വെളിച്ചെണ്ണയ്ക്ക് മൂന്ന് രൂപ അധികം വാങ്ങി: ചങ്ങനാശേരിയിലെ റിലയൻസ് സൂപ്പര്‍മാര്‍ക്കറ്റിന് 10,000 രൂപ പിഴ വിധിച്ച് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍
സ്വന്തം ലേഖിക
കോട്ടയം: ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്‌ക്ക് എം.ആര്‍.പിയെക്കാള്‍ മൂന്നു രൂപ അധികം വാങ്ങിയ ചങ്ങനാശേരിയിലെ റിലയൻസ് സൂപ്പര്‍ മാര്‍ക്കറ്റ് 10,000 രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു.
മാമ്മൂട് സ്വദേശി വിനോദ് ആന്റണിയുടെ പരാതിയിലാണ് നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2021 സെപ്തംബറിലാണ് വിനോദ് ചങ്ങനാശേരി പാറേല്‍പ്പള്ളിയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു ലിറ്റര്‍ വെളിച്ചെണ്ണ വാങ്ങിയത്. പാക്കറ്റില്‍ 235 രൂപയാണ് എം.ആര്‍.പി പ്രിന്റ് ചെയ്തിരുന്നത്.
എന്നാല്‍ വിനോദില്‍ നിന്ന് 238 രൂപ ഈടാക്കിയെന്നാണ് പരാതി. അധിക വില ഈടാക്കിയത് നിയമങ്ങളുടെ ലംഘനമാണെന്ന് വിശദമായ തെളിവെടുപ്പിനുശേഷം കമ്മിഷന്‍ വിലയിരുത്തി.
പാക്കറ്റില്‍ പ്രിന്റ് ചെയ്‌തതിനേക്കാള്‍ അധികമായ വിലയീടാക്കാന്‍ വ്യാപാരികള്‍ക്ക് അവകാശമില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. അധികം വാങ്ങിയ മൂന്നു രൂപ 2021 സെപ്തംബര്‍ ഏഴു മുതലുള്ള ഒൻപതു ശതമാനം പലിശസഹിതം തിരികെ നല്‍കാനും നിയമനടപടികള്‍ മൂലമുള്ള നഷ്ടങ്ങള്‍ക്ക് 10,000 രൂപ വിനോദ് ആന്റണിക്ക് നല്‍കാനുമാണ് അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും കെ.എം. ആന്റോ അംഗവുമായുള്ള ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്.