കയ്യിൽ മഷി തേക്കില്ല, ഉദ്യോഗസ്ഥരെ കാണാനാവില്ല: കോവിഡ് ചികിത്സയിലും ക്വാറന്റയിനിലും കഴിയുന്നവർ വോട്ടു ചെയ്യുന്നത് എങ്ങനെ: നിർണ്ണായക വിവരങ്ങൾ തേർഡ് ഐ ന്യൂസ് ലൈവ് വഴി അറിയാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്കും ക്വാറന്റയിനിലുള്ളവർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരെ സ്പെഷ്യൽ വോട്ടർമാർ എന്നാണ് വിളിക്കുക. ഇവർക്കു നൽകുന്ന തപാൽ ബാലറ്റ് പേപ്പർ സ്പെഷ്യൽ തപാൽ ബാലറ്റ് എന്നാണ് അറിയപ്പെടുന്നത്.
സ്പെഷ്യൽ വോട്ടർമാർ രണ്ടു വിഭാഗം
സ്പെഷ്യൽ വോട്ടർമാരെ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. വോട്ടെടുപ്പ് ദിനത്തിന് പത്തു ദിവസം മുൻപുള്ള തീയതിയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരും കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുമാണ് ആദ്യ വിഭാഗം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു ശേഷമുള്ള ദിവസങ്ങളിലും തെരഞ്ഞെടുപ്പിൻറെ തലേദിവസം ഉച്ചകഴിഞ്ഞ് മൂന്നു മണി വരെയും ആരോഗ്യ വകുപ്പ് സമ്പർക്ക പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തി ക്വാറൻറയിൻ നിർദ്ദേശിക്കുന്നവരും പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുമാണ് രണ്ടാമത്തെ വിഭാഗം.
പോളിംഗ് ബൂത്തിൽ വോട്ടു ചെയ്യാനാവില്ല
ഈ വിഭാഗങ്ങളിൽ പെടുന്നവർ പിന്നീട് രോഗമുക്തി നേടിയാലും ക്വാറൻറയിൻ കാലാവധി പൂർത്തിയായാലും പ്രത്യേക തപാൽ വോട്ടു മാത്രമാണ് ചെയ്യാൻ കഴിയുക. സ്പെഷ്യൽ വോട്ടർമാരുടെ പേരുകൾ വെട്ടിയ വോട്ടർ പട്ടികയാകും പോളിംഗ് ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസർമാർക്ക് നൽകുക. അതുകൊണ്ടുതന്നെ ഈ വിഭാഗത്തിൽപെടുന്നവർക്ക് പോളിംഗ് ബൂത്തിൽ എത്തി വോട്ടു ചെയ്യാൻ കഴിയില്ല.
ക്വാറൻറയിനിൽ കഴിയുന്നവരുടെ പട്ടിക വോട്ടെടുപ്പിന് പത്തു ദിവസം മുൻപു മുതൽ ജില്ലയുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലിരിക്കുന്നവരുടെ പട്ടിക ഇത്തരത്തിൽ പ്രസിദ്ധീകരിക്കില്ല.
രണ്ടു വിധത്തിൽ വോട്ടു ചെയ്യാം
19 ഡി എന്ന ഫോറത്തിൽ വരണാധികാരിക്ക് അപേക്ഷ നൽകുന്നതാണ് ആദ്യ മാർഗം. ഈ ഫോറം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻറെ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
ഇങ്ങനെ അപേക്ഷിക്കുമ്പോൾ 19 സി എന്ന ഫോറത്തിൽ നൽകിയ അർഹതാ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്.
രണ്ടാമത്തെ സംവിധാനത്തിൽ ഇവർ ചികിത്സയിലോ ക്വാറൻറയിനിലോ ഇരിക്കുന്ന സ്ഥലത്ത് എത്തിക്കുന്ന ബാലറ്റ് പേപ്പറിൽ വോട്ടു ചെയ്യാം. ഇതിനായി പ്രത്യേക പോളിംഗ് ഓഫീസർമാരെയും പോളിംഗ് അസിസ്റ്റൻറുമാരെയും നിയോഗിച്ചിട്ടുണ്ട്. വോട്ടു ചെയ്തശേഷം ബാലറ്റുകളും ഫോറങ്ങളും ഇവർതന്നെയാകും സ്വീകരിക്കുക.
