
കോയമ്പത്തൂരിൽ നടന്നത് ചാവേർ ആക്രമണമെന്ന് സൂചന; കനത്ത സുരക്ഷാ വലയത്തിൽ നഗരം;2019ൽ എൻഐഎ ചോദ്യം ചെയ്ത യുവാവാണു മരിച്ചത്. സ്ഫോടനത്തിന് ശേഷവും പൊലീസ് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ്.
കാർ പൊട്ടിത്തെറിച്ചു യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേർ ആക്രമണമാണെന്ന് സൂചന. 23ന് പുലർച്ചെയാണ് ടൗൺ ഹാളിന് സമീപം സ്ഫോടനം നടന്നത്. നഗരത്തിലെ പ്രധാന ക്ഷേത്രത്തിന് സമീപമായിരുന്നു സ്ഫോടനം. കാറിൽ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചത് ഉക്കടം സ്വദേശിയും എൻജിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിൻ (25) എന്ന് തിരിച്ചറിഞ്ഞു. ഇയാളെ 2019 ൽ ഐഎസ് ബന്ധം സംശയിച്ച് എൻഐഎ ചോദ്യം ചെയ്തിരുന്നു. വീട്ടിൽ നടന്ന പരിശോധനയിൽ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയതാണ് ചാവേർ ആക്രമണമെന്ന സംശയത്തിന് പ്രധാന കാരണം.
സംഭവത്തെ തുടർന്ന് കോയമ്പത്തൂരിൽ സുരക്ഷ ശക്തമാക്കി. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലടക്കം പരിശോധന നടത്തുന്നുണ്ട്. സ്ഫോടനം നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവർത്തകരെയടക്കം പ്രവേശിക്കാൻ അനുവദിക്കുന്നില്ല. കോട്ടായി സംഗമേശ്വരർ ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും സീൽ ചെയ്തു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് തടയാനും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
2019ൽ എൻഐഎ ചോദ്യം ചെയ്തിട്ടുള്ള യുവാവാണു മരിച്ചതെന്നും ഇയാളുടെ വീട്ടിൽ അന്ന് എൻഐഎ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മാരുതി കാർ രണ്ടായി തകർന്നു. തകർന്ന കാറിൽനിന്ന് പൊട്ടാത്ത മറ്റൊരു എൽപിജി സിലിണ്ടർ, സ്റ്റീൽ ബോളുകൾ, ഗ്ലാസ് കല്ലുകൾ, അലുമിനിയം, ഇരുമ്പ് എന്നിവയും പൊലീസ് കണ്ടെടുത്തു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെൽട്ടർ ഭാഗികമായി തകർന്നു. കോയമ്പത്തൂർ ജില്ലയിലുടനീളം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 23ന് പുലർച്ചെയാണ് സംഭവം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണം നടക്കുകയാണെന്ന് ഡിജിപി പറഞ്ഞു. പൊട്ടാത്തതുൾപ്പെടെ രണ്ട് എൽപിജി സിലിണ്ടറുകളും മറ്റ് കുറച്ച് സാമഗ്രികളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരുടെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നുണ്ട്. സിലിണ്ടറുകളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന് സമീപം മിൽക്ക് ബൂത്ത് നടത്തുന്ന പ്രദേശവാസിയായ സെന്തിൽ കണ്ണൻ പുലർച്ചെ നാല് മണിയോടെ കട തുറക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കാർ പൊട്ടിത്തെറിക്കുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെയായതിനാൽ അധികം ആളുകൾ എത്തിയിരുന്നില്ല.
സംഭവസ്ഥലത്തേക്ക് മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നതും തടഞ്ഞു. കേസ് അന്വേഷിക്കാൻ ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ വി ബാലകൃഷ്ണൻ പറഞ്ഞു.