
നാളികേര കർഷകർക്കു വലിയ തിരിച്ചടിയായി പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞു. കിലോഗ്രാമിന് 72 രൂപ ഉണ്ടായിരുന്നത് 45 രൂപയിലേക്കു താഴ്ന്നു. തമിഴ്നാട്ടിൽ ഉൽപാദനം വർധിച്ചതും അവിടെ നിന്നു വ്യാപകമായി തേങ്ങ വരുന്നതും കേരളത്തിലെ വിപണിയെ ബാധിച്ചു. ഒരു തേങ്ങയ്ക്ക് 35 രൂപ ലഭിച്ചിരുന്നത് ഇപ്പോൾ 16, 17 ആയി കുറഞ്ഞു. വില കുറഞ്ഞതോടെ കർഷകർക്ക് ഇരട്ട പ്രഹരമാണ് നേരിടേണ്ടി വരുന്നത്. തേങ്ങയുടെ വില കുറഞ്ഞിട്ടും തെങ്ങുകയറ്റ കൂലിയും മറ്റു ചെലവുകളും ഉയർന്ന നിലയിലാണ്. ഒരു കിലോയ്ക്ക് 45 രൂപ മാത്രം ലഭിക്കുമ്പോൾ ചെലവുകൾ കഴിഞ്ഞ് കർഷകന്റെ കൈവശം വളരെ കുറഞ്ഞ തുകയാണു കിട്ടുന്നത്.
പച്ചത്തേങ്ങ വില 40 ശതമാനത്തോളം കുറഞ്ഞിട്ടും വെളിച്ചെണ്ണയുടെ വിലയിൽ അതിനൊത്ത കുറവ് ഇതുവരെ ഉണ്ടായിട്ടില്ല. നിലവിൽ വെളിച്ചെണ്ണ ലീറ്ററിന് 340 മുതൽ 360 വരെയാണു മില്ലുകാർ വാങ്ങുന്നത്. അതേസമയം, 260 മുതൽ 300 രൂപ വരെയാണു ചില്ലറ വിപണിയിലെ വില. തേങ്ങ വില കുറഞ്ഞിട്ടും വെളിച്ചെണ്ണ വില കുറയാത്തത് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു. കേരഫെഡ് പുതിയ താങ്ങുവില പ്രഖ്യാപിച്ച് നാളികേര സംഭരണം തുടങ്ങണമെന്നാണ് കർഷകരുടെ ആവശ്യം. സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു സംസ്ഥാനത്തെ നാളികേര കർഷകർ.


