
തിരുവനന്തപുരം: പ്രസവത്തെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്ന് നെടുമങ്ങാട് സ്വദേശിനിയായ യുവതിയുടെ പരാതി. നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവ് ആരോപണവുമായി യുവതി രംഗത്ത് വന്നിരിക്കുന്നത്.
പ്രസവത്തിന് പിന്നാലെ തുന്നിക്കെട്ടിയത് ശരിയായ രീതിയില്‍ അല്ലെന്നും ഇതുമൂലം വിവിധ ആശുപത്രികളിലായി മൂന്ന് ശസ്ത്രക്രിയ ചെയ്തുവെന്നും വിതുര സ്വദേശിയായ ഹസ്ന ഫാത്തിമ പറയുന്നു. ഇരിക്കാനും നടക്കാനും കഴിയാത്ത സാഹചര്യത്തിലാണ് 23 കാരിയായ യുവതി.
പ്രസവത്തിന് ശേഷം തുന്നിക്കെട്ടിയതിലുള്ള പിഴവുമൂലം മലബന്ധം ഉണ്ടായെന്നും തുന്നിയ ഭാഗത്തിലൂടെ മലം വരുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്നുമാണ് യുവതിയുടെ പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലം പോകാതെ വയറ്റില്‍ കെട്ടി കിടന്നു അണുബാധയായി. നിലവില്‍ മലം പുറം തള്ളുന്നത് ട്യൂബിലൂടെയാണ്. പ്രസവത്തിനു ശേഷം 7 മാസമായി ദുരിതമനുഭവിക്കുകയാണ്. പ്രസവത്തെ തുടർന്ന് എപ്പിസിയോട്ടമി ഇട്ടതില്‍ ഡോക്ടർക്ക് കൈപിഴവെന്നാണ് യുവതിയുടെ ആരോപണം.
മലദ്വാരത്തിലെ ഞരമ്ബ് മുറിഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്ന് സ്കാനിംഗില്‍ കണ്ടെത്തി. പിഴവ് മറച്ചു വെച്ച ഡോക്ടർ, മുറിവ് തുന്നിക്കെട്ടി പ്രസവം പൂർത്തിയാക്കി വാർഡിലേക്ക് മാറ്റിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
കോസ്റ്റോമി ശസ്ത്രക്രിയയും പ്ലാസ്റ്റിക് സർജറിയും ചെയ്തു. ഇനിയും രണ്ട് ശസ്ത്രക്രിയകള്‍ കൂടി ചെയ്യാനുണ്ട്. ഇതുവരെ ചികിത്സയ്ക്ക് മാത്രമായി ചിലവായത് 6 ലക്ഷം രൂപയാണെന്നും കുടുംബം പറയുന്നു.
വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കിയിരിക്കുകയാണ് ഹസ്ന. അതേസമയം, അന്വേഷണം നടക്കുകയാണെന്ന് നെടുമങ്ങാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു.