തിരിച്ചറിയൽ കാർഡ് കരുതുക; വിവരങ്ങൾ എഴുതി സൂക്ഷിക്കുക
പത്തു ദിവസം മുൻപു മുതൽ വോട്ടിംഗ് തലേന്നു വരെയുള്ള ദിവസങ്ങളിൽ വോട്ടർമാരെ നേരത്തെ അറിയിച്ചിട്ടാകും ഉദ്യോഗസ്ഥർ ബാലറ്റുമായി എത്തുക. അവർ എത്തുമ്പോൾ വോട്ടു ചെയ്യാൻ ഉദ്ദേശിക്കുന്ന വോട്ടർമാർ ഫോട്ടോ പതിച്ച ഒരു തിരിച്ചറിയൽ കാർഡ് നിർബന്ധമായും കയ്യിൽ കരുതണം. വോട്ട് ചെയ്യേണ്ട തദ്ദേശ സ്ഥാപനത്തിൻറെ പേര്, വാർഡ് നമ്പർ, പോളിംഗ് സ്റ്റേഷൻ നമ്പർ, വോട്ടർ പട്ടികയിലെ ക്രമനമ്പർ എന്നിവ നേരത്തെ എഴുതി സൂക്ഷിക്കുന്നതും ഉചിതമായിരിക്കും.
ആദ്യം സമ്മതം അറിയിക്കണം
പോളിംഗ് ഓഫിസർ വോട്ടറോട് വോട്ടു ചെയ്യുന്നതിന് സമ്മതം ആരായുന്നതാണ് ആദ്യ പടി. വോട്ടു ചെയ്യുന്നതിന് സമ്മതമല്ലെന്നാണ് വോട്ടർ അറിയിക്കുന്നതെങ്കിൽ ആ വിവരം പോളിംഗ് ഓഫീസർ തൻറെ പക്കലുള്ള രജിസ്റ്ററിലും 19 ബി എന്ന ഫോറത്തിലും രേഖപ്പെടുത്തി വോട്ടറുടെ ഒപ്പു വാങ്ങി മടങ്ങും.
വോട്ടു ചെയ്യുന്നതിന് സമ്മതം അറിയിക്കുന്നപക്ഷം തിരിച്ചറിയൽ രേഖ പോളിംഗ് ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം 19 ബി എന്ന അപേക്ഷാ ഫോറത്തിൽ ഒപ്പിട്ട് ബാലറ്റ് പേപ്പറുകൾ അടങ്ങിയ കവറുകളും സാക്ഷ്യപത്രത്തിനുള്ള ഫോറവും കൈപ്പറ്റാം.
മുനിസിപ്പാലിറ്റിയിൽ ഒരു വോട്ട്, പഞ്ചായത്തിൽ മൂന്ന്
മുനിസിപ്പാലിറ്റി, കോർപ്പറേഷൻ മേഖലകളിൽ താമസിക്കുന്ന വോട്ടർമാർക്ക് ഒരു ജനപ്രതിനിധിയെ മാത്രമേ തിരഞ്ഞെടുക്കേണ്ടതുള്ളൂ. അതായത് ഇവർ ഒരു വോട്ടു മാത്രം രേഖപ്പെടുത്തിയാൽ മതിയാകും.
എന്നാൽ പഞ്ചായത്ത് മേഖലകളിലെ വോട്ടർമാർ ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് ഓരോ പ്രതിനിധിയെ വീതം തിരഞ്ഞെടുക്കുന്നതിനായി വോട്ടു ചെയ്യണം. പഞ്ചായത്തുകളിൽ താമസിക്കുന്നവർ മൂന്ന് ബാലറ്റുകൾ ഉപയോഗിച്ച് മൂന്നു വോട്ടുകൾ ചെയ്യണം. ഇവർക്ക് മൂന്നു സെറ്റ് ഫോറങ്ങൾ, കവറുകൾ, ബാലറ്റ് എന്നിവയാകും നൽകുക.
