ജനമഹായാത്ര ഫെബ്രുവരി 20 ന് ജില്ലയിൽ; സ്വീകരണത്തിനൊരുങ്ങി പതിനായിരങ്ങൾ: വൻ ആഘോഷമാക്കാനൊരുങ്ങി കോൺഗ്രസ് പ്രവർത്തകർ

ജനമഹായാത്ര ഫെബ്രുവരി 20 ന് ജില്ലയിൽ; സ്വീകരണത്തിനൊരുങ്ങി പതിനായിരങ്ങൾ: വൻ ആഘോഷമാക്കാനൊരുങ്ങി കോൺഗ്രസ് പ്രവർത്തകർ

സ്വന്തം ലേഖകൻ

കോട്ടയം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഫെബ്രുവരി 20നും 21 നും ജില്ലയിൽ പര്യടനം നടത്തും. യാത്രയുടെ പ്രചാരണ പരിപാടികൾ അവസാനിച്ചു. യാത്രയുടെ റൂട്ട് അടക്കമുള്ളവ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 20 ന് വൈകിട്ട് 3:30 ന് മേലുകാവ്, കാഞ്ഞിരം കവലയിൽ ജില്ലാ നേതാക്കൾ ചേർന്ന് ജനമഹായാത്രയെ ജില്ലയിലേയ്ക്ക് സ്വീകരിയ്ക്കും. ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് യാത്ര ജില്ലയിലേയ്ക്ക് പ്രവേശിക്കുന്നത്. വൈകിട്ട് 4:00 ന് ഈരാറ്റുപേട്ട പി.റ്റി.എം.എസ് സമീപത്തു നിന്നും ജാഥയെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രവർത്തകർ സ്വീകരിച്ച് സമ്മേളന വേദിയായ മഞ്ചാടി തുരുത്തിലേക്ക് ആനയിക്കും. തുടർന്ന് പതിനായിരങ്ങൾ യോഗത്തിൽ പങ്കെടുക്കും.
സ്വീകരണ യോഗത്തിന് ശേഷം തിടനാട്, പിണ്ണാക്കനാട് വഴി കാഞ്ഞിരപ്പള്ളിയിലെത്തും. വൈകിട്ട് അഞ്ചിന് കാഞ്ഞിരപ്പള്ളി കോവിൽ കടവിൽ നിന്നും കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പ്രവർത്തകർ യാത്രയെ സ്വീകരിച്ച് സമ്മേളന വേദിയായ പേട്ട കവലയിലേയ്ക്ക് ആനയിക്കും. തുടർന്ന് ചേരുന്ന സമ്മേളനത്തിൽ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതാക്കൾ പ്രസംഗിക്കും.
സ്വീകരണ യോഗത്തിന് ശേഷം പൊൻകുന്നം പി.പി.റോഡു വഴി യാത്ര പാലായിലേയ്ക്ക് പ്രവേശിക്കും. വൈകിട്ട് ആറിന് പാലാ കുരിശുപള്ളി കവലയിൽ നിന്നും പാലാ നിയോജക മണ്ഡലത്തിലെ പ്രവർത്തകർ സ്വീകരിച്ച് സമ്മേളന വേദിയായ ളാലം പാലം ജംഗ്ഷനിലേയ്ക്ക് ആനയിക്കും. തുടർന്ന് പൊതു സമ്മേളനം ചേരും. 21 ന് ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിൽ യാത്ര പര്യടനം നടത്തും.
ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും ജില്ലയിലെ സ്വീകരണ പരിപാടിയിൽ ജനലക്ഷങ്ങൾ പങ്കെടുക്കുമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.