കോട്ടയം വിജിലൻസ് കോടതി ജഡ്ജിയുടെ ചേമ്പറിലെ സംസാരങ്ങൾ കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തു; സംശയം തോന്നി ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് മറ്റ് ജഡ്ജിമാരുടേതടക്കം 28 സംഭാഷണങ്ങൾ ; സംഭവത്തിൽ ഇടത് സംഘടനാ അംഗമായ കോട്ടയം വിജിലൻസ് കോടതി ജഡ്ജിയുടെ കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റൻ്റ് ഷേർളിക്ക് സസ്പെൻഷൻ

Spread the love

കോട്ടയം : ജോലിക്ക് ഹാജരാകാത്തതിന് വിശദീകരണം തേടി വിളിപ്പിച്ചപ്പോൾ വിജിലൻസ് ജഡ്ജിമാരുടെ ചേമ്പറിലെ സംഭാഷണങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോഡുചെയ്ത് സൂക്ഷിച്ചു.

സംഭവത്തിൽ കോട്ടയം വിജിലൻസ് ജഡ്ജിയുടെ കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റ് കെ.ആർ. ഷേർളിക്ക് സസ്പെൻഷൻ.

തിങ്കളാഴ്ചയാണ് സംഭവം, കുറ്റം സമ്മതിച്ച്‌ ജീവനക്കാരി കോടതിക്ക് മാപ്പ് അപേക്ഷ എഴുതിനല്‍കിയിട്ടുണ്ടെന്ന് കോടതി മാനേജർ പറഞ്ഞു. അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിന് വിശദീകരണം ആവശ്യപ്പെട്ട ജഡ്ജിക്ക് മുന്നിലെത്തിയ ജീവനക്കാരി, അദ്ദേഹവുമായി നടത്തിയ സംഭാഷണങ്ങള്‍ ഫോണില്‍ റെക്കോഡുചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ശ്രദ്ധയില്‍പ്പെട്ട ജഡ്ജി, കോട്ടയം ഡിവൈഎസ്പിയെ വിളിപ്പിച്ചു. മറ്റ് ജീവനക്കാരുടെയും സാന്നിധ്യത്തില്‍ ഫോണ്‍, ജീവനക്കാരിയെക്കൊണ്ടുതന്നെ അണ്‍ലോക്കു ചെയ്യിച്ചു.

സംഭാഷണങ്ങള്‍ ജീവനക്കാരി റെക്കോഡുചെയ്തുവെന്ന് കണ്ടെത്തി. വിശദപരിശോധനയില്‍ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജിയുടേതടക്കം 28 സംഭാഷണങ്ങള്‍ ജീവനക്കാരി ഫോണില്‍ സൂക്ഷിച്ചിരിക്കുന്നതായും മനസ്സിലായി. ഇടതു സംഘടനയായ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ അംഗമാണ് ഷേർളി.

ശനിയാഴ്ച രാവിലെയാണ് ഇതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ തുടങ്ങുന്നത്. രാവിലെ ജീവനക്കാരിയെ ജോലിക്ക് കാണാതെവന്നതോടെ, അവധി അറിയിച്ചിട്ടുണ്ടോയെന്ന് കോടതി തിരക്കി. ഇല്ലെന്ന് മാനേജർ അറിയിച്ചു. ശനിയാഴ്ച 10.10 വരെയും അവധിക്കാര്യം അറിയിച്ചിരുന്നില്ല. അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിക്ക്, ജീവനക്കാരി നാഗമ്ബടത്ത് അസോസിയേഷന്റെ കായികമേള നടക്കുന്നിടത്തുണ്ടെന്ന പോലീസ് റിപ്പോർട്ട് ലഭിച്ചു. ഇതോടെ, ജീവനക്കാരിയുടെ സർവീസ് ബുക്ക് ജഡ്ജി ചേമ്ബറിലേക്ക് ആവശ്യപ്പെട്ടു.

