
എക്സെെസ് സംഘം വീടുകയറി ആക്രമിച്ചതായി യുവാവിന്റെ പരാതി ; വാഹനം തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചതായി എക്സെെസ് ഉദ്യോഗസ്ഥനും
തിരുവനന്തപുരം: നെയ്യാറ്റിൻകര ബാലരാമപുരത്ത് എക്സെെസ് സംഘം വീടുകയറി ആക്രമിച്ചതായി പരാതി. ബാലരാമപുരം വഴിമുക്ക് സ്വദേശി അൽത്താഫിന്റെ വീട്ടിലാണ് ആക്രമണം നടന്നതായി പറയുന്നത്. അതേസമയം അൽത്താഫ് എക്സെെസ് ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. എക്സെെസ് ഉദ്യോഗസ്ഥനായ അഖിലാണ് പരാതിക്കാരൻ.
കഴിഞ്ഞദിവസം അൽത്താഫിനെ മൂന്നുഗ്രാം കഞ്ചാവുമായി എക്സെെസ് സംഘം പിടികൂടിയിരുന്നു. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ ഇയാളെ വിട്ടയച്ചു. അൽത്താഫിനെ പിടികൂടാൻ ഉണ്ടായിരുന്ന സംഘത്തിലെ ബാലരാമപുരം സ്വദേശി കൂടിയായ അഖിലും കുടുംബവും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി അൽത്താഫ് അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും, ഇതേ തുടർന്ന് ശനിയാഴ്ച രാത്രി എക്സെെസ് സംഘം അൽത്താഫിന്റെ വീട് വളഞ്ഞ് ആക്രമണം നടത്തുകയായിരുന്നുവെന്നുമാണ് ഉയർന്ന പരാതി.
അൽത്താഫിനെ പിടികൂടാൻ എത്തിയ സംഘം വീടിന്റെ ജനലുകൾ അടിച്ചുതകർക്കുകയും സ്ത്രീകൾക്ക് നേരെ കയ്യേറ്റ ശ്രമം നടത്തുകയും ചെയ്തുവെന്നാണ് അൽത്താഫിന്റെ കുടുംബം ബാലരാമപുരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തെ തുടർന്ന് അൽത്താഫിന്റെ അമ്മ ഖുറേഷി, ഭാര്യ നന്ദന, സഹോദരി അർഷിത, സഹോദരി പുത്രി നാസിയ എന്നിവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം തന്നെയും കുടുംബത്തെയും അൽത്താഫ് വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് അഖിൽ നെയ്യാറ്റിൻകര പോലീസിലും പരാതി നൽകിയിട്ടുണ്ട്. പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, വ്യക്തമായി അന്വേഷിച്ച ശേഷം ഉടൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് ബാലരാമപുരം, നെയ്യാറ്റിൻകര പോലീസ് വ്യക്തമാക്കി.