video
play-sharp-fill
കളക്‌ട്രേറ്റിൽ ജിംനേഷ്യവും പുൽത്തകിടിയും വരുന്നു ; ഇനി പുതിയ മുഖം

കളക്‌ട്രേറ്റിൽ ജിംനേഷ്യവും പുൽത്തകിടിയും വരുന്നു ; ഇനി പുതിയ മുഖം

സ്വന്തം ലേഖിക

കൊല്ലം : ജിംനേഷ്യവും പുൽത്തകിടിയും പച്ചക്കറിത്തോട്ടവും സ്ഥാപിച്ച് കളക്ട്രേറ്റിന് പുതിയ മുഖം നൽകുകയാണ് ജില്ലാ ഭരണകൂടം. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കളക്ട്രേറ്റ് മട്ടുപ്പാവിൽ ജിംനേഷ്യം സ്ഥാപിക്കുന്നത്. പുൽത്തകിടി നിർമിച്ച് കളക്ട്രേറ്റ് അങ്കണം മനോഹരമാക്കും. ഓണത്തിന് മുൻപ് മാലിന്യങ്ങൾ നീക്കി കളക്ട്രേറ്റ് മോടിപിടിപ്പിക്കാനും ജില്ലാ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കളക്ട്രേറ്റ് പരിസരത്തെ കാടുകൾ തൊഴിലുറപ്പ് ജീവനക്കാരെ ഉപയോഗപ്പെടുത്തി സെപ്റ്റംബർ ഒന്നിന് വൃത്തിയാക്കണം. വരാന്തകളിൽ കൂട്ടിയിരിക്കുന്ന ഉപയോഗ ശൂന്യമായ ഫർണിച്ചറുകൾ ലേലം ചെയ്ത് മാറ്റണം. ടയറുകൾ, മറ്റ് പാഴ് വസ്തുക്കൾ എന്നിവ ശുചിത്വമിഷന്റെ സഹകരണത്തോടെ സംസ്‌കരിക്കാൻ നടപടി സ്വീകരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാർ കൊണ്ടുവരുന്ന ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങൾ ബയോഗ്യാസ് പ്ലാന്റിലും തുമ്പൂർമൊഴി പ്ലാന്റിലുമായി സംസ്‌കരിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും പ്രത്യേകം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കും. ശുചീകരണ ജീവനക്കാർക്ക് പ്രത്യേക ബോധവത്കരണ ക്ലാസുകൾ നടത്തും. ഓരോ നിലയിലെയും ശുചീകരണ പ്രവർത്തനങ്ങളുടെയും മേൽനോട്ടത്തിന് അതത് നിലയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക ടീം രൂപീകരിക്കും. ഇതുസംബന്ധിച്ച് ഓഫീസ് മേധാവികൾക്കായി സെപ്റ്റംബർ മൂന്നിന് ഉച്ചക്ക് രണ്ടിന് പ്രത്യേക യോഗം ചേരും.

കളക്ട്രേറ്റ് പരിസരത്തെ ലഭ്യമായ സ്ഥലത്ത് പച്ചക്കറിത്തോട്ടം നിർമിക്കാൻ കൃഷി വകുപ്പുമായി സഹകരിച്ച് പദ്ധതികൾ നടപ്പിലാക്കും. ഹരിതകേരളം മിഷനായിരിക്കും പച്ചക്കറി തോട്ടത്തിന്റെ നിർമാണ ചുമതല. കളക്ട്രേറ്റിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും ഗ്രീൻപ്രോട്ടോകോൾ നിർബന്ധമാക്കുമെന്നും കലക്ടർ പറഞ്ഞു. യോഗത്തിൽ എ ഡി എം പി.ആർ.ഗോപാലകൃഷ്ണൻ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ് ഐസക്ക്, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി സുധാകരൻ, പ്രിസൻസിപ്പൽ കൃഷി ഓഫീസർ സിബി ജോസഫ് പേരയിൽ തുടങ്ങിയവർ പങ്കെടുത്തു.