
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും പുനഃസംഘടന ജൂണ്‍ ആദ്യവാരത്തോടെ നടപ്പാക്കും.
രാഷ്ട്രീയകാര്യസമിതി ഒഴികെ കെപിസിസി-ഡിസിസി തലത്തില്‍ അടിമുടി അഴിച്ചുപണി നടത്താനാണു തീരുമാനം.
കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും പട്ടിക തയാറാക്കി ഹൈക്കമാൻഡിന് സമർപ്പിക്കാനുള്ള നടപടി വേഗത്തിലാക്കാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്നലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള സംസ്ഥാനത്തെ മുതിർന്ന നേതാക്കള്‍ക്കു നിർദേശം നല്കി.
വിദേശത്തുള്ള പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഇന്നു മടങ്ങിയെത്തുന്നതോടെ പുനഃസംഘടനാ ചർച്ചകള്‍ സംസ്ഥാനത്തു വീണ്ടും സജീവമാകും. നിലവിലുള്ള കെപിസിസി ഭാരവാഹികളെ പൂർണമായി മാറ്റണമെന്ന അഭിപ്രായത്തിനു മുൻതൂക്കമുണ്ട്. എന്നാല്‍, പ്രവർത്തന മികവുള്ളവരെ സംഘടനാ സംവിധാനത്തില്‍ നിലനിർത്തി പുനഃസംഘടന വേണമെന്ന അഭിപ്രായവും ഒരുവിഭാഗം നേതാക്കള്‍ക്കുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തില്‍ കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ, പ്രവർത്തന മികവുള്ളവരെ നിലനിർത്തണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസിസി പ്രസിഡന്റുമാർ തുടങ്ങിവച്ച പ്രവൃത്തികള്‍ പൂർത്തീകരിക്കാൻ അവസരം നല്‍കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വച്ചിരുന്നു. പാർട്ടി പുനഃസംഘടന ഉണ്ടെന്നോ ഇല്ലെന്നോ വ്യക്തമാക്കണമെന്നും അവരെ ത്രിശങ്കുവില്‍ നിർത്തുന്ന സമീപനം പാടില്ലെന്നുമുള്ള അഭിപ്രായം കെ. മുരളീധരനും വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് പുനഃസംഘടനാ നടപടികള്‍ വേഗത്തിലാക്കാൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കള്‍ക്കു ദീപാദാസ് മുൻഷി ഇന്നലെ നിർദേശം നല്‍കിയത്.
ഡിസിസി പ്രസിഡന്റുമാരായി മികച്ച സംഘടനാ പ്രവൃത്തിപരിചയമുള്ളവരെ കൊണ്ടുവരാനാണ് ആലോചന. വനിതകള്‍ക്കും യുവാക്കള്‍ക്കും ഇടം നല്‍കുന്നതിനൊപ്പം സാമുദായിക സന്തുലനവും ഇക്കാര്യത്തില്‍ പ്രധാനമായി പരിഗണിക്കും. ഇപ്പോള്‍, കെപിസിസി ഭാരവാഹികളായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിലരെ ഏതാനും ജില്ലകളുടെ അധ്യക്ഷന്മാരാക്കുന്നതും പരിഗണനയിലുണ്ട്. പ്രവർത്തനമികവു പുലർത്താത്തവരെ പാർട്ടിയുടെ താഴേ ഘടകങ്ങളുടെ ചുമതലകളിലേക്കു വിടുന്നതും ചർച്ചകളിലുണ്ട്.
ഡിസിസി പ്രസിഡന്റുമാരെ മുഴുവനായി മാറ്റാൻ തീരുമാനിച്ചാല്‍, പ്രവർത്തനമികവുള്ളവരായി കണ്ടെത്തിയവർ കെപിസിസി ഭാരവാഹികളാകും. ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടനയ്ക്കു പിന്നാലെ ഡിസിസി ഭാരവാഹികളിലും മാറ്റം വരും.
സംസ്ഥാനത്തു നേതാക്കള്‍ കൂട്ടായി നടത്തുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാകും പട്ടികയില്‍ അന്തിമ തീരുമാനമെടുക്കുക. ചർച്ചകളുടെ അടിസ്ഥാനത്തില്‍ ഇവിടെ തയാറാക്കുന്ന പേരുകള്‍ അടങ്ങിയ പട്ടിക ഹൈക്കമാൻഡിനു സമർപ്പിക്കും. ഇതില്‍ ആവശ്യമായ മാറ്റം വരുത്തി ഹൈക്കമാൻഡാകും പ്രഖ്യാപനം നടത്തുക. ഈ മാസം അവസാനത്തോടെയോ ജൂണ്‍ ആദ്യമോ പ്രഖ്യാപനം ഉണ്ടാകുമെന്നാണു കരുതുന്നത്.
കെപിസിസി പുനഃസംഘടന ഇപ്പോഴില്ലെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വന്ന വാർത്തകള്‍ തള്ളി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇന്നലെ രംഗത്തെത്തിയിരുന്നു.