
‘മോദിയുടെ വാക്ക് കേട്ട് പോലീസുകാർ ഇടപെട്ടാൽ സ്വന്തം ഭാര്യയെയും മക്കളെയും കാണാൻ പറ്റില്ല’; പോലീസിനെതിരെ കൊലവിളി നടത്തിയ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് അറസ്റ്റിൽ
പാലക്കാട്: പൊലീസിനെതിരെ കൊലവിളി നടത്തിയ പാലക്കാട് കൂറ്റനാട് കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്തു. ചാലിശ്ശേരി പാലയ്ക്കല്‍ പീടികയില്‍ മുഹമ്മദ് അലി (45)യെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്കിൽ പൊലീസിനെ വെല്ലുവിളിച്ചും പ്രകോപനം സൃഷ്ടിച്ചും പോസ്റ്റിട്ടതിനാണ് നടപടി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് നടപടി.
തൃത്താലയിൽ രാഹുൽ വന്നാൽ ബിജെപിക്കാ൪ തടയുന്നത് ഒന്നു കാണാം, മോദിയുടെ വാക്കുകേട്ട് പൊലീസുകാ൪ ഇടപെട്ടാൽ സ്വന്തം ഭാര്യയെയും മക്കളെയും കാണാൻ പറ്റില്ലെന്നാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെയും കണ്ടാലറിയുന്ന 19 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കൊലവിളി പ്രസംഗം നടത്തിയെന്ന പരാതിയിൽ പാലക്കാട്ടെ ബിജെപി നേതാക്കൾക്കെതിരെയും കേസെടുത്തിരുന്നു.
ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവൻ, ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിന്‍റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടന്‍റെ കൊലവിളി പ്രസംഗം.
പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള നീക്കം വിവാദമാക്കിയ നടപടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെയാണ് വീണ്ടും ഭീഷണി മുഴക്കിയത്.