കടുത്തുരുത്തിയിൽ അർബുദം ബാധിച്ച്‌ മരിച്ചയാളുടെ വീട് ജപ്തി ചെയ്യാൻ നീക്കം: 5 ലക്ഷം രൂപ ഉടൻ തിരിച്ചടയ്ക്കണമെന്ന് ബാങ്ക്, പ്രതിഷേധത്തെ തുടര്‍ന്ന് ജപ്തി നടപടികൾ നിർത്തിവെച്ചു

Spread the love

 

കടുത്തുരുത്തി: അർബുദം ബാധിച്ച്‌ മരിച്ചയാളുടെ വീട് ജപ്തി ചെയ്യാൻ സ്വകാര്യ ധനകാര്യ സ്ഥാപനം. പ്രതിഷേധത്തെതുടർന്ന് ജപ്തി നടപടികള്‍ നിർത്തി  വെച്ചു.

 

ആയാംകുടി കപ്പേളക്കു സമീപം താമസിക്കുന്ന തുരുത്തേല്‍ ഓമനയുടെ വീട്ടിലാണ് മണപ്പുറം ബാങ്ക് അധികൃതർ എത്തിയത്. നാലുസെന്റ് സ്ഥലവും ചെറിയ വീടും പണയം വെച്ച്‌ ഓമനയുടെ ഭർത്താവ് കരുണാകരൻ മൂന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഒന്നര വർഷത്തോളം മുടക്കംകൂടാതെ ബാങ്കിന്റെ ഏജന്റ് മുഖേന പണം കൃത്യമായി നല്‍കിയിരുന്നു. അടച്ച തുകയ്ക്ക് യാതൊരു രസീതും നല്‍കിയിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു.

 

അതിനിടയില്‍ രോഗം വന്ന് കരുണാകരൻ മരിച്ചു. തുടർന്ന് അടവ് മുടങ്ങി. ഇപ്പോള്‍ മുതലും പലിശയും അടക്കം അഞ്ചു ലക്ഷം രൂപയോളം അടയ്ക്കണമെന്നാണ് ബാങ്കിന്‍റെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വിവരമറിഞ്ഞെത്തിയ നിർഭയ വെല്‍വെയർ അസോസിയേഷൻ പ്രവർത്തകർ ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവർ കേള്‍ക്കാൻ തയാറായില്ല എന്ന് പറയുന്നു. തുക നിർഭയ ഭാരവാഹികള്‍ ആറുമാസത്തിനകം നലകാമെന്ന് പറഞ്ഞെങ്കിലും ജപ്തി നടപടികളുമായി മുന്നോട്ട് പോവുമെന്നായിരുന്നു ബാങ്കിന്റെ നിലപാട്.

 

ഇതോടെ നിർഭയ ഭാരവാഹികള്‍ വീടിനു മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. തുടർന്ന് ബാങ്കുകാർ ജപ്തി നടപടികള്‍ നിർത്തി വെച്ച്‌ മടങ്ങുകയായിരുന്നു.