
എൻഡോസൾഫാൻ ദുരിത ബാധിതയുടെ ജപ്തി: ‘മുഴുവൻ ബാധ്യതയും ഏറ്റെടുക്കുന്നു, ഒരാഴ്ചയ്ക്കകം ആധാരം തിരികെ നൽകും’; ഇടപെട്ട് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്
കാസർകോട്: കാസർകോട് എൻഡോസൾഫാൻ ദുരിത ബാധിതയുടെ കുടുംബത്തിലെ ജപ്തി ഭീഷണിയിൽ ഇടപെട്ട് എംഎൽഎ എകെഎം അഷ്റഫ്. ബാളിയൂർ മീഞ്ച സ്വദേശി തീർഥയുടെ വീട്ടിലാണ് കേരള ഗ്രാമീൺ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചത്. കേരള ഗ്രാമീൺ ബാങ്കിന്റെ മിയാപദവ് ശാഖയിൽ നിന്നാണ് തീർഥ രണ്ടര ലക്ഷം രൂപ വായ്പ എടുത്തത്. എന്നാൽ ഫെബ്രുവരി 10 നകം 5 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നാണ് ബാങ്കിന്റെ ആവശ്യം.
സംഭവത്തിൽ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് തീർഥയുടെ വീട് സന്ദർശിച്ചു. പണം തിരിച്ചടയ്ക്കാനുളള നടപടികൾ ഉണ്ടാകുമെന്നും കുടുംബത്തിന് ഉടൻ തന്നെ ആധാരം തിരിച്ചുനൽകുമെന്നും അഷ്റഫ് എംഎൽഎ പറഞ്ഞു. ബാങ്കുമായി സംസാരിച്ച എംഎൽഎ കുടുംബത്തിന്റെ മുഴുവൻ ബാധ്യതയും ഏറ്റെടുക്കുന്നുവെന്നും തിരിച്ചടവ് നടപടികൾ ഒരാഴ്ച്ചയ്ക്കകം ഉണ്ടാകുമെന്നും തീർഥയുടെ കുടുംബത്തിന് ഉറപ്പ് നൽകി.
2014 ലാണ് വീട് നിർമ്മിക്കാൻ വേണ്ടി ആവശ്യവുമായി ബാങ്കിൽ നിന്ന് രണ്ടര ലക്ഷം രൂപ വായ്ത്തെടുത്തത്. 2019 വരെ തിരിച്ചടവ് മുടങ്ങിയിട്ടില്ലെന്ന് കുടുംബം പറഞ്ഞു. തുടർന്ന് കൊറോണ വന്നതിനാലാണ് തിരിച്ചടവ് മുടങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
