കോൺഗ്രസ്സിന്റെ എസ് പി ഓഫീസിലേക്കുള്ള ലോങ്ങ് മാർച്ചിനിടെ സംഘർഷം: പോലീസും പ്രവർത്തകരും തമ്മിൽ കെ.കെ റോഡിൽ പല തവണ ഏറ്റുമുട്ടി: കെ കെ റോഡിൽ വൻ ഗതാഗത കുരുക്ക്; മാധ്യമ പ്രവർത്തകർക്കും പോലീസുകാർക്കും പരിക്ക്

കോൺഗ്രസ്സിന്റെ എസ് പി ഓഫീസിലേക്കുള്ള ലോങ്ങ് മാർച്ചിനിടെ സംഘർഷം: പോലീസും പ്രവർത്തകരും തമ്മിൽ കെ.കെ റോഡിൽ പല തവണ ഏറ്റുമുട്ടി: കെ കെ റോഡിൽ വൻ ഗതാഗത കുരുക്ക്; മാധ്യമ പ്രവർത്തകർക്കും പോലീസുകാർക്കും പരിക്ക്


സ്വന്തം ലേഖകൻ

കോട്ടയം: പാത്താമുട്ടം കൂമ്പാടി ആംഗ്ലിക്കൻ പള്ളിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് കോൺഗ്രസ്സ് നടത്തിയ ലോങ്ങ് മാർച്ചിൽ സംഘർഷം. എസ്പി ഓഫീസിനു മുന്നിൽ എത്തുംമുമ്പ് കെ കെ റോഡിൽ ബാരിക്കേഡ് ഉയർത്തി പോലീസ് മാർച്ച് തടഞ്ഞിരുന്നു. ഇതേതുടർന്ന് പ്രതിഷേധക്കാർക്കിടയിലൂടെ പോലീസ് വാഹനങ്ങൾ കടത്തി വിടാൻ ശ്രമിച്ചതാണ് ആദ്യം സംഘർഷത്തിനിടയാക്കിയത്. ഇതിനുശേഷം പിരിഞ്ഞു പോയ പ്രവർത്തകരിലൊരാൾ ഡിവൈഎസ്പിയെ അസഭ്യം പറഞ്ഞതിനെ ചൊല്ലി വീണ്ടും കെ കെ റോഡിൽ സംഘർഷമുണ്ടായി. സംഘർഷത്തിൽ പത്തോളം കോൺഗ്രസ്സ് പ്രവർത്തകർക്കും ഒരു പോലീസുാരനും മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ 9.30യോടെ പരുത്തുംപാറ ജംഗ്ഷനിൽ നിന്നാണ് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ച് ആരംഭിച്ചത്. കൊല്ലാട് കഞ്ഞിക്കുഴി വഴി കെ കെ റോഡിൽ ഈസ്റ്റ് പോലീസ് സ്‌റ്റേഷനു മുന്നിലെത്തിയ പ്രകടനം പോലീസ് തടഞ്ഞു. തുടർന്ന് പോലീസ് ഉയർത്തിയ ബാരിക്കേഡിന്റെ ഒരു വശത്തുകൂടി വാഹനങ്ങൾ കടത്തിവിടാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വാക്കേറ്റവും ഉന്തും തള്ളും രൂക്ഷമായതോടെ പോലീസ് രണ്ട് റൗണ്ട് ലാത്തി വീശി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ളവരും മുൻ നിരയിൽ നിൽക്കെയാണ് പോലീസ് പ്രതിഷേധക്കാർക്കു നേരെ ലാത്തി വീശിയത്. 12 ഓളം പ്രവർത്തകർക്ക് ലാത്തിയടിയിൽ പരിക്കേറ്റു. തുടർന്ന് അര മണിക്കൂറോളം പ്രദേശത്ത് വൻ സംഘർഷാവസ്ഥയായിരുന്നു. മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്. തുടർന്ന് നടന്ന യോഗം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജോസഫ് വാഴയ്ക്കൽ, വിവിധ കോൺഗ്രസ് നേതാക്കൾ എന്നിവർ പ്രസംഗിച്ചു. യോഗത്തിനു ശേഷം പിരിഞ്ഞു പോകുന്നതിനിടെ പ്രവർത്തകരിലൊരാൾ ഡിവൈഎസ്പിയെ അസഭ്യം പറഞ്ഞു. ഇതിനെ ഡിവൈഎസ്പി ചോദ്യം ചെയ്തതോടെ പ്രവർത്തകരും പോലീസുമായി വീണ്ടും വാക്കേറ്റമായി. ഡിവൈഎസ്പിയെ അസഭ്യം പറഞ്ഞ പ്രവർത്തകരെ ജോസഫ് വാഴക്കന്റെ കാർ തടഞ്ഞു നിർത്തിയാണ് പോലീസ് പിടികൂടാൻ ശ്രമിച്ചത്. ഇതും തർക്കത്തിനും ഉന്തും തള്ളിനുമിടയായി. ഇതിനെ ചോദ്യം ചെയ്ത് 12 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ എടുത്തവരെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഈസറ്റ് പോലീസ് സ്‌റ്റേഷനു മുന്നിൽ തമ്പടിച്ചത് വീണ്ടും സംഘർഷത്തിനിടയാക്കി. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group