ബാലറ്റ് നേരിട്ടോ തപാലിലോ നൽകാം
അപ്പോൾതന്നെ രഹസ്യമായി വോട്ട് രേഖപ്പെടുത്തി കവറിലിട്ട് പോളിംഗ് ഓഫീസർക്ക് കൈമാറുകയോ പിന്നീട് രേഖപ്പെടുത്തി അതത് റിട്ടേണിംഗ് ഓഫീസർക്ക് നേരിട്ട് അയച്ചുകൊടുക്കുകയോ ചെയ്യാം.
അയച്ചുകൊടുക്കുകയാണെങ്കിൽ ബാലറ്റിനൊപ്പം നൽകേണ്ട ഫോറം 16 എന്ന സത്യവാങ്മൂലത്തിൽ പോളിംഗ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി വാങ്ങാൻ ശ്രദ്ധിക്കണം. ഇങ്ങനെ വോട്ടു ചെയ്യുമ്പോൾ പഞ്ചായത്ത് മേഖലകളിൽ താമസിക്കുന്നവർ ജില്ലാ പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും വോട്ടുകൾ വെവ്വേറെയാണ് പോസ്റ്റു ചെയ്യേണ്ടത്.
കോവിഡ് പ്രതിരോധം ഉറപ്പാക്കണം
പോളിംഗ് ഉദ്യോഗസ്ഥർ എത്തുമ്പോൾ ആദ്യം മാസ്ക് ശരിയായി ധരിക്കുക. തുടർന്ന് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയായി രണ്ടു കൈകളും കഴുകിയശേഷം മാത്രം അവരുടെ മുന്നിലെത്താൻ ശ്രദ്ധിക്കണം.
കവറുകൾ ഒട്ടിക്കുന്നതിനുള്ള പശ, പേന എന്നിവ കയ്യിൽ കരുതുന്നതും അഭികാമ്യമാണ്. കോവിഡ് പരിചരണ കേന്ദ്രങ്ങളിലും ആശുപത്രികളിലും പോളിംഗ് ഓഫീസർ എത്തുമ്പോൾ അവിടെവച്ചു തന്നെയാണ് വോട്ടു രേഖപ്പെടുത്തുന്നതെങ്കിൽ ലഭ്യമായ സൗകര്യങ്ങൾക്കുള്ളിൽ രോഗികൾക്ക് വോട്ട് രേഖപ്പെടുത്താൻ ഒരു മറ ഒരുക്കുന്നത് നല്ലതാണ്.
ബാലറ്റും ഫോറങ്ങളും
മുനിസിപ്പൽ പ്രദേശങ്ങളിൽ 19ബി എന്ന അപേക്ഷ ഫോറം, ഫോറം 16ലുള്ള സത്യവാങ്മൂലം, ബാലറ്റ് അടങ്ങിയ ഫോറം 18, ചെറുതും വലുതുമായ കവറുകൾ എന്നിവ ഉൾപ്പെട്ട ഒരു സെറ്റായിരിക്കും വോട്ടർമാരുടെ കൈവശം നൽകുക.
പഞ്ചായത്ത് മേഖലകളിലുള്ളവർക്ക് ഗ്രാമപഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമുള്ള ബാലറ്റുകളും ഫോറങ്ങളും ഉൾപ്പെട്ട മൂന്നു സെറ്റുകളാകും നൽകുക.
ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൻറെ ബാലറ്റിന് വെള്ള നിറമാണ്. ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൻറേതിന് പിങ്ക് നിറവും ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൻറേതിന് നീല നിറവുമാണ്. മൂന്നു തലങ്ങളിലും ഉപയോഗിക്കുന്ന കവറുകൾക്കും ഫോമുകൾക്കും ഒരേ നിറമായിരിക്കും
ബാലറ്റ് പേപ്പറിനുള്ള അപേക്ഷ
കോട്ടയം ജില്ലയിലെ മാടപ്പള്ളി ബ്ലോക്കിലെ വാകത്താനം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ തോട്ടയ്ക്കാട് രണ്ടാമത്തെ പോളിംഗ് സ്റ്റേഷനിലെ 607-ാം ക്രമനമ്പരിലുള്ളയാളാണ് വോട്ടർ എന്ന് സങ്കൽപ്പിക്കുക.
