ഫലം കാണാതെ ജാതിസെന്‍സസ്!; തമ്മിലടിയില്‍ തകര്‍ന്നത് കോണ്‍ഗ്രസിന്റെ ‘ ഇന്ത്യ’ പ്രതീക്ഷകള്‍.

Spread the love

സ്വന്തം ലേഖിക

2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധിക്കാൻ ഇന്ത്യ മുന്നണി മുന്നോട്ട് വെച്ച സുപ്രധാന പ്രചാരണായുധമായിരുന്നു ജാതി സെൻസസ്.ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് വേണമെന്നും അതനുസരിച്ച്‌ സംവരണം സാധ്യമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടതും ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്. പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുൻപായി നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭ തിരഞ്ഞെടുപ്പുകളിലും ഇതേ ആയുധം തന്നെയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. എന്നാല്‍ കോണ്‍ഗ്രസിലെ തമ്മിലടിയെ മറികടക്കാൻ ജാതി സെൻസസിനായില്ല എന്ന് വേണം കരുതാൻ.നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ സൂചനകള്‍ പുറത്ത് വരുമ്ബോള്‍ മൂന്ന് സംസ്ഥാനങ്ങളിലെ ഫലവും ബിജെപിക്കൊപ്പമാണ്. തെലങ്കാനയില്‍ മാത്രമാണ് നിലവില്‍ കോണ്‍ഗ്രസ് മുന്നേറ്റം കാണാവുന്നത്. തെലങ്കാനയില്‍ ബി ആര്‍ എസിനെ പിന്നിലാക്കിയാണ് കോണ്‍ഗ്രസ് വൻ മുന്നേറ്റം കൊയ്യുന്നത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ ഉടൻ ജാതി സെൻസസ് നടത്തുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം. രാജ്യത്തെ ഒബിസിക്കാര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും അവരുടെ അവകാശങ്ങള്‍ കൃത്യമായി നല്‍കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു.രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങളെ കൃത്യമായി സ്വാധീനിക്കുമെന്നും തങ്ങള്‍ക്ക് അനുകൂലമാകുമെന്നും ആയിരുന്നു കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. സമീപ കാലത്ത് സംസ്ഥാനത്തെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ കോണ്‍ഗ്രസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. നേതൃത്വത്തിന്റെ ഇടപെടലോടെയാണ് ഒടുവില്‍ ഈ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടത്.ഇരു നേതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് ക്യാമ്ബില്‍ സംശയം ജനിപ്പിച്ചിരുന്നെങ്കിലും പിന്നീട് സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളെ വെച്ച്‌ ഇതിനെ മറികടക്കാം എന്ന ആത്മവിശ്വാസം കൈവന്നു. ഛത്തിസ്ഗഢില്‍ നേരത്തെ ബിജെപിക്കെതിരെ നിലനിന്നിരുന്ന ഭരണ വിരുദ്ധ വികാരം മുതലെടുത്താണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയിരുന്നത്. ഇത്തവണ കര്‍ഷക ക്ഷേമ പദ്ധതികളെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി വിജയം ലക്ഷ്യം വെക്കുകയായിരുന്നു കോണ്‍ഗ്രസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group