
തിരുവനന്തപുരം: ഗ്രൂപ്പുകള്‍ തന്നെയാണ് കോണ്‍ഗ്രസ്സില്‍ കാര്യങ്ങള്‍ ഇപ്പോഴും തീരുമാനിക്കുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് കൊച്ചിയിലെ മേയർ തിരഞ്ഞെടുപ്പ്.
കെ.പി.സി.സിയെ ഹൈക്കമാൻ്റില്‍ നിന്നും നിയന്ത്രിക്കുന്ന കെ.സി വേണുഗോപാലിൻ്റെ ഗ്രൂപ്പില്‍പ്പെട്ട ദീപ്തി മേരി വർഗ്ഗീസിനെയാണ് ഇവിടെ തഴഞ്ഞിരിക്കുന്നത്. ദീപ്തിയെ മേയറാക്കുക എന്ന ലക്ഷ്യം മുൻ നിർത്തി തന്നെയാണ് അവരെ മത്സരിപ്പിച്ചിരുന്നത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആയതിനാല്‍ ദീപ്തി ആകുമെന്ന് തന്നെയാണ് യു.ഡി.എഫിന് നഗരസഭയില്‍ ഭൂരിപക്ഷം കിട്ടിയപ്പോള്‍ ജനങ്ങളും മാധ്യമ പ്രവർത്തകരും ഉള്‍പ്പെടെ എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ആ കണക്ക് കൂട്ടലുകളാണ് ഇപ്പോള്‍ തെറ്റിയിരിക്കുന്നത്.
അതായത് വലിയ ഒരു ഇടവേളക്ക് ശേഷം കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുകള്‍ അവരുടെ കരുത്ത് കാട്ടിയ കാഴ്ചയാണ് ഇവിടെ നാം കണ്ടിരിക്കുന്നത്. സമുദായ താല്‍പര്യം മാത്രം നോക്കിയല്ല കൊച്ചി മേയറെ കോണ്‍ഗ്രസ്സ് നിശ്ചയിച്ചിരിക്കുന്നത്. കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടിട്ടും ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ ഗ്രൂപ്പുകളെ പ്രേരിപ്പിച്ചത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു തന്നെയാണ്. ഇത് കെ.സി വേണുഗോപാലിനു മാത്രമല്ല പ്രതിപക്ഷ നേതാവ് വി.ഡി സതീശനുകൂടി കിട്ടിയ പ്രഹരമാണ്.
കാരണം, കൊച്ചി കോർപ്പറേഷനിലെ തിരഞ്ഞെടുപ്പ് ചുമതല നിർവ്വഹിച്ചിരുന്നത് വി.ഡി സതീശനായിരുന്നു. സതീശൻ തന്നോട് നയിക്കാൻ ആവശ്യപ്പെട്ടിരുന്നതായി ദീപ്തിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഗ്രൂപ്പുകള്‍ പിടിമുറുക്കിയപ്പോള്‍ സ്വന്തം തട്ടകമായിട്ടു പോലും, പ്രതിപക്ഷ നേതാവ് പോലും നിസഹായവസ്ഥയിലായി പോയി എന്നതാണ് യാഥാർത്ഥ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണെങ്കില്‍ അവരുടെ മുഖ്യമന്ത്രി സ്വപ്നവും നടക്കാൻ പോകുന്നില്ല എന്നു തന്നെ വിലയിരുത്തേണ്ടതായി വരും. സംസ്ഥാന കോണ്‍ഗ്രസ്സിൻ്റെ അടിത്തട്ടില്‍ ഇപ്പോഴും ഗ്രൂപ്പുകള്‍ക്ക് തന്നെയാണ് മേധാവിത്വമുള്ളത്. ഉമ്മൻ ചാണ്ടി മരണപ്പെട്ടെങ്കിലും എ ഗ്രൂപ്പ് മരിച്ചിട്ടില്ല. അവർക്ക് തന്നെയാണ് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ളത്. ഐ ഗ്രൂപ്പിനെ പലതായി വിഡി സന്തീശനും കെ.സി വേണുഗോപാലും പിളർത്തിയിട്ടുണ്ടെങ്കിലും, ഐ ഗ്രൂപ്പിലെ പ്രബല വിഭാഗം ഇപ്പോഴും ചെന്നിത്തലയുടെ കൂടെ തന്നെയാണുള്ളത്.
ഗ്രൂപ്പുകളെ അപ്രസക്തമാക്കി പാർട്ടി പിടിച്ചെടുക്കാൻ ഇടപെട്ട കെ.സിക്കും സതീശനും ഒരു ഷോക്ക് ട്രീറ്റ്മെൻ്റ് കൊടുക്കാൻ ലഭിച്ച അവസരം എയും ഐയും ഒരുമിച്ച് ഉപയോഗപ്പെടുത്തിയതു കൊണ്ടാണ് ദീപ്തി തെറിച്ചിരിക്കുന്നത്. ഇതാകട്ടെ പ്രതിപക്ഷ നേതാവിൻ്റെയും സംഘടനാ ജനറല്‍ സെക്രട്ടറിയുടെയും ഒപ്പം നില്‍ക്കുന്നവർക്കുള്ള ഒരു താക്കീത് കൂടിയാണ്.
