
കളക്ടർക്കു നന്ദി പറഞ്ഞ് എം.എൽ.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറൽ..! എം.എൽ.എയുടെ വീട്ടിലെത്തി യാത്ര പറഞ്ഞു കളക്ടറും; പത്തനംതിട്ട കളക്ടറും കോന്നി എം.എൽ.എയും തമ്മിലുള്ള സൗഹൃദം വൈറലായി മാറുന്നു
തേർഡ് ഐ ബ്യൂറോ
കോന്നി: ഒരു എം.എൽ.എയും കളക്ടറും തമ്മിൽ സാധാരണ ഗതിയിൽ അത്ര ചേർച്ച ഉണ്ടാകാറില്ല. എന്നാൽ, ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് ഒരു കളക്ടറും എം.എൽ.എയും തമ്മിലുള്ള സൗഹൃദം തന്നെയാണ്.
പത്തനംതിട്ട കളക്ട്രേറ്റിൻ്റെ പടിയിറങ്ങിയ പി.ബി നൂഹിനെ കുറിച്ച് പറയാൻ വാക്കുകളില്ലെന്ന് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ ഫെയ്സ് ബുക്കിൽ കുറിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പുറത്തറിഞ്ഞത്. പടിയിറങ്ങിയ കളക്ടർക്ക് നന്ദി രേഖപ്പെടുത്തി എംഎൽഎ ഇട്ട എഫ് ബി പോസ്റ്റ് വൈറലായി. ജനകീയ കളക്ടർക്ക് നന്ദിയറിയിച്ചിട്ട പോസ്റ്റ് ഷെയർ ചെയ്തത് 607 പേരാണ്. ഇതിനോടകം തന്നെ 11 കെ ലൈക്കും ഇതിന് ലഭിച്ച് കഴിഞ്ഞു. കോന്നി എംഎൽഎയുടെ പോസ്റ്റിൻ്റെ പൂർണ രൂപം വായിക്കാം
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലപ്പോഴും അദ്ദേഹത്തിൻ്റെ പ്രവർത്തനം അപ്രതീക്ഷിതം തന്നെയായിരുന്നു… പരിചയപ്പെട്ട നാൾ മുതൽ പല ഇടപെടലുകളും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.
ഒരു സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ എങ്ങനെയാണ് ഇത്രയും വ്യത്യസ്തനാകുന്നത്….. എങ്ങനെയാണ് ഇത്രയും ജനപ്രിയനാകുന്നത്…..
പി.ബി.നൂഹ് ഐ.എ.എസിനെ കുറിച്ചു തന്നെയാണ് പറയുന്നത്….
പത്തനംതിട്ട ജില്ലാ കളക്ടറുടെ ചുമതല ഇന്ന് ഒഴിയുമ്പോൾ പത്തനംതിട്ടയിൽ എത്തി നേരിൽ കണ്ട് നന്ദി പറയണമെന്ന് മനസ്സിൽ കുറിച്ചിരുന്നു.
പക്ഷെ…എൻ്റെ പ്രതീക്ഷകൾക്കും അപ്പുറം ഇത്രയേറെ തിരക്കുകൾക്കിടയിലും ഇന്ന് രാവിലെ അദ്ദേഹം സീതത്തോട്ടിലെ വീട്ടിലെത്തി.
ജനപ്രതിനിധി എന്ന നിലയിൽ ഞാൻ നല്കിയ പിൻതുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞപ്പോൾ…….
സർക്കാർ നിലപാട് കർശനമായി നടപ്പിലാക്കുകയും,
ജില്ലയിലെ ജനതയെ പ്രതിസന്ധി കാലത്ത് സംരക്ഷിച്ചു നിർത്തുകയും, രാവുകളെ പകലാക്കി അക്ഷീണം പ്രയത്നിക്കുകയും ചെയ്തയാളിനോട് എന്തു മറുപടി പറയും എന്ന് ഒരു നിമിഷം ഞാനും ആശങ്കയിലായി….
ജില്ലയിലെ ജനങ്ങളെ ചേർത്തു പിടിച്ച കളക്ടർ കോന്നിക്കെന്നും പ്രിയപ്പെട്ടവനായിരുന്നു.
കോന്നിയുടെ പട്ടയപ്രശ്നം, മരം മുറിയ്ക്കാനുള്ള അനുവാദം,
പുതിയ പാറമടകൾ തുടങ്ങാൻ നടത്തിയ നീക്കത്തെ ചെറുക്കാൻ എന്നോടൊപ്പം നിന്ന് സ്വീകരിച്ച ധീരനിലപാട്, കോവിഡ് പ്രതിരോധത്തിനും, അതിനായി ഞാൻ മുൻകൈ എടുത്ത് നടപ്പിലാക്കിയ കൈത്താങ്ങ് പദ്ധതിയ്ക്കും നല്കിയ പിൻതുണ,
ആവണിപ്പാറ വൈദ്യുതീകരണത്തിനും അവരുടെ ആവശ്യങ്ങൾക്കും നല്കിയ മുൻഗണന,എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കോന്നി ഗവ.മെഡിക്കൽ കോളേജ് യാഥാർത്യമാക്കാൻ എടുത്ത മുൻകൈ പ്രവർത്തനം….. തുടങ്ങി കോന്നിയുടെ വികസനത്തിൽ എനിക്കൊപ്പം ശക്തമായി നിലകൊണ്ട ഭരണാധികാരി, സർവ്വോപരി ജനവികാരം മനസ്സിലാക്കി എപ്പോഴും പ്രവർത്തിച്ച സുഹൃത്ത്, മറക്കില്ല പ്രിയപ്പെട്ട കളക്ടർ,
ഞാനും, കോന്നിയും അതിലുപരി
പത്തനംതിട്ട ജനതയും…. ഒരായിരം നന്ദി…