നുണ പ്രചാരണം : ഏഷ്യാനെറ്റിന് ശ്രീധരൻപിള്ളയുടെ വക്കീൽ നോട്ടീസ്; പിന്നിൽ രാജീവ് ചന്ദ്രശേഖറോ

നുണ പ്രചാരണം : ഏഷ്യാനെറ്റിന് ശ്രീധരൻപിള്ളയുടെ വക്കീൽ നോട്ടീസ്; പിന്നിൽ രാജീവ് ചന്ദ്രശേഖറോ

സ്വന്തംലേഖകൻ

കൊച്ചി : തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ പേരില്‍ ഏഷ്യാനെറ്റിലൂടെ പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമെന്ന് പരാതി. ലോക്‌സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം മെയ് 20-നും ഫലം പുറത്തുവന്ന ശേഷം മെയ് 24-നും ശ്രീധരന്‍ പിള്ള പറഞ്ഞതായി ഏഷ്യാനെറ്റ് പുറത്തു വിട്ട വാര്‍ത്തകള്‍ വ്യാജമെന്ന് ചൂണ്ടിക്കാട്ടി ശ്രീധരന്‍പിള്ളയുടെ അഭിഭാഷകന്‍ ജോസഫ് തോമസ് ഏഷ്യാനെറ്റിന് നോട്ടീസയച്ചു.


ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും വെബ് പേജിലും 20.05.2019-നും 24.05-2019-നും ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയെന്ന പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്.
24.05.2019-ല്‍ പുറത്തുവന്ന ‘പാര്‍ട്ടി തീരുമാനം മറികടന്നുള്ള ആര്‍എസ്എസിന്റെ ഇടപെടലാണ് തോല്‍വിക്ക് കാരണമെന്ന് ശ്രീധരന്‍ പിള്ള’ എന്ന ഏഷ്യാനെറ്റ് വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. അന്നേ ദിവസം പുറത്തു വന്ന ‘തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ താന്‍ മത്സരിച്ചിരുന്നെങ്കില്‍ ന്യൂനപക്ഷ വോട്ടുകള്‍ കിട്ടുമെന്നായിരുന്നു എന്നാണ് ശ്രീധരന്‍പിള്ളയുടെ വാദം’ എന്ന വാര്‍ത്തയും വ്യാജമാണെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ഇതിനു പുറമേ 20.05.2019-ന് പ്രസിദ്ധീകരിച്ച 5 വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയാണ് ശ്രീധരന്‍ പിള്ളയുടെ അഭിഭാഷകന്‍ ഏഷ്യാനെറ്റിന് നോട്ടീസയച്ചിരിക്കുന്നത്.

1. ‘പത്തനംതിട്ടയില്‍ നെഗറ്റീവ് ചിന്ത ഉണ്ടായി’
2. ‘ബിജെപി വോട്ടുകള്‍ യുഡിഎഫിന് പോയിരിക്കാം’
3. ‘ഫലത്തിനു മുന്‍പേ പൊട്ടലും ചീറ്റലും’
4. ‘പത്തനംതിട്ടയെ ചൊല്ലി വീണ്ടും വിവാദം’
5. ‘സുരേന്ദ്രന്റെ തോല്‍വി സൂചിപ്പിച്ച് ശ്രീധരന്‍പിള്ള’

മേല്‍പ്പറഞ്ഞ വാര്‍ത്തകളെല്ലാം തന്നെ വ്യാജമാണെന്നും കൃത്രിമമായി മെനഞ്ഞെടുത്തതാണെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപകീര്‍ത്തികരമായ ഈ വാര്‍ത്തകള്‍ പിന്‍വലിച്ച് ഏഷ്യാനെറ്റ് ചാനലിലും വെബ് പേജിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും നല്‍കി മാപ്പ് പറയണമെന്നും അതിന് തയ്യാറാകാത്ത പക്ഷം ഒറ്റക്കും കൂട്ടായും സിവിലായും ക്രിമിനലായും നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ഡയറക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന ജുപീറ്റര്‍ ക്യാപിറ്റല്‍, സിഇഒ അമിത് ഗുപ്ത, ചീഫ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍, റിപ്പോര്‍ട്ടര്‍മാരായ കെ.ജി കമലേഷ്, സാനിയ എന്നിവര്‍ക്കാണ് ശ്രീധരന്‍ പിള്ള നോട്ടീസയച്ചത്.