
കണ്ണൂർ: അനധികൃത പണമിടപാട് കേസിൽ കോൺഗ്രസ് നേതാവ് കല്ലിക്കോടൻ രാഗേഷ് അറസ്റ്റിൽ. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയായ രാഗേഷിനെ തമിഴ്നാട് പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് പിടികൂടിയത്.
രാഗേഷ് പ്രസിഡന്റായ സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം എത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. രണ്ട് തവണയായി 2.22 കോടി രൂപ അക്കൗണ്ടിലേക്ക് എത്തിയതിൽ ദുരൂഹത കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചത് സൈബർ തട്ടിപ്പ് സംഘമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. തദ്ദേശ തെരഞ്ഞെടുപ്പ് ചെലവുകൾക്കായി ഈ പണം ഉപയോഗിക്കാൻ ശ്രമിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ ബാങ്കിൽ എത്തി അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിന് പിന്നാലെ കല്ലിക്കോടൻ രാഗേഷിനെയും ബാങ്ക് സെക്രട്ടറി ജിതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഇവരെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.
ഇതിന് മുമ്പ് ‘ഓപ്പറേഷൻ ഡി-ഹണ്ട്’ നടപടിയുടെ ഭാഗമായി ഈ ബാങ്കിൽ കേരള പൊലീസ് അന്വേഷണം നടത്തിയിരുന്നു. കെ സുധാകരന്റെ അടുത്ത അനുയായിയാണ് കല്ലിക്കോടൻ രാഗേഷ്. നേരത്തെ മണൽ കടത്ത് കേസിൽ അറസ്റ്റിലായിരുന്ന രാഗേഷിനെ കെ സുധാകരൻ ജയിലിലെത്തി സന്ദർശിച്ചതും വിവാദമായിരുന്നു.



