
കൊല്ലം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) വർഷങ്ങളായി ഒരു ‘മാഫിയാ സംഘത്തിന്റെ’ നിയന്ത്രണത്തിലാണെന്ന ഗുരുതര ആരോപണവുമായി അഭിഭാഷകനായ ഉളിയക്കോവില്‍ രാജേഷും സി.ഷാനവാസ് ബാബുവും രംഗത്ത്. കോണ്‍ഗ്രസില്‍ ഭാരവാഹികളെയും സ്ഥാനാർത്ഥികളെയും തീരുമാനിക്കുന്നത് പണം വാങ്ങിയാണെന്ന് ആരോപിച്ച ഇരുവരും പാർട്ടിയില്‍ നിന്ന് രാജിവെച്ചു.
കൊല്ലത്തെ കോണ്‍ഗ്രസില്‍ പ്രവർത്തിക്കുന്ന ഒരു പ്രത്യേക കോക്കസ്, ഡിവിഷൻ, പഞ്ചായത്ത്, വാർഡ് കമ്മിറ്റികള്‍ ചേരാതെ തന്നെ പണം വാങ്ങി പലയിടത്തും സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നുണ്ടെന്നാണ് ഇവരുടെ പ്രധാന ആരോപണം. കൂടാതെ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളെപ്പോലും പണം വാങ്ങി വീതംവെക്കുന്നുണ്ടെന്നും, ഇതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നും നേതാക്കള്‍ അവകാശപ്പെട്ടു.
അനീതി ചോദ്യം ചെയ്യുന്നവരെ നോട്ടീസോ വിശദീകരണമോ നല്‍കാതെ പുറത്താക്കുന്നുണ്ടെന്നും, മുൻ ഡിസിസി. അധ്യക്ഷ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നതെന്നും രാജിവെച്ച നേതാക്കള്‍ ആരോപിച്ചു. ബിന്ദു കൃഷ്ണ ഡിസിസി. പ്രസിഡന്റായിരുന്ന സമയത്ത്, ഡിസിസി. മന്ദിരം മോടിപിടിപ്പിക്കാനായി മുതലാളിമാരില്‍ നിന്ന് ലക്ഷങ്ങള്‍ പിരിച്ചെടുത്തെന്നും, എന്നാല്‍ ഇതിന്റെ വ്യക്തമായ വരവുചെലവ് കണക്കുകള്‍ ഡിസിസി. കമ്മിറ്റിയില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടില്ലെന്നും സി. ഷാനവാസ് ബാബു കുറ്റപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group



