
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുടിയിൽ കളറിട്ട് ചെത്തി നടന്നാൽ പൊലീസ് പൊക്കി ഡൈ അടിപ്പിക്കും. ഫ്രീക്കന്മാരെ പൂട്ടാൻ പൊലീസുകാർ തീരുമാനിച്ചതോടെ ഫോർട്ട് പൊലീസിന്റെ പ്രധാന ജോലികളിലൊന്ന് ‘ഡൈ’ അടിക്കലായി മാറിയിരിക്കുകയാണ്. അതുകൊണ്ട് മുടിയിൽ പേടിയുള്ള കളർ ധാരികളൊന്നും ഇപ്പോൾ ഫോർട്ട് പൊലീസ് സ്റ്റേഷന്റെ നാലയലത്തുകൂടി പോകില്ല. പോയാൽ അപ്പോൾ പൊക്കി അകത്തുകൊണ്ടു പോയി മുടിയുടെ നിറം മാറ്റി പഴതുപോലെയാക്കും.
‘മുടി വളർത്തും, കളർ അടിക്കും,അത് ഞങ്ങളുടെ ഇഷ്ടം’ എന്നൊക്കെ പറയാൻ സിനിമയിൽ മാത്രമേ കഴിയൂ എന്നും ഇത്തരം ചെത്ത് പയ്യന്മാരെ എവിടെ കണ്ടാലും അപ്പോൾ തന്നെ സ്റ്റേഷനിലെത്തിച്ചശേഷം വളരെ വൃത്തിയായി ഉത്തരവാദിത്തത്തോടെ ഡൈ ചെയ്തു വിടുകയും ചെയ്യുമെന്നാണ് ചില പൊലീസുകാർ രഹസ്യമായി പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈക്കിൽ പായുന്ന ഫ്രീക്കന്മാരാകും മിക്കവാറും ഇരയാകുന്നത്. സ്‌കൂൾ, കേളേജ് വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടും. മുടി കറുപ്പിക്കാനുള്ള ഡൈ പിടിയിലാകുന്നവർ തന്നെ വാങ്ങി നൽകണം. ഡൈ അടിച്ചു തരാനായി സുഹൃത്തുക്കളുടെയോ സഹപ്രതികളുടെയോ സഹായം തേടാവുന്നതാണ്. മേൽനോട്ടത്തിന് ഒരു ഉദ്യോഗസ്ഥനും ഉണ്ടാകും. ഡൈ ഉണങ്ങി മുടിയുടെ കളർ മാറി എന്ന് ഏമാന്മാർ പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടേ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാനാകൂ. മുടിയിൽ കളർ അടിക്കുന്നതിനു നിരോധനമുണ്ടോ എന്ന് ചോദിച്ചാൽ രോമാഞ്ചം ഉണ്ടാകുന്ന തരത്തിലുള്ള ഭാഷാ പ്രയോഗം കേൾക്കേണ്ടി വരുമെന്നതിനാൽ കൂടുതൽ പേരും പ്രതിഷേധിക്കാറില്ല. മഞ്ഞ, പച്ച, ഓറഞ്ച് എന്നീ വ്യത്യസ്ത നിറങ്ങളിൽ മുടി കളർ ചെയ്യുന്നവർക്ക് പൊലീസുകാരുടെ മേൽനോട്ടത്തിൽ നല്ല കറുത്ത മുടിയുമായി തിരിച്ചു പോകാം.