
അവനവൻ കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോൾ ഗുലുമാലെന്ന് കേട്ടിട്ടേയുള്ളു! സിസി മുടങ്ങിയ വാഹനം ഉടമയിൽ നിന്നും ഫിനാൻസ് കമ്പനി പിടിച്ചെടുത്തു..! രജിസ്‌ട്രേഷന്‍ മാറ്റാതെ മറിച്ചുവിറ്റ ബൈക്കിടിച്ച് ഒരാൾ മരിച്ചു; ഫിനാന്‍സ് കമ്പനിയ്ക്ക് പത്ത് ലക്ഷം രൂപയും പലിശയും പിഴ വിധിച്ച് കോട്ടയം കൺസ്യൂമർ കോടതി
സ്വന്തം ലേഖകൻ
കോട്ടയം: സിസി മുടങ്ങിയതിനേ തുടർന്ന് ഉടമയിൽ നിന്നും പിടിച്ചെടുത്ത ശേഷം റജിസ്‌ട്രേഷന്‍ മാറ്റാതെ മറിച്ചുവിറ്റ ബൈക്കിടിച്ച് ഒരാൾ മരിച്ച സംഭവത്തില്‍ ഫിനാന്‍സ് കമ്പിനിയ്ക്ക് പത്ത് ലക്ഷം രൂപയും പലിശയും ശിക്ഷ.
ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് കമ്പനിയ്ക്കാണ് പണി കിട്ടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം ഇങ്ങനെയാണ്…. 2013 ല്‍ പുതുവേലി വെള്ളാംതടത്തില്‍ മാത്യൂ എന്നയാള്‍ വായ്പയെടുത്ത് ബൈക്ക് വാങ്ങി. എന്നാല്‍ സിസി മുടങ്ങിയതോടെ ഫിനാന്‍സ് കമ്പനി അതേവര്‍ഷം മാര്‍ച്ച് 24 ന് വാഹനം പിടിച്ചെടുത്തു.
വാഹനം സറണ്ടര്‍ ചെയ്തതായി രേഖയുണ്ടാക്കുകയും ലേലത്തില്‍ വില്‍പ്പന നടത്തി ഫിനാൻസ് കമ്പിനിയ്ക്ക് ലഭിക്കേണ്ട പണം ഈടാക്കുകയും ചെയ്തു. വാഹനം ലേലം ചെയ്യാന്‍ പോകുന്ന വിവരം ഫിനാന്‍സ് കമ്പനി മാത്യുവിനെ അറിയിക്കുകയും ചെയ്തു.
ലേലത്തില്‍ മറ്റൊരാള്‍ക്ക് വിറ്റ ബൈക്ക് 2015 ഒക്‌ടോബര്‍ 10 ന് അപകടത്തിൽ പെടുകയായിരുന്നു. ചിങ്ങവനം ചാന്നാനിക്കാട് താമരപ്പള്ളി കരോട്ട് മോഹനന്‍ എന്നയാളാണ് ബൈക്ക് ഓടിച്ചിരുന്നത്. ഈ വാഹനം പന്നിമറ്റം പരുത്തുംപാറ റോഡില്‍ ചാന്നാനിക്കാട് ഭാഗത്ത് വെച്ച് കെ.എന്‍. റജി എന്നയാളെ ഇടിച്ചുവീഴ്ത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ മരണപ്പെട്ടു.
അപകടം നടക്കുമ്പോൾ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കാലാവധി കഴിഞ്ഞിരുന്നു. വാഹനം ഓടിച്ച മോഹനന് ലൈസന്‍സും ഇല്ലായിരുന്നു. റജിയുടെ അവകാശികള്‍ മോഹനനും മാത്യുവിനും എതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുകൊടുത്തു. കേസില്‍ റജിയുടെ കുടുംബത്തിന് മാത്യുവും മോഹനനും ചേര്‍ന്ന് 8,34,400 രൂപ നല്‍കാന്‍ കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവിടുകയും ചെയ്തു.
ബൈക്ക് കൈമാറ്റം ചെയ്തപ്പോള്‍ പുതിയ അവകാശിയുടെ പേരില്‍ ഫിനാന്‍സ് കമ്പനി റജിസ്‌ട്രേഷന്‍ മാറ്റി നൽകിയിരുന്നില്ല എന്നതായിരുന്നു മാത്യൂവിന് പണി കിട്ടാൻ കാരണമായത് .
കോട്ടയത്തെ മോട്ടോര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രൈബ്യൂണലില്‍ നിന്നും നഷ്ടപരിഹാരത്തിന് സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടീസ് ലഭിക്കുമ്പോഴായിരുന്നു പിടിച്ചെടുത്ത വാഹനം റജിസ്‌ട്രേഷന്‍ മാറ്റാതെയാണ് മറ്റൊരാള്‍ക്ക് നല്‍കിയതെന്ന വിവരം മാത്യു അറിഞ്ഞത്.
ഇതോടെ ഫിനാന്‍സ് കമ്പനിയുടെ സേവന ന്യൂനതയ്ക്കും അനുചിത വ്യാപാര നയത്തിനും എതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാത്യു കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചു.
പിടിച്ചെടുത്ത ബൈക്ക് അപകടത്തില്‍പെടുമ്പോള്‍ പുതിയ ഉടമയുടെ പേരില്‍ റജിസ്‌ട്രേഷന്‍ മാറ്റാതെയാണ് നല്‍കിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി ഫിനാൻസ് സ്ഥാപനത്തിനെതിരെ ശിക്ഷ വിധിച്ചു. 2019 ഓഗസ്റ്റ് 3 മുതല്‍ 9 ശതമാനം പലിശ നല്‍കണമെന്നും കോടതി വിധിയില്‍ പറഞ്ഞു.
സി.സി. തെറ്റിച്ച് വാഹനം പിടിച്ചെടുത്തപ്പോള്‍ അക്കാര്യം കാണിച്ച് കമ്പനി ഒപ്പും സീലും വെച്ച രേഖ മാത്യൂവിന്റെ കൈവശമുണ്ടായിരുന്നതാണ് കേസില്‍ നിര്‍ണ്ണായകമായത്. മാത്യൂവിന് വേണ്ടി അഡ്വ.ബോബി ജോൺ കെ.എ. കോടതിയിൽ ഹാജരായി.