
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കൈ വളഞ്ഞതായി ആരോപണം.
ബൈക്കില്‍ നിന്ന് വീണു പരിക്ക് പറ്റിയ വണ്ടൂർ പേരൂർ സ്വദേശി മങ്ങംപറമ്പില്‍ സുരേന്ദ്രനാണ് ദുരനുഭവം തുറന്ന് പറഞ്ഞത്. ഇനി വളവ് മാറ്റണം എങ്കില്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചതന്നും സുരേന്ദ്രൻ പറയുന്നു.
കഴിഞ്ഞ മെയ് മാസത്തിലാണ് സുരേന്ദ്രൻ ഇരുചക്ര വാഹനത്തില്‍ നിന്ന് വീണത്. ചാത്തങ്ങോട്ടുപുറം റോഡില്‍ മഴയത്ത് തെന്നി വീണത് ആണ്. അപകടത്തിന് പിന്നാലെ അസഹ്യ വേദന അനുഭവപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കാണ് നേരെ പോയത്. അവിടുത്തെ ചികിത്സ കൈയ്യുടെ ഷേപ്പ് തന്നെ മാറ്റി. സുരേന്ദ്രൻ ചികിത്സാ നാളുകള്‍ ഓർത്തെടുക്കുന്നതിങ്ങനെ. ആദ്യം മൂന്നു ആഴ്ച കൈ കെട്ടി. എല്ലാം ശരിയാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നിട്ടും മാറ്റം കണ്ടില്ല. അപ്പോള്‍ പ്ലാസ്റ്റർ ഇട്ടു. ഭേദം ആയില്ല. ഒടുവില്‍ ഡോക്ടർമാർ തീർപ്പ് എഴുതി, ഇനി സർജറി വേണമെന്ന്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയില്‍ എത്തുന്നവർക്ക് എന്ത് ചികിത്സയാണ് നല്‍കേണ്ടത് എന്ന് പോലും മനസ്സിലാക്കാൻ ഡോക്ടർമാർക്ക് വിവരമില്ലേ എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്. ഇനിയൊരു പരീക്ഷണത്തിനു ഒരുക്കമല്ല സുരേന്ദ്രൻ. പേടി കൊണ്ടാണ്. ഇപ്പോള്‍ വേദന സഹിച്ചു കഴിയുന്നു. നിലവില്‍ ആശുപത്രിക്കു പരാതി ഒന്നും കിട്ടിയിട്ടില്ല എന്നും വിവരം അറിഞ്ഞ പശ്ചാത്തലത്തില്‍ ചികിത്സാ രേഖകള്‍ പരിശോധിക്കുമെന്നും മെഡിക്കല്‍ കോളേജ് അധികൃതർ അറിയിച്ചു. പരാതി കൊടുത്തിട്ട് ഒരു കാര്യമില്ലെന്നും അതിനു പിറകെ പായാൻ നേരമില്ലെന്നും സുരേന്ദ്രനും പറയുന്നു.