ആദ്യമായി 19 ബി എന്ന ഫോറത്തിൽ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ പൂരിപ്പിക്കണം. ഈ ഫോറത്തിൽ ആദ്യം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻറെ പേരാണ് എഴുതേണ്ടത്. തുടർന്ന് ജി 54 വാകത്താനം എന്ന് എഴുതുക. അതിനുശേഷം ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവ വെട്ടിക്കളയുക. ഇപ്പോൾ ഗ്രാമപഞ്ചായത്ത് മാത്രമാകും ശേഷിക്കുക.
അടുത്ത വരിയിൽ നിയോജക മണ്ഡലത്തിൻറെ നമ്പരും പേരും എഴുതുക. ഇവിടെ വാർഡ് നമ്പർ ആയ ഏഴ് തോട്ടയ്ക്കാട് എന്ന് എഴുതാം. പിന്നീടുള്ള വരികളിൽ പൊതു തിരഞ്ഞെടുപ്പ് തീയതിയും സ്വന്തം പോളിംഗ് സ്റ്റേഷൻറെ പേരും എഴുതണം.
തുടർന്ന് പേര്, മേൽവിലാസം, വോട്ടർ പട്ടികയിലെ ക്രമനമ്പർ, പോളിംഗ് സ്റ്റേഷൻ നമ്പർ സ്ഥലം, തീയതി എന്നിവ രേഖപ്പെടുത്തി ഒപ്പുവയ്ക്കണം. ഇതോടെ ബാലറ്റ് പേപ്പർ കിട്ടുന്നതിനുള്ള അപേക്ഷാ നടപടികൾ പൂർത്തിയാകും.
സത്യപ്രസ്താവന
വോട്ടു ചെയ്യുന്നതിന് മുൻപായി ഫോറം 16ലുള്ള സത്യപ്രസ്താവന പൂരിപ്പിക്കണം. മുൻപ് പറഞ്ഞതുപോലെ ഗ്രാമപഞ്ചായത്ത്, നിയോജക മണ്ഡലം അഥവാ വാർഡ്, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള പോസ്റ്റൽ ബാലറ്റിൻറെ ക്രമനമ്പർ എന്നിവ രേഖപ്പെടുത്തി പേരും മേൽവിലാസവും എഴുതി ഒപ്പിടണം.
തുടർന്ന് പോളിംഗ് ഓഫീസർ സാക്ഷ്യപ്പെടുത്തി നൽകും.
വോട്ടു ചെയ്യുന്നത് ഇങ്ങനെ
ബാലറ്റ് പേപ്പറിൽ രഹസ്യമായാണ് വോട്ട് രേഖപ്പടുത്തേണ്ടത്. ബാലറ്റ് പേപ്പറിൽ വോട്ട് നൽകാൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിനു നേരെ വലതുവശത്ത് പേന ഉപയോഗിച്ച് ശരി അടയാളമോ, ഗുണന ചിഹ്നമോ വ്യക്തമായി രേഖപ്പടുത്തിയാൽ മതിയാകും.
ഒരു ബാലറ്റ് പേപ്പറിൽ ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യരുത്, രണ്ടു സ്ഥാനാർത്ഥികളുടെ പേരുകൾക്ക് ഇടയിലായും വോട്ടു ചേയ്യാൻ പാടില്ല. ബാലറ്റ് പേപ്പറിൽ യാതൊരു കാരണവശാലും ഒപ്പുവയ്ക്കരുത്. ഇങ്ങനെ ചെയ്താൽ ബാലറ്റുകൾ അസാധുവാകും.
പഞ്ചായത്ത് പ്രദേശത്തുള്ളവർ നേരത്തെ സൂചിപ്പിച്ചതുപോലെ ഇപ്രകാരം മൂന്ന് ബാലറ്റ് പേപ്പറുകളിൽ ഗ്രാമപഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ജില്ലാ പഞ്ചായത്തിലെയും ഓരോ സ്ഥാനാർഥിക്ക് വീതം വോട്ടു ചെയ്യണം.
