ഷാഫി പറമ്പിലിനെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകുന്നതിൽ കോൺഗ്രസ് പ്രതിഷേധം

Spread the love

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡാണെന്ന് വടകര എംപി ഷാഫി പറമ്പിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയിട്ടും നടപടി വൈകുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം.

ഡിജിപിക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽനിന്നും തെളിവുകളോടെ പരാതി നൽകിയിട്ടും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ പറഞ്ഞു. സർവീസിൽനിന്ന് പുറത്താക്കിയ ശേഷം രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണ് തന്നെ മർദ്ദിച്ചതെന്ന് വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ കാണിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ ഷാഫി പറഞ്ഞു.

” പിരിച്ചുവിട്ട ശേഷം രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥൻ കൃത്യമായി എം പിയെ ലക്ഷ്യമിട്ട് മർദ്ദിച്ച ദൃശ്യങ്ങളുണ്ട്. ഇതിൽ നടപടിയുണ്ടാകുന്നതു വരെ തുടർപ്രക്ഷോഭങ്ങളുമായി കോൺഗ്രസ് മുന്നോട്ടുപോകും. പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകൾക്ക് മുന്നിൽ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുള്ള സമരം കോൺഗ്രസിന്റെ രീതിയല്ലന്നും, തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ അതല്ലാതെ മറ്റു മാർഗമില്ലന്നും’’ പ്രവീൺകുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംപി കാണിച്ച ചിത്രത്തിലുള്ളത് താൻ ആണെങ്കിലും എംപിക്ക് മർദനം ഏൽക്കുമ്പോൾ അവിടെ ഉണ്ടായിരുന്നില്ലെന്നുമുള്ള വാദമാണ് അഭിലാഷ് ഡേവിഡ് ഉയർത്തിയത്. മർദനമേറ്റ സംഭവങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പാർലമെന്റിന്റെ പ്രിവിലജ് കമ്മിറ്റിക്ക് ഷാഫി പറമ്പിൽ എംപി പരാതി നൽകിയത്. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

പോലീസ് മേധാവിക്ക് പരാതി കൊടുത്തത് താൻ അറിഞ്ഞിട്ടില്ലെന്നും മധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും, അന്വേഷണം വന്നാൽ കൃത്യമായ മറുപടി കൊടുക്കുമെന്നും അഭിലാഷ് ഡേവിഡ് പറഞ്ഞു.

റെയിൽവേ ഇൻസ്പെക്ടർ ആയിരിക്കെ 2022 ൽ തിരുവനന്തപുരം പേട്ടയിൽ ഗുണ്ടാ ആക്രമണത്തിൽ അഭിലാഷിനും മൂന്നു ഡിവൈഎസ്പിമാർക്കുമെതിരെ ഗുണ്ടാബന്ധം സംബന്ധിച്ച ആരോപണം ഉയർന്നിരുന്നു. ശ്രീകാര്യം സ്റ്റേഷൻ ഹൗസ് ഓഫിസറായി പ്രവർത്തിച്ചുവരുമ്പോൾ ലൈംഗിക പീഡനം സംബന്ധിച്ച ഇരയുടെ പരാതിയിൽ കേസെടുക്കാൻ അഭിലാഷ് വീഴ്ച വരുത്തിയെന്ന ആരോപണവും പിന്നാലെയുണ്ടായി. ഈ രണ്ടു പരാതിയിലും 22 മാസം സസ്പെൻഷൻ നേരിട്ട ശേഷം സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ അഭിലാഷ് സമീപിച്ചു. അദ്ദേഹത്തിന്റെ മാതാവ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനം കൂടി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് പിന്നീട് നടപടിയിൽ ഇളവു വരുത്തിയത്. 2 ഇൻക്രിമെന്റ് ഒന്നായി കുറച്ച ശേഷം തിരുവനന്തപുരത്തിന് പുറത്തു നിയമിക്കണമെന്ന വ്യവസ്ഥയോടെയായിരുന്നു 2024 നവംബർ 27 ന് അഭിലാഷിനെ സർവീസിൽ തിരിച്ചെടുത്തത്.

പൊലീസ് അതിക്രമത്തിനു നേതൃത്വം നൽകിയ വടകര ഡിവൈഎസ്‌പി ആർ. ഹരിപ്രസാദിനെ സസ്പെ‌ൻഡ് ചെയ്യണമെന്നും ഷാഫി പറമ്പിൽ എംപിയുടെ മുഖത്ത് ലാത്തികൊണ്ട് അടിച്ച ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിനെ സർവീസിൽ നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തുന്നതെന്നും പ്രസിഡൻ്റ് ആർ.ഷഹിൻ പറഞ്ഞു. വടകര ഡിവൈഎസ്‌പി ആർ. ഹരിപ്രസാദിന്റെ നടുവണ്ണൂരിലെ വീട്ടിലേക്ക് ഈ മാസം 30 ന് രാവിലെ 10.30 ന് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുമെന്ന് ആർ.ഷഹിൻ അറിയിച്ചു.