play-sharp-fill
കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി സോണിയ ഗാന്ധി

കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി സോണിയ ഗാന്ധി

സ്വന്തംലേഖകൻ

ന്യൂഡൽഹി:പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കും സംഘടനയിലെ പ്രതിസന്ധികൾക്കുമിടയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്നു. പാർലമെന്ററി പാർട്ടി നേതാവായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗാണ് സോണിയയുടെ പേര് നിർദേശിച്ചത്. കോൺഗ്രസിൽ വിശ്വമർപ്പിച്ച 12.13 കോടി ജനങ്ങളോട് സോണിയ ഗാന്ധി നന്ദി പറഞ്ഞു. അതോടൊപ്പം വോട്ടർമാരുടെ വിശ്വാസം കാക്കണമെന്ന് എം.പിമാർക്ക് നിർദേശം നൽകുകയും ചെയ്തു.കൂടാതെ രാവെന്നോ പകലെന്നോ ഭേദമില്ലാതെ സമൂഹത്തിന് വേണ്ടി സംസാരിച്ചതിനും, മധ്യപ്രദേശിലെയും ചത്തീസ്ഗഡിലെയും രാജസ്ഥാനിലെയും വിജയത്തിനും രാഹുൽ ഗാന്ധിയോട് നന്ദി പറയുകയും ചെയ്തു. കോൺഗ്രസ് അദ്ധ്യക്ഷനായി രാഹുൽ ഗാന്ധി തുടരണമെന്ന് യോഗത്തിൽ എംപിമാർ ആവശ്യപ്പെട്ടു. ഇന്നത്തെ യോഗത്തിലെ പ്രധാന ലക്ഷ്യം പാർട്ടി അദ്ധ്യക്ഷയെ തിരഞ്ഞെടുക്കുയായിരുന്നു. രാജ്യസഭയിലെയും ലോക്‌സഭയിലെയും പാർട്ടി നേതാക്കളെ തിരഞ്ഞെടുക്കാൻ സോണിയയെ ചുമതലപ്പെടുത്തി.ലോക്‌സഭ കക്ഷി നേതാവായി ആരെ തിരഞ്ഞെടുക്കണമെന്ന് യോഗത്തിൽ ചർച്ചചെയ്തു.കഴിഞ്ഞ തവണ മല്ലികാർജ്ജുൻ ഖാർഗെയായിരുന്നു ലോക്‌സഭ കക്ഷി നേതാവ്.എന്നാൽ ഇത്തവണ അദ്ദേഹം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി ലോക്‌സഭ കക്ഷി നേതാവായി വരണമെന്നാണ് എം.പിമാരുടെ ആവശ്യം. രാജി തീരുമാനത്തിന് ശേഷമുള്ള നേതാക്കളുമായിട്ടുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ യോഗമായിരുന്നു ഇത്. ബി.ജെ.പിക്കെതിരെ പോരാടാൻ 52 എം.പിമാർ ധാരാളമാണെന്നും,ഭരണഘടന സംരക്ഷിക്കാൻ കൂടുതൽ ഉത്സാഹത്തിടെ മുന്നേറണമെന്നും രാഹുൽ ഗാന്ധി എം.പിമാരോട് പറഞ്ഞു.രാഹുൽ പ്രതിപക്ഷ നേതാവാകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് കെ മുരളീധരൻ എം.പി പറഞ്ഞു. രാഹുൽ ഗാന്ധി തന്നെ പാർട്ടിയെ നയിക്കണമെന്ന് നേതാക്കൾ ഒന്നടങ്കം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിൽ രാഹുലിന്റെ തീരുമാനത്തിൽ മാറ്റം വരുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്.