play-sharp-fill
കാപ്പിയുടെ രുചി ലോകത്തെ അറിയിച്ചത് സിദ്ധാർത്ഥ

കാപ്പിയുടെ രുചി ലോകത്തെ അറിയിച്ചത് സിദ്ധാർത്ഥ

സ്വന്തം ലേഖകൻ

ഇന്ത്യയിൽ കാപ്പിയുടെ കൊടിയടയാളമായിരുന്നു കഫേ കോഫി ഡേ. കാപ്പിയും കുടിച്ച് നെറ്റും സർഫ് ചെയ്ത് സമയം ചെലവിടാനുള്ള ഇടം എന്ന നവീന ആശയം പരീക്ഷിച്ച് വിജയിച്ച് ഇന്ത്യ മുഴുവൻ പടർന്ന ശൃംഖലയായി മാറിയ വിജയകഥ. ആശയം വിജയിച്ചപ്പോൾ അതിന്റെ അമരക്കാരൻ വി.ജെ സിദ്ധാർഥിന് സ്വയം ജീവിതം അവസാനിപ്പിക്കേണ്ടി വന്നു. മല്യയും മെഹുൽ ചോക്സിയും നീരവ് മോദിയും തിരഞ്ഞെടുത്ത വഴിയിൽ ആരെയും പറ്റിച്ച് മുങ്ങിയില്ല. എല്ലാ പിഴവുകളും സ്വയം ഏറ്റെടുത്ത് ആത്മഹത്യയിൽ അയാൾ അഭയം പ്രാപിച്ചു.

രാജ്യം കണ്ട ഏറ്റവും മികച്ച സംരംഭകപ്രമുഖന് സംഭവിച്ചതെന്താവാം എന്ന ആശങ്ക മാത്രം അവശേഷിക്കുന്നു. ‘ഏറെ നാൾ ഞാൻ പോരാടി, പക്ഷേ ഇന്ന് ഞാൻ അടിയറവ് പറയുകയാണ്. ഓഹരി പങ്കാളികളിലൊരാൾ ഓഹരികൾ മടക്കി വാങ്ങാൻ സമ്മർദ്ദം ചെലുത്തി. അതിനെ തുടർന്നുണ്ടായ മാനസിക വിഷമവും ആറുമാസം മുൻപ് ഒരു സുഹൃത്തിന്റെ കൈയിൽ നിന്ന് വായ്പയായി വാങ്ങിയ വലിയ തുകയുടെ ബാധ്യതയും ഇനിയെനിക്ക് താങ്ങാനാകില്ല.’ തന്റെ ഡയറക്ടർമാർക്കും ജീവനക്കാർക്കും ഇത്തരത്തിലൊരു കത്തെഴുതുമ്‌ബോൾ സിദ്ധാർഥ എല്ലാരിൽനിന്നുംലോകത്ത് നിന്നും വിട പറയാൻ തീരുമാനിച്ചിരുന്നു എന്ന് വേണം അനുമാനിക്കാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാപ്പി വ്യാപാരരംഗത്ത് 140 വർഷത്തെ പാരമ്ബര്യമുള്ള കുടുംബത്തിലാണ് വി.ജി. സിദ്ധാർഥയുടെ ജനനം. കർണാടകത്തിലെ ചിക്കമംഗളൂരുവാണ് സ്വദേശം. രാജ്യത്ത് വ്യവസായരംഗത്ത് ഒരു കാപ്പി സാമ്രാജ്യം സ്ഥാപിക്കാനായത് സിദ്ധാർഥയുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ്. കർണാടക മുൻമുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മകൾ മാളവികയാണ് സിദ്ധാർഥയുടെ ജീവിതപങ്കാളിയായത്. മാംഗളൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം സിദ്ധാർഥയുടെ ശ്രദ്ധ തിരിഞ്ഞത് സ്റ്റോക്ക് മാർക്കറ്റിലേക്കാണ്. 1983-ൽ മഹേന്ദ്ര കംപാനി വൈസ് ചെയർമാനായിരുന്ന ജെ.എം. ഫിനാൻഷ്യൽ ലിമിറ്റഡിൽ സിദ്ധാർഥ മാനേജ്മെന്റ് ട്രെയിനിയായി. ഇരുപത്തിനാലുകാരനായ സിദ്ധാർഥയ്ക്ക് നേട്ടങ്ങളിലേക്കുള്ള ആദ്യത്തെ ചവിട്ടുപടി.

