play-sharp-fill
കണ്ണൂരിലെ ബോംബിന്റെ പൈതൃകം കോണ്‍ഗ്രസിനെന്ന് മുഖ്യമന്ത്രി

കണ്ണൂരിലെ ബോംബിന്റെ പൈതൃകം കോണ്‍ഗ്രസിനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ ബോംബിന്‍റെ പൈതൃകം കോൺഗ്രസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പന്തക്കപ്പാറയിലെ കൊളങ്ങരത്ത് രാഘവൻ എന്ന ബീഡിത്തൊഴിലാളിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കോൺഗ്രസ്‌ നേതാക്കളാണ് ബോംബാക്രമണത്തിന് തുടക്കമിട്ടതെന്നും അദ്ദേഹം ആരോപിച്ചു. സിപിഐ(എം) കേരളത്തിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കണ്ണൂർ ഡിസിസി ഓഫീസിൽ മൂന്ന് തരം ബോംബ് നിർമ്മാണം മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രദർശിപ്പിക്കുകയും ശക്തി വിശദീകരിക്കുകയും ചെയ്തു. ഇത് ആരാണെന്ന് എല്ലാവർക്കും അറിയാം. കണ്ണൂരിൽ ആർഎസ്എസ്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകളാണ് കൂടുതൽ ആക്രമണങ്ങളും നടത്തുന്നത്. അവരെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ കോൺഗ്രസിന് കഴിയുന്നില്ല. നിരവധി ഇടത് പ്രവർത്തകർ കൊല്ലപ്പെട്ടു. ഓഫീസുകൾ ആക്രമിക്കപ്പെട്ടു. സി.പി.ഐ(എം) പതാക പരസ്യമായി കത്തിച്ചു. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. 2020 മുതൽ ഒൻപത് സിപിഐ(എം) പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. യു.ഡി.എഫ് അഞ്ച് കൊലപാതകങ്ങൾ നടത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. കോൺഗ്രസ്‌ നേതാക്കൾ ഒരിക്കലെങ്കിലും അതിനെ അപലപിക്കുകയോ അത് തെറ്റാണെന്ന് പറയുകയോ ചെയ്തില്ല. അവർ കൊലയാളികളെ സംരക്ഷിക്കുകയായിരുന്നു. ആർഎസ്എസ് നാല് കൊലപാതകങ്ങൾ നടത്തിയപ്പോൾ അത് മിണ്ടിയില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 1,760 കൊലപാതകങ്ങളാണ് നടന്നത്. ഇതിൽ 35 എണ്ണം രാഷ്ട്രീയ കൊലപാതകങ്ങളായിരുന്നു. ഗ്രൂപ്പ് യുദ്ധത്തിന്‍റെ ഭാഗമായി കോൺഗ്രസ്‌ തന്നെ കോൺഗ്രസുകാരെ കൊലപ്പെടുത്തിയ മൂന്ന് കേസുകളും ഇതിൽ ഉൾപ്പെടുന്നു. നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ്‌ ഓഫീസിലെ ജീവനക്കാരിയായ രാധയാണ് കോൺഗ്രസ്‌ ഓഫീസിൽ വച്ച് കൊല്ലപ്പെട്ടത്.പത്ര കുറിപ്പിൽ പറയുന്നു.