
മുസാഫർനഗർ: ഫീസടക്കാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ വന്നതോടെ കോളേജ് വിദ്യാര്‍ത്ഥി സ്വയം തീകൊളുത്തി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ബുധാനയില് ഉജ്ജ്വല്‍ റാണ എന്ന 22കാരനാണ് മരിച്ചത്.
തീപൊള്ളലേറ്റ് അത്യാസന്ന നിലയിലായിരുന്ന യുവാവ് ഡൽഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്കരിക്കും.
ബുധാനയിലെ ഡിഎവി കോളേജിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയായിരുന്നു ഉജ്ജ്വല്‍ റാണ. 7000 രൂപ ഫീസടക്കാത്തതിനാല്‍ കോളേജ് മാനേജ്മെന്റ് ഉജ്ജ്വലിനെ പരീക്ഷയെഴുതാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രതിഷേധിച്ചപ്പോള്‍ കോളേജ് അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തി ഉജ്ജ്വലിനെ കോളേജില്‍ നിന്ന് പുറത്താക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീടാണ് ഉജ്ജ്വല്‍ സ്വയം തീകൊളുത്തിയത്. 70 ശതമാനത്തോളം പൊള്ളലേറ്റ അദ്ദേഹത്തെ ആദ്യം പ്രാദേശിക ആശുപത്രിയിലേക്കും ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലേക്കും കൊണ്ടുപോവുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട്, ഉജ്ജ്വലിന്റെ സഹോദരി സലോണി റാണ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. കോളേജ് മാനേജർ അരവിന്ദ് ഗാർഗ്, പ്രിൻസിപ്പല്‍ പ്രദീപ് കുമാർ, അധ്യാപകൻ സഞ്ജീവ് കുമാർ, മൂന്ന് പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.