രണ്ട് വർഷം അവിടെ തുടർന്ന സിദ്ധാർഥ ബെംഗളൂരുവിലേക്ക് മടങ്ങി. സ്വന്തമായി ബിസിനസ് തുടങ്ങാൻ പിതാവ് പണം നൽകിയതിനെ തുടർന്ന് ശിവൻ സെക്യൂരിറ്റീസ് എന്ന കമ്ബനി വാങ്ങി വ്യാപാരം ആരംഭിച്ചു. 2000-ൽ വേ ടു വെൽത് എന്നാക്കി മാറ്റിയ കമ്ബനിയാണ് സിദ്ധാർഥയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അടിത്തറയായത്. 1985 കഴിയുമ്‌ബോൾ സിദ്ധാർഥ ഒരു മുഴുവൻ സമയ ഓഹരി നിക്ഷേപകനായി മാറിയിരുന്നു, കൂടാതെ 10,000 ഏക്കറോളം കാപ്പിത്തോട്ടത്തിന്റെ ഉടമയും. 90-കളിലെ ഉദാരവത്ക്കരണത്തോടെ പ്ലാന്റേഷൻസിൽ സിദ്ധാർഥയുടെ നിക്ഷേപം ഇരട്ടിയായി മാറിയിരുന്നു.

കാപ്പിക്കുരു കയറ്റുമതി ലക്ഷ്യമാക്കി 1993-ൽ അമാൽഗമേറ്റഡ് ബീൻ കോഫി ട്രേഡിങ് കമ്ബനി ലിമിറ്റഡ് (ABCTCL) ആരംഭിച്ചു. വർഷത്തിൽ 20,000 ടൺ കാപ്പിക്കുരു കയറ്റി അയച്ച് ഇന്ത്യയിലെ രണ്ടാമത്തെ കയറ്റുമതി സ്ഥാപനമായി എബിസിടിസിഎൽ. കാപ്പിയിലെ കഫൈൻ ശരിക്കും സിദ്ധാർഥയെ മത്തു പിടിപ്പിച്ചിരുന്നു.

1996-ൽ കഫെ കോഫി ഡേ എന്ന പ്ലാൻ തലയിലുദിച്ചതോടെ വ്യാപാരത്തിന്റേയും ഇന്ത്യൻ ജനതയുടെ കാപ്പികുടി ശീലത്തിന്റേയും പുതിയൊരു രീതി സിദ്ധാർഥ തുടങ്ങി വെച്ചു. ബെംഗളൂരിൽ ആരംഭിച്ച കഫെ കോഫി ഡേ രാജ്യത്തിനകത്തും പുറത്തുമായി 1700-ലധികം വ്യാപാരകേന്ദ്രങ്ങളായി. 20,000 ത്തോളം ജീവനക്കാരും 48,000 ത്തോളം വെൻഡിങ് മെഷീനുകളുമായി കഫെ കോഫി ഡേ 4,264 കോടി രൂപയിലധികം വാർഷിക വരുമാനം നേടിയ സ്ഥാപനമായി വളർന്നു.

12,000 ഏക്കറിലേക്ക് വളർന്ന സിദ്ധാർഥിന്റെ കാപ്പിത്തോട്ടം സിദ്ധാർഥിനെ ഇന്ത്യയിലെ സമ്ബന്നരിൽ പ്രമുഖനാക്കി. കഫെ കോഫി ഡേയുടെ ഓഹരികൾ കൊക്കോകോള കമ്ബനി വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനൊക്കെ പുറമെ സെരായ്, സിസാഡോ ആഢംബര റിസോർട്ടുകളും സിദ്ധാർഥിന്റെ ഉടമസ്ഥതയിലുണ്ട്. കഫെ കോഫി ഡേയുടെ വിജയത്തിലൂടെ ഇക്കണോമിക് ടൈംസിന്റെ മികച്ച സംരംഭകനുള്ള അവാർഡ് 2002-03-ൽ സിദ്ധാർഥ നേടി.

2017-ൽ നികുതിവെട്ടിപ്പ് നടത്തിയതായി സിദ്ധാർഥിനെതിരെ ആരോപണമുയർന്നു. തുടർന്ന് സിദ്ധാർഥിന്റെ മുംബൈ, ബെംഗളൂരു, ചിക്കമംഗളൂർ സ്ഥാപനങ്ങളിൽ റെയ്ഡുകൾ നടന്നു. സി.സി.ഡി. വ്യാപാര കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ 650 കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് പിടിച്ചെടുത്തതായി വാർത്തകൾ വന്നു.

ഇപ്പോൾ ആദായനികുതി വകുപ്പിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് കത്തെഴുതി അയച്ച ശേഷം നേത്രാവതി പാലത്തിൽനിന്ന് നദിയിലേക്ക് ചാടിയ ബിസിനസ് രാജാവിന്റെ മൃതദേഹം 36 മണിക്കൂറിന് ശേഷം തിരച്ചിലിൽ കണ്ടെത്തി. സാമ്ബത്തിക പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താനാവാതെ, പരാജയം അഭിമുഖീകരിക്കാവാതെ ഈ കോഫി കിങ് മരണത്തിൽ നിക്ഷേപം കണ്ടെത്തിയത് എന്തിന് എന്ന ചോദ്യം ബാക്കിയാകുന്നു.