സതീശൻ്റെയും കെ സി വേണുഗോപാലിൻ്റെയും കൂടെ ഉള്ളവർ, ഇവർ മുഖ്യമന്ത്രിമാരാകും എന്ന് കണ്ട് ഒപ്പം കൂടിയവരാണ്. അതിനുള്ള സാധ്യത കുറയുകയും ഇവർ വിചാരിച്ചാല്‍ പോലും പാർട്ടിയില്‍ കാര്യങ്ങള്‍ നടക്കില്ലന്ന് ബോധ്യപ്പെടുകയും ചെയ്താല്‍, അവർക്കിടയിലും സ്വാഭാവികമായും ചോർച്ചകള്‍ സംഭവിക്കും.
പാർട്ടിയിലെ തൻ്റെ സ്വാധീനം ഉപയോഗിച്ച്, നിയമസഭാ സീറ്റുകള്‍ വേണ്ടപ്പെട്ടവർക്ക് നല്‍കുകയും, അതുവഴി എം.എല്‍.എമാരുടെ എണ്ണത്തില്‍ വർദ്ധനവ് ഉണ്ടാക്കാമെന്നുമുള്ള ഒരു ചിന്തയിലാണ് കെ.സി വേണുഗോപാല്‍ നിലവില്‍ മുന്നോട്ട് പോകുന്നത്. വി.ഡി സതീശനാകട്ടെ പ്രതിപക്ഷ നേതാവ് എന്ന പദവി ഉള്ളതിനാല്‍ , യു.ഡി.എഫിന് ഭരണം ലഭിച്ചാല്‍, ഹൈക്കമാൻ്റിന് തന്നെ മാറ്റി നിർത്താൻ കഴിയില്ലന്ന ഒറ്റ വിശ്വാസത്തിലാണ് മുഖ്യമന്ത്രി പദം സ്വപനം കാണുന്നത്.
എന്നാല്‍, ഇവരുടെ രണ്ടു പേരുടെയും ഈ ആഗ്രഹം നടക്കണമെങ്കില്‍ രമേശ് ചെന്നിത്തല എന്ന നേതാവും എ – ഐ ഗ്രൂപ്പുകളും അപ്രസക്തമാകണം. അതെന്തായാലും സംഭവിക്കില്ല എന്ന് കൊച്ചി മേയറെ തീരുമാനിച്ചതില്‍ തന്നെ വ്യക്തമായ സ്ഥിതിക്ക് ഇനിയാണ് കോണ്‍ഗ്രസ്സിലെ യഥാർത്ഥ പോര് നടക്കാൻ പോകുന്നത്.
ഇങ്ങനെ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ യു.ഡി.എഫിന് അധികാരം ലഭിച്ചാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാനുള്ള സാധ്യത തള്ളിക്കളയാനും സാധിക്കില്ല. പണ്ട് വൈരികളായിരുന്ന എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും ഇങ്ങനെ ഒറ്റക്കെട്ടായി നില്‍ക്കാമെങ്കില്‍ കോണ്‍ഗ്രസ്സില്‍ ഇനിപലതും സംഭവിക്കും. കൊച്ചി കോർപ്പറേഷനിലെ കൗണ്‍സിലർമാരുടെ എണ്ണത്തില്‍ ഐ ഗ്രൂപ്പിനേക്കാള്‍ കൂടുതല്‍ എ ഗ്രൂപ്പിന് ഉണ്ടായിട്ടു പോലും ആദ്യ ടേമില്‍ ഐ ഗ്രൂപ്പിലെ വി.കെ മിനിമോള്‍ മേയറാകട്ടെ എന്ന് എ ഗ്രൂപ്പ് തീരുമാനിച്ചു എങ്കില്‍ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകട്ടെ എന്ന് അവർ തീരുമാനിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
ഹൈക്കമാൻ്റിന് പോലും അത്തരം ഘട്ടത്തില്‍ പരിമിതികള്‍ ഉണ്ടാകും. പുറത്ത് കാണിക്കുന്ന ഈ പിന്തുണയൊന്നും, സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന് അകത്ത് കെ.സി വേണുഗോപാലിനുമില്ല. വി.ഡി സതീശനുമില്ല. അതു കൊണ്ടു തന്നെ, ഹൈക്കമാൻ്റിനും പരിമിതികള്‍ ഏറെയുണ്ടാകും. കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചത് പോലെ നിയമസഭാ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനും ഇനി ഹൈക്കമാൻ്റിന് കഴിയുകയില്ല. ഗ്രൂപ്പ് താല്‍പര്യങ്ങളും സാമുദായിക താല്‍പര്യങ്ങളും മുഖവിലക്കെടുക്കാതെ സ്ഥാനാർത്ഥികളെ എങ്ങാനും പ്രഖ്യാപിച്ചാല്‍, അവിടങ്ങളില്‍ ഒക്കെ ഗ്രൂപ്പുകളുടെ പിന്തുണയോടെ റിബലുകള്‍ മത്സരിക്കാനുള്ള സാധ്യതയും വർദ്ധിക്കും. ഇടതുപക്ഷത്തിന് മൂന്നാം ഊഴം ഉറപ്പിക്കുന്ന അത്തരം ഒരു വിഡ്ഢിത്തം കോണ്‍ഗ്രസ്സ് ഹൈക്കമാൻ്റ് എന്തായാലും ചെയ്യില്ല.