10.13-ന് ജീവനക്കാരി, ഇന്ന് അവധിയാണെന്ന് കോടതി മാനേജർക്ക് വാട്സ് ആപ്പില്‍ സന്ദേശമയച്ചു. അവധി അറിയിച്ചശേഷം 12.04-ഓടെ ജീവനക്കാരി ഓഫീസിലെത്തി. രണ്ട് മണിയോടെ കോടതിനടപടികള്‍ അവസാനിച്ചപ്പോള്‍ ജഡ്ജിയുടെ ചേമ്ബറിലേക്ക് ജീവനക്കാരി കയറിച്ചെന്നു. ഭക്ഷണസമയമാണെന്നും ഉച്ചയ്ക്കുശേഷം സംസാരിക്കാമെന്നും പറഞ്ഞ് ജഡ്ജി ജീവനക്കാരിയെ മടക്കിയയച്ചു. സർവീസ് ബുക്ക് പരിശോധിച്ചതോടെ തൃശ്ശൂരില്‍ ജോലിചെയ്തിരുന്ന കാലത്ത്, അനധികൃത സ്വത്ത് സമ്ബാദിച്ചതിന് ഇവരുടെ പേരില്‍ കേസുണ്ടായിരുന്നെന്നും നടപടികള്‍ നേരിട്ടിരുന്നുവെന്നും കോടതി കണ്ടെത്തി.

നാല് മണിയോടെ ജഡ്ജി വിളിപ്പിച്ചയുടൻ മൊബൈല്‍ ഫോണ്‍ ഓണാക്കിയാണ് ജീവനക്കാരി ചേമ്ബറിലെത്തിയത്. സംസാരിക്കുന്നതിനിടെ ജഡ്ജിയുടെ മേശപ്പുറത്ത് ഫോണ്‍ വെച്ച്‌ ജീവനക്കാരി സംഭാഷണങ്ങള്‍ റെക്കോഡുചെയ്യുകയായിരുന്നു. സംഭാഷണം അവസാനിച്ചശേഷം പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് ജീവനക്കാരിയുടെ കൈവശമിരുന്ന ഫോണ്‍ ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ചേമ്ബറില്‍ ഫോണ്‍ കൊണ്ടുവന്നതെന്തിനെന്ന ചോദ്യത്തില്‍ ജീവനക്കാരി പരുങ്ങുന്നതുകണ്ട് സംശയം തോന്നിയാണ് ഓഫീസിലെ മറ്റ് ജീവനക്കാരെ ചേമ്ബറിലേക്ക് വിളിച്ചുവരുത്തി ഫോണ്‍ പരിശോധിച്ചത്.

കോട്ടയത്ത് ജഡ്ജിയില്ലാതിരുന്നപ്പോള്‍ ചുമതലയിലുണ്ടായിരുന്ന മൂവാറ്റുപുഴ വിജിലൻസ് ജഡ്ജിയുടേതടക്കം (നിലവില്‍ കൊല്ലം ജില്ലാ ജഡ്ജി) സംഭാഷണങ്ങളാണ് റെക്കോഡുചെയ്തതായി കണ്ടെത്തിയത്.

ശബ്ദം തിരിച്ചറിയാൻ റെക്കോഡ് കൊല്ലത്തെ ജഡ്ജിക്ക് അയച്ചുകൊടുത്തു. ശബ്ദം തന്റേതെന്ന് തിരിച്ചറിഞ്ഞ ജഡ്ജി, ഇ-മെയിലിലൂടെ കോട്ടയം വിജിലൻസ് ജഡ്ജിക്ക് പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ഷേർളിയെ സർവീസില്‍നിന്ന് സസ്പെൻഡുചെയ്തത്. കോട്ടയം ജില്ല വിട്ടുപോകരുതെന്ന് ജീവനക്കാരിക്ക് കോടതി നിർദേശം നല്‍കിയിട്ടുമുണ്ട്..