വോട്ട് രേഖപ്പെടുത്തിയ ശേഷം ഓരോ ബാലറ്റിനും ഒപ്പം തരുന്ന ഫോറം 18 എന്ന ചെറിയ കവറിനു പുറത്ത് തദ്ദേശ സ്ഥാപനത്തിൻറെയും നിയോജക മണ്ഡലത്തിൻറെയും പേര്, ബാലറ്റ് പേപ്പറിൻറെ ക്രമനമ്പർ, ഗ്രാമപഞ്ചായത്ത്/ ബ്ലോക്ക് പഞ്ചായത്ത്/ ജില്ലാ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി എന്നിവയിൽ ശരിയായത്. എന്നീ വിവരങ്ങൾ രേഖപ്പെടുത്തി ബാലറ്റ് മടക്കി നിക്ഷേപിച്ച് കവർ ഒട്ടിക്കുക.
മുൻപ് സൂചിപ്പിച്ച വാകത്താനം പഞ്ചായത്തിലെ വോട്ടർ ബ്ലോക്ക് പഞ്ചായത്തിലേക്ക് വോട്ടു ചെയ്യുമ്പോൾ കവറുകളിലും ഫോറങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻറെ പേര് ബി 50 മാടപ്പള്ളി എന്നും നിയോജകമണ്ഡലത്തിൻറെ പേര് 04 വാകത്താനം എന്നും എഴുതണം.
ഇതേ ആൾ ജില്ലാ പഞ്ചായത്തിലേക്ക് വോട്ടു ചെയ്യുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻറെ പേര് ഡി05 കോട്ടയം എന്നും നിയോജകമണ്ഡലത്തിൻറെ പേര് 16 വാകത്താനം എന്നുമാണ് എഴുതേണ്ടത്.
ബാലറ്റ് അടങ്ങിയ കവറുകൾ ഓരോന്നും സത്യപ്രസ്താവനയ്ക്കൊപ്പം വലിയ കവറിലാക്കുന്നതാണ് അടുത്ത നടപടി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടുകൾ ഓരോന്നും ഫോറം 19 എന്ന വലിയ കവറുകൾ പ്രത്യേകമായുണ്ട്. വലിയ കവറിനു പുറത്തും തദ്ദേശ സ്ഥാപനത്തിൻറെ പേരും നിയോജക മണ്ഡലം അഥവാ വാർഡിൻറെയോ ഡിവിഷൻറയോ പേരും രേഖപ്പെടുത്തിയശേഷം വോട്ടർ കവറിനു മുകളിൽ നിർദ്ദിഷ്ഠ സ്ഥലത്ത് ഒപ്പുവയക്കണം.
ഇതിനു ശേഷം കവറുകൾ പോളിംഗ് ഓഫീസർക്ക് കൈമാറുകയോ തപാലിൽ അയയ്ക്കുയോ ചെയ്യാം. ബാലറ്റുകൾ അടങ്ങിയ കവറുകൾ സ്വീകരിക്കുന്ന പോളിംഗ് ഓഫിസർ അപ്പോൾതന്നെ കൈപ്പറ്റ് രസീത് നൽകും.
തപാലിൽ അയയ്ക്കുമ്പോൾ
വോട്ട് പിന്നീട് തപാലിൽ അയയ്ക്കുയാണെങ്കിൽ ഡിസംബർ 16ന് രാവിലെ എട്ടു മണിക്ക് മുൻപ് റിട്ടേണിംഗ് ഓഫീസർക്ക് ലഭിച്ചിരിക്കണം. വോട്ടുകൾ തപാലിൽ അയയ്ക്കുന്നതിന് പണമടയ്ക്കുകയോ സ്റ്റാമ്പ് ഒട്ടിക്കുകയോ വേണ്ടതില്ല. താമസിച്ച് ലഭിക്കുന്ന വോട്ടുകൾ അസാധുവാകും.
സ്പെഷ്യൽ വോട്ടർമാരുടെ കയ്യിൽ മഷിയടയാളം രേഖപ്പെടുത്തുന്നതല്ല.