
എരുമേലി: എരുമേലിയിലെ ശ്രീനിപുരം വാർഡില്‍ 2023 മേയ് 28ന് നടന്ന ഗ്രാമസഭയിൽ വ്യാജ ഒപ്പിട്ട് ക്വോറം തികച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താൻ ഓംബുഡ്സ്മാൻ നിർദേശം. ഗ്രാമസഭയില്‍ പങ്കെടുത്തതായി ഒപ്പിട്ട 220 പേരെ വിളിച്ചു വരുത്തി ബോധ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
എരുമേലി പഞ്ചായത്ത് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കിയത്. ഇന്നലെ കോട്ടയത്ത് നടന്ന ഓംബുഡ്സ്മാൻ സിറ്റിംഗിലാണ് നിർദേശം. എരുമേലിയിലെ ശ്രീനിപുരം വാർഡില്‍ 2023 മേയ് 28ന് നടന്ന ഗ്രാമസഭ സംബന്ധിച്ചാണ് ഓംബുഡ്സ്മാനില്‍ ഹർജി ലഭിച്ചത്. ഇത് സംബന്ധിച്ച് ഇന്നലെ നടന്ന സിറ്റിംഗില്‍ ശ്രീനിപുരം വാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ സെയ്‌തുമുഹമ്മദ്, പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി മുഹമ്മദ് ഷാഫി, ഹർജിക്കാരൻ ബിജു വഴിപ്പറമ്ബില്‍ എന്നിവർ ഹാജരായിരുന്നു.
ഇവരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് ഗ്രാമസഭയില്‍ പങ്കെടുത്ത മുഴുവൻ പേരെയും വിളിച്ചു വരുത്തി ഗ്രാമസഭയില്‍ പങ്കെടുത്തത് സംബന്ധിച്ച് നിജസ്ഥിതി ബോധ്യപ്പെടാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ നിർദേശം നല്‍കിയത്. അടുത്ത സിറ്റിംഗ് അറിയിക്കുമെന്നും അതിന് മുമ്ബ് ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനുമാണ് നിർദേശം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാമസഭയിലെ ഹാജർ ബുക്കില്‍ 149 വരെയുള്ളവർ പേരും വീട്ടുപേരും എഴുതിയാണ് ഒപ്പ് വച്ചിരിക്കുന്നതെന്നും ഇതിന് ശേഷം 220 വരെയുള്ള ഒപ്പുകള്‍ പേര് മാത്രം ആണെന്നും ഹർജിക്കാരൻ പറഞ്ഞു. ഈ ഒപ്പുകള്‍ വ്യാജമാണെന്നും വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ഗ്രാമസഭയില്‍ അംഗീകരിച്ച ലിസ്റ്റ് പത്ത് ദിവസം മുമ്ബ് കരട് ലിസ്റ്റ് ആയി പ്രസിദ്ധീകരിക്കണമെന്ന ചട്ടം പാലിച്ചില്ലെന്നുമായിരുന്നു പരാതി.