പുഴയിൽ കുളിക്കുകയായിരുന്ന യുവതികളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി: ചോദ്യം ചെയ്ത പിതാവിന്റെ പല്ല് അടിച്ചു കൊഴിച്ചു; അഞ്ചു പ്രതികൾ ഒടുവിൽ പൊലീസ് പിടിയിൽ
തേർഡ് ഐ ബ്യൂറോ
മാനന്തവാടി: കേരളത്തിൽ പെൺകുട്ടികൾക്കു നേരെയുള്ള ക്രൂരത ഓരോ ദിവസവും എന്ന പോലെ വർദ്ധിക്കുകയാണ്. കുളിക്കടവിലേയ്ക്കു പോയ പെൺകുട്ടികളെ ശല്യം ചെയ്യുകയും, ചിത്രങ്ങൾ പകർത്തുകയും ചെയ്ത കേസിൽ, ശല്യക്കാരായ യുവാക്കളെ ചോദ്യം ചെയ്ത അച്ഛന്റെ പല്ല് അടിച്ചു കൊഴിച്ച കേസിൽ അഞ്ചു പ്രതികൾ പൊലീസ് പിടിയിലായി. എള്ളുമന്ദം സ്വദേശികളായ വേങ്ങാരം കുന്ന് പുത്തലത്ത് നിനോജ്(40), മൂലപ്പീടിക പാലക്കാളിൽ അനൂപ് (33) ,മൂലപ്പീടിക ചേനാത്തൂട്ട് അനീഷ് (38), മൂലപ്പീടിക ചേനാത്തൂട്ട് ബിനീഷ് (41), വേങ്ങാരം കുന്ന് പള്ളിക്കൽ അജീഷ് (40) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.
വയനാട് മാനന്തവാടിക്കടുത്ത് മുതിരേരിയിൽ ആണ് അഞ്ചംഗ സംഘം പുഴയിൽ കുളിക്കുകയായിരുന്ന യുവതികളെ അപമാനിക്കുകയും ഇത് ചോദ്യം ചെയ്ത യുവതികളിൽ ഒരാളുടെ പിതാവിനെ കയ്യേറ്റം ചെയ്യുകയും ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ വെള്ളമുണ്ട സ്റ്റേഷനിലാണ് പ്രതികൾ കീഴടങ്ങിയത്.
വെള്ളമുണ്ട സി.ഐ. എം.എ. സന്തോഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ വീട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചു. പോലീസ് ഇവരെ നിരീക്ഷിക്കും.14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഇവർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണം. നിരീക്ഷണം പൂർത്തിയാക്കിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
മെയ് എട്ടിന് മുതിരേരിയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാർഥിനികളായ രണ്ട് യുവതികൾ വൈകുന്നേരം അഞ്ചരയോടെ പുഴക്കടവിൽ കുളിക്കാനെത്തി. അതേ സമയം പുഴയുടെ അക്കരെ കൂട്ടം കൂടിയിരുന്ന ഒരു സംഘം യുവതികളെ അസഭ്യം പറയുകയും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചുവെന്നുമാണ് പരാതി. ഇത് യുവതികൾ ചോദ്യം ചെയ്തതോടെ ബഹളമായി. കൂട്ടത്തിലൊരാൾ യുവതികളെ അശ്ലീലം പറഞ്ഞു. മറ്റൊരാൾ സംഭവം പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാർ പറയുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തി ചോദ്യം ചെയ്ത യുവതികളിലൊരാളുടെ പിതാവിനെ സംഘം മർദിക്കുകയും ചെയ്തു. മർദനത്തിൽ ഇദ്ദേഹത്തിന്റെ ഒരു പല്ല് പൊഴിഞ്ഞു. പിറ്റേ ദിവസം മാനന്തവാടി പൊലീസിൽ പരാതി നൽകി. എന്നാൽ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് പ്രതിഷേധം ശക്തമായി. തുടർന്ന് യുവതികൾ വനിതാ കമ്മിഷനെ സമീപിക്കുകയും വനിതാ കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും ചെയ്തു. യുവതികളെ അപമാനിച്ചതിനും, പിതാവിനെ മർദ്ദിച്ചതിനുമാണ് പ്രതികൾക്ക് നേരെ കേസ്സെടുത്തത്. പ്രതികൾക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് അഞ്ചു പേരും തിങ്കളാഴ്ച രാത്രി കീഴടങ്ങിയത്.