പക്ഷാഘാതത്തെ തുടർന്ന് റോഡിൽ കുഴഞ്ഞു വീണ ഗൃഹനാഥന്‍ മരിച്ചു; കോട്ടയം ജില്ലാ ആശുപത്രിയിലും  മെഡിക്കല്‍ കോളജിലും ചികിത്സാനിഷേധമെന്ന് പരാതിയുമായി കുടുംബം

Spread the love

തോടുപുഴ: പക്ഷാഘാതത്തെ തുടർന്ന് റോഡിൽ കുഴഞ്ഞു വീണയാൾക്ക് മതിയായ ചികിത്സ ലഭ്യമായില്ലെന്ന പരാതിയുമായി കുടുംബം.

video
play-sharp-fill

തൊടുപുഴ നടുക്കണ്ടം സ്വദേശി പൊന്നാംകുഴിയിൽ പി.ടി. ജയകുമാറിന്റെ (54) മരണവുമായി ബന്ധപ്പെട്ടാണ് ചികിത്സ നിഷേധമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയത്.

കഴിഞ്ഞ 14ന് വൈകുന്നേരം വീട്ടിലേക്ക് പോകുന്നതിനിടെ പക്ഷാഘാതം വന്ന് കുഴഞ്ഞു വീണ ജയകുമാർ മണിക്കൂറുകളോളം റോഡിൽ കിടന്നു പിന്നീടാണ് പോലീസിന്റെയും ഫയർഫോഴ്സിന്റെയും  സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ അടിയന്തര ചികിത്സ ലഭ്യമാക്കേണ്ട സമയത്ത് ജില്ലാ ആശുപത്രിയില് അത് നിഷേധിക്കപ്പെട്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

തൊടുപുഴ ചുങ്കത്തുവച്ചാണ് ജയകുമാർ കുഴഞ്ഞുവീണത്. റോഡ് സൈഡിൽ കിടക്കുന്ന ജയകുമാറിനെ പട്രോളിംഗിനിടെ പോലീസ് കണ്ടെങ്കിലും മദ്യലഹരിയിൽ വീണുകിടക്കുകയാണെന്ന് കരുതി തിരിഞ്ഞുനോക്കിയില്ല. പുലർച്ചെ രണ്ടോടെ പോലീസ് സംഘം വീണ്ടും പട്രോളിംഗ് നടത്തുന്നതിനിടെയാണ് ജയകുമാർ അതേസ്ഥലത്തു തന്നെ കിടക്കുന്നത് കണ്ടത്.

തുടർന്ന് ഫയർഫോഴ്സും ആംബുലൻസും കാരിക്കോട് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ജയകുമാർ വീട്ടിലെത്താത്തിനാൽ ബന്ധുക്കൾ അന്വേഷണം ആരംഭിച്ചിരുന്നു. ഇവർ രാവിലെ എട്ടിന് ആശുപത്രിയിൽ അന്വേഷിച്ചെത്തിയപ്പോൾ അതുവരെ യാതൊരു ചികിത്സയും ലഭ്യമാകാതെ കിടക്കുകയായിരുന്നെന്നാണ് ആരോപിക്കുന്നത്.

തിരിച്ചറിയിൽ രേഖ ഉൾപ്പെടെയുള്ള പഴ്സ് അധികൃതർക്ക് ലഭിച്ചെങ്കിലും അതുവഴി ബന്ധുക്കളെ അറിയിക്കാൻ പോലും ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്.

ബന്ധുക്കൾ വന്നതിനു ശേഷം സ്കാൻ ചെയ്തെങ്കിലും സ്ട്രോക്ക് ആണെന്ന് മനസിലായതിനെ ത്തുടര്ന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു.

തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം കോട്ടയത്തേക്ക് തന്നെ എത്തിക്കുകയായിരുന്നു. എന്നാൽ കോട്ടയത്തും ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞെങ്കിലും അത് ചെയ്യാൻ തയാറായില്ല. ആദ്യ ദിവസം സ്ട്രെക്ചറിൽ തന്നെ കിടന്ന ജയകുമാർ അടുത്ത രണ്ടു ദിവസം നിലത്താണ് കിടന്നത്. തുടർന്ന് ബെഡ് കിട്ടിയെങ്കിലും ശസ്ത്രക്രിയ ചെയ്തില്ല.  10-ാം ദിവസം മരണപ്പെടുകയായിരുന്നു.

ആശുപത്രികളിൽ ഉണ്ടായ വീഴ്ചയിൽ പരാതി നല്കാനൊരുങ്ങുകയാണ് കുടുംബം. ജയകുമാറിന്റെ മൃതദേഹം ഇന്നലെ തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: സുഷമ.