
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് വനിതാ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി അതിജീവിത.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളില്‍ സംശയം പ്രകടിപ്പിച്ചും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ഭീഷണിക്കും വെറുപ്പിനും എറിഞ്ഞുകൊടുത്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
താൻ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ‘അതിജീവിതന്റെ’ ഭാഗം കൂടി കേള്‍ക്കണമെന്നുമാണ് ശ്രീനാദേവി വ്യക്തമാക്കിയത്. ഒന്നാമത്തെ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പുതിയ പരാതിയില്‍ പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേള്‍ക്കുമ്പോള്‍ വേദനയുണ്ട്. എന്നാല്‍, പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നല്‍കി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികള്‍ കേള്‍ക്കുമ്പോള്‍ ചില സംശയങ്ങള്‍ തോന്നുന്നില്ലേ എന്നും അവർ ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബം ഒരാള്‍ക്ക് മാത്രമല്ല, ഇപ്പുറത്തുമുണ്ട്. എന്നാല്‍ രണ്ടാള്‍ക്കും ഒരേ പരിഗണന ലഭിക്കുന്നില്ല. അതിജീവിതമാര്‍ക്കൊപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. പ്രഥമദൃഷ്ട്യാ തെറ്റ് കണ്ടതിനാലാകാം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സത്യം പുറത്തുവരുന്നത് വരെ രാഹുല്‍ ക്രൂശിക്കപ്പെടാന്‍ പാടില്ലെന്നും ശ്രീനാദേവി കൂട്ടിച്ചേര്‍ത്തു.