കേരളത്തില്‍ യു.ഡി.എഫ് ഭരണം പിടിച്ചില്ലങ്കില്‍ ആദ്യം തെറിക്കാൻ പോകുന്നത് കെ.സി വേണുഗോപാലിൻ്റെ സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനമാണ്. അതോടൊപ്പം തന്നെ, വി.ഡി സതീശൻ്റെ കോണ്‍ഗ്രസ്സിലെ ഭാവിയും തീരും. പിന്നെ അദ്ദേഹം പ്രഖ്യാപിച്ചതു പോലെ തന്നെ, രാഷ്ട്രീയ വനവാസത്തിനു തന്നെ പോകേണ്ടതായും വരും.
രമേശ് ചെന്നിത്തലയെ സംബന്ധിച്ചാണെങ്കില്‍, അദ്ദേഹത്തിന് നിലവില്‍ 69 വയസ്സായി, ഇത്തവണ യു.ഡി.എഫിന് ഭരണം ലഭിച്ചാല്‍, മുഖ്യമന്ത്രിയാകാനുള്ള അവസാനത്തെ അവസരമാണ് മുൻപില്‍ ഉള്ളത്. അതു കൊണ്ടു തന്നെ, അദ്ദേഹം പരമാവധി അതിനായി ശ്രമിക്കുകയും ചെയ്യും. എ ഗ്രൂപ്പുമായുള്ള കൂട്ട് കെട്ട് അതിൻ്റെ ഭാഗമാണ്. ഉമ്മൻ ചാണ്ടി മാത്രമാണ് മരണപ്പെട്ടത്. അതല്ലാതെ എ ഗ്രൂപ്പ് ഇല്ലാതായിട്ടില്ല എന്നത് ചെന്നിത്തലയ്ക്ക് കൃത്യമായി അറിയാം. എയും ഐയും ചെന്നിത്തലയ്ക്ക് വേണ്ടി ഒരുമിച്ച് ശബ്ദമുയർത്തിയാല്‍, മറിച്ചൊരു തിരുമാനമെടുക്കാൻ ഹൈക്കമാൻ്റിന് ബുദ്ധിമുട്ടാകും.
ആലപ്പുഴ എംപിയായ കെ.സി വേണുഗോപാല്‍ നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കില്‍, ചുരുങ്ങിയത് അരഡസൻ എം.പിമാരെയെങ്കിലും ഹൈക്കമാൻ്റിന് മത്സരിപ്പിക്കേണ്ടതായി വരും. അതില്‍, അടൂർ പ്രകാശും, ഹൈബി ഈഡനും, കെ സുധാകരനും, ബെന്നി ബെഹന്നാനും കൊടിക്കുന്നില്‍ സുരേഷും ഉള്‍പ്പെടെ വരും. കെ.സിക്ക് മത്സരിക്കാമെങ്കില്‍, ഞങ്ങള്‍ക്കും ആകാം എന്ന് അവർ പറഞ്ഞാല്‍ ഹൈക്കമാൻ്റ് വെട്ടിലായി പോകും. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഒരു നേതാവിനെയും പിണക്കാൻ രാഹുല്‍ ഗാന്ധിക്ക് കഴിയുകയുമില്ല.
ഈ പറഞ്ഞ എം.പി മാരെല്ലാം മത്സരിക്കുകയും വിജയിക്കുകയും ചെയ്താല്‍, പിന്നെ അധികാരത്തിന് വേണ്ടിയുള്ള അടിയുടെ പൊടിപൂരും തന്നെയാണ് നടക്കുക. അത് കോണ്‍ഗ്രസ്സിനെ ഒരു പിളർപ്പില്‍ കൊണ്ടു ചെന്നെത്തിച്ചാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല. മാത്രമല്ല, ഈ എം.പിമാർ രാജിവയ്ക്കുന്ന ലോകസഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍, അവിടെ വിജയിച്ചു കയറുന്നതും കോണ്‍ ഗേസ്സിനെ സംബന്ധിച്ച് ബുദ്ധിമുട്ടാകും. ഇടതുപക്ഷത്തിനും ബി.ജെ.പിക്കുമാണ് അത്തരമൊരു സാഹചര്യം ഗുണം ചെയ്യുക.



