
കോട്ടയം: സ്വകാര്യ കോളേജ് മാനേജ്മെൻ്റുകൾ വൻ തുക ക്യാപ്പിറ്റേഷൻ ഫീ വാങ്ങി ഉയർന്ന മാർക്കുള്ളതും, പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് ലഭിക്കേണ്ടതുമായ കോളേജ് അഡ്മിഷൻ അട്ടിമറിക്കുന്നതായി മാധ്യമ പ്രവർത്തകൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൻമേൽ ക്നാനായ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്, കോളേജ് മാനേജർ, കോളേജ് സെക്രട്ടറി തുടങ്ങിയവർക്കെതിരേ വിജിലൻസ് കേസെടുത്തു.
തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ.ശ്രീകുമാറാണ് സംസ്ഥാനത്തെ സ്വകാര്യ കോളേജ് മാനേജ്മെൻ്റുകൾ നടത്തുന്ന വിദ്യാഭ്യാസ കച്ചവടത്തിനെതിരേ കോടതിയെ സമീപിച്ചത്.
ക്നാനായ സമുദായവും സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള നസ്രേത് ആശ്രമവും തിരുവല്ല ഓതറയിൽ നസ്രത്ത് ഫാർമസി കോളേജ് എന്ന പേരിൽ ബീഫാം മുതൽ ഫാം ഡി വരെയുള്ള കോഴ്സുകൾ ഉള്ള കോളജ് നടത്തുന്നുണ്ട്. ഈ കോളേജിൽ നടക്കുന്ന വിദ്യാഭ്യാസ കച്ചവടത്തിനെതിരെയാണ് ശ്രീകുമാർ കോടതിയെ സമീപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വകാര്യ ഓട്ടോണമസ് കോളേജ് ആണിത്.
ഗവർമെന്റിന്റെ 50 ശതമാനം കുട്ടികളെ ക്യാപ്പിറ്റേഷൻ ഫീ വാങ്ങാതെ ഇവിടെ പഠിപ്പിക്കണമെന്നാണ് ഗവൺമെൻ്റ് നിർദേശം. ഇത് സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ കോളേജുകൾക്കും ബാധകമാണ്. ഈ 50 ശതമാനം സീറ്റുകളിൽ കാപ്പിറ്റേഷൻ ഫീ വാങ്ങാൻ പാടില്ലെന്നതാണ് വ്യവസ്ഥ.
മികച്ച മാർക്ക് നേടി ഉന്നത വിദ്യാഭ്യാസം ആഗ്രഹിച്ച് ഗവൺമെൻറ് കോട്ടയിൽ എത്തുന്ന വിദ്യാർത്ഥികളോട് ക്യാപ്പിറ്റേഷൻ ഫീ വാങ്ങരുത് എന്നുള്ളത് 2006ലെ നിയമനനുസരിച്ച് ഗവൺമെൻറ് നിരോധിച്ചിട്ടുമുണ്ട്, ഇതിനെയൊക്കെ കാറ്റിൽ പറത്തി മെറിറ്റ് കോട്ടയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ച്, വൻ തുക ക്യാപിറ്റേഷൻ ഫീ നൽകുന്ന കുട്ടികൾക്ക് അഡ്മിഷൻ നൽകുകയായിരുന്നു ഈ ആശ്രമത്തിൻ്റെ ഉടമസ്ഥതയിലുള്ള നസ്രത്ത് കോളേജിൽ
ചെയ്തിരുന്നത്. ഇതിനെയാണ് ശ്രീകുമാർ കോടതിയിൽ ചോദ്യം ചെയ്തത്.
കുര്യാക്കോസ് സേവേറിയോസ് മെത്രാപ്പോലീത്തയാണ് ഈ കോളേജിന്റെ പ്രസിഡൻ്റ്.
ഗവൺമെൻ്റ് നിർദ്ദേശത്തിന് വിരുദ്ധമായി പണമുള്ള വീട്ടിലെ കുട്ടികളുടെ കയ്യിൽ നിന്ന് വലിയ രീതിയിൽ ക്യാപിറ്റേഷൻ ഫീ വാങ്ങുകയാണ് ഇവർ ചെയ്യുന്നത്.
ഇത് മൂലം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും മികച്ച മാർക്കുള്ളതുമായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. ഇതോടെ സാമ്പത്തികം ഉള്ളതും മാർക്ക് കുറവുള്ളതുമായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് വഴിയൊരുക്കും.
ഇതുമൂലം പ്രതിഭാശാലികളായ കുട്ടികളുടെ ഭാവി ഇരുളടഞ്ഞതാകുമെന്ന് ശ്രീകുമാർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതോടെയാണ് വിഷയത്തിൽ അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടത്. തുടർന്ന് കോട്ടയം വിജിലൻസ് ഡിവൈഎസ്പി പി വി മനോജ് കുമാർ നടത്തിയ അന്വേഷണത്തിലാണ് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി കോളേജ് നടത്തിപ്പുകാരായ ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് അടക്കമുള്ളവർക്കെതിരെയാണ് ഇന്ന് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അഡ്മിഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
സംസ്ഥാനത്തുടനീളം ഇത്തരത്തിൽ വിദ്യാഭ്യാസ കച്ചവടം നടക്കുന്നുണ്ടെന്നും ഹൈക്കോടതി വിധിയെ തുടർന്ന് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഉന്നത വിജയം കൈവരിച്ചതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ പതിനായിര കണക്കിന് കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം കൈവരിക്കാൻ സഹായകമാകുമെന്നും ശ്രീകുമാർ പറഞ്ഞു.