണ്ടയെന്നും മറ്റു വിഷയങ്ങളില്‍ പിന്നീട് പ്രതികരിക്കാമെന്നും ചെന്നിത്തല പറഞ്ഞു. ചാണ്ടി ഉമ്മന് ചരിത്ര വിജയം സമ്മാനിക്കുക എന്നതാണ് ലക്ഷ്യം. മറ്റൊരു വിഷയവും തന്റെ മുമ്പില്‍ ഇല്ല. മറ്റ് കാര്യങ്ങള്‍ ഈ മാസം ആറു കഴിഞ്ഞ് പറയാം എന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അംഗമാക്കത്തതില്‍ രമേശ് ചെന്നിത്തല അതൃപ്തനാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതേസമയം, പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ തനിക്ക് പരാതിയില്ലെന്ന വി ഡി സതീശന്റെ പരാമര്‍ശത്തോടും പ്രതികരിക്കാന്‍ ചെന്നിത്തല തയ്യാറായില്ല. ഇന്നലെയാണ് കോണ്‍ഗ്രസിലെ ഏറ്റവും ഉയര്‍ന്ന സംഘടനാവേദിയായ പ്രവര്‍ത്തകസമിതിയിലേക്കുള്ള അംഗങ്ങളുടെ പട്ടിക പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശശി തരൂരിനെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ചെന്നിത്തലയെ പ്രത്യേക ക്ഷണിതാവാക്കുകയാണ് ചെയ്തത്. 39 അംഗ സമിതിയില്‍ കേരളത്തില്‍ നിന്ന് എ കെ ആന്റണി, കെ സി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവര്‍ ഉള്‍പ്പെട്ടു.32 അംഗ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലാണ് രമേശ് ചെന്നിത്തലയെ ഉള്‍പ്പെടുത്തിയത്.
പ്രവര്‍ത്തക സമിതിയില്‍ നിന്ന് ക്ഷണിതാവായി തരംതാഴ്ത്തിയതാണ് രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. ശശി തരൂരിനെ പ്രവര്‍ത്തകസമിതിയംഗമായി ഉയര്‍ത്തിയത് ചെന്നിത്തലയ്ക്ക് ഇരട്ടപ്രഹരമായി. ഇതു സംബന്ധിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
പുതുപ്പള്ളിയില്‍ കഴിഞ്ഞ ഏഴ് ദിവസമായി താൻ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലാണ്. ഉമ്മൻചാണ്ടിയുടെ മകനാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും താൻ മുൻപില്‍ തന്നെ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
‘പുതുപ്പള്ളിയിലെങ്ങും ഉമ്മൻ ചാണ്ടിയുടെ ഓര്‍മ്മകളാണ്, ഒരു പുരുഷായുസ്സിന്റെ സിംഹഭാഗമായ 53 വര്‍ഷക്കാലം തന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണില്‍ മകൻ ചാണ്ടി ഉമ്മൻ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്ബോള്‍ അനശ്വരനായ ഉമ്മൻ ചാണ്ടിയാണ് തെരഞ്ഞെടുപ്പിനെ നയിക്കുന്നത്. ഉമ്മൻ ചാണ്ടിയും ഞാനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാരംഭിക്കുന്നത് ഞാൻ കോട്ടയം പാര്‍ലമെന്റില്‍ മത്സരത്തിനെത്തിയതോടെയാണ് 4 തവണ മത്സരിച്ച ഞാൻ വിജയിച്ചതിന്റെ പിന്നിലെ കരുത്തായിരുന്നു ഉമ്മൻ ചാണ്ടി.
ആ ഉമ്മൻ ചാണ്ടിയുടെ മകൻ യു ഡി എഫിനായി കളത്തിലിറങ്ങുബോള്‍ ഒപ്പം നിന്ന് വിജയകുതിപ്പിനുള്ള വേഗം കൂട്ടുക എന്നതാണ് എന്റെ ഉത്തരവാദിത്തം. നാടിന്റെ പ്രയാസങ്ങളില്‍ കാവല്‍ ഭടനായി നിന്ന രാഷ്ട്രീയ അതികായന്റെ തട്ടകം ചാണ്ടി ഉമ്മനെ അവരുടെ ജനപ്രതിനിധിയായി മനസ്സാ വരിച്ചു കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണം കൂടി ചര്‍ച്ചചെയ്യപ്പെടുന്ന പുതുപ്പള്ളിയില്‍ വീടുകളും കടകളും കവലകളും കയറി സഹപ്രവര്‍ത്തകരോടൊപ്പം ചാണ്ടി ഉമ്മനുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കുമ്പോള്‍ തിരിച്ചുള്ള വോട്ടര്‍മാരുടെ പ്രതികരണത്തിലും ഉമ്മൻ ചാണ്ടി തന്നെ സംസ്ഥാനത്തെ വികസന മുരടിപ്പിലേക്ക് നയിക്കുന്നവരാണോ പുതുപള്ളിയില്‍ വികസനം ചര്‍ച്ച ചെയ്യാനൊരുങ്ങുന്നത് എന്ന ചോദ്യത്തിനുത്തരമായിരിക്കും പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പു ഫലം’, ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എ ഐ സി സി പ്രവര്‍ത്തകസമിതി പുനഃസംഘടിപ്പിച്ചത്. ശശി തരൂരിനെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാക്കുകയാണ് ചെയ്തത്. ഇതില്‍ കടുത്ത അതൃപ്തിയായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചത്. പ്രവര്‍ത്തക സമിതിയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിരുന്നില്ലെന്നായിരുന്നു ചെന്നിത്തല തുറന്നടിച്ചത്.