രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ഫ്യൂവല്‍ സെല്‍ ഇലക്‌ട്രിക് ബസുകള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ; ധാരണാപത്രത്തില്‍ ഒപ്പുവെച്ച് സിയാല്‍

Spread the love

കൊച്ചി: വിമാനത്താവളത്തിനുള്ളിലെ യാത്രാ സൗകര്യം പരിസ്ഥിതി സൗഹൃദമാക്കാനുള്ള നീക്കവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ഫ്യൂവല്‍ സെല്‍ ഇലക്‌ട്രിക് ബസുകള്‍ സർവീസില്‍ എത്തിച്ച് സിയാല്‍.

video
play-sharp-fill

കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ (കെ.എച്ച്‌.വി.ഐ.സി) ഫൗണ്ടേഷനും സിയാലും ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. സിയാലിലെ 0484 ഏറോ ലോഞ്ചില്‍ നടന്ന ചടങ്ങിലാണ് കരാർ കൈമാറ്റം നടന്നത്. കേരള ഹൈഡ്രജൻ വാലി പദ്ധതിയുടെ ഭാഗമായി ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ പിന്തുണയോടെ മൂന്ന് ഹൈഡ്രജൻ ഫ്യൂവല്‍ സെല്‍ ഇലക്‌ട്രിക് ബസുകളാണ് വിമാനത്താവളത്തില്‍ ആദ്യ ഘട്ടത്തില്‍ പ്രവർത്തനം ആരംഭിക്കുക.

വൈദ്യുതി മന്ത്രിയും അനെർട്ട് ഭരണസമിതി ചെയർമാനുമായ കെ. കൃഷ്ണൻകുട്ടിയും, സിയാല്‍ ഡയറക്ടറും വ്യവസായ മന്ത്രിയുമായ പി. രാജീവും ധാരണാ പത്രം കൈമാറി. ഓരോ ബസിനും പരമാവധി 2.90 കോടി രൂപ വീതം, ആകെ 8.7 കോടി രൂപയുടെ ധനസഹായം കെ.എച്ച്‌.വി.ഐ.സി ഫൗണ്ടേഷൻ നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധാരണാപത്രം കൈമാറിയ ചടങ്ങില്‍ സിയാല്‍ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, കെ.എച്ച്‌.വി.ഐ.സി ഫൗണ്ടേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഹർഷില്‍ ആർ. മീണ, കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിലെ സീനിയർ ഡയറക്ടർ ഡോ. രഞ്ജിത് കൃഷ്ണ പൈ എന്നിവരും പങ്കെടുത്തു.

ഒരു വർഷത്തിനകം ബസുകള്‍ വാങ്ങി സർവീസ് തുടങ്ങാനാണ് തീരുമാനം. ബസുകളുടെ ഉടമസ്ഥാവകാശം സിയാലിനായിരിക്കും. പ്രവർത്തനച്ചെലവും പരിപാലനച്ചെലവും സിയാല്‍ തന്നെ വഹിക്കും. റൂട്ടുകളും പ്രവർത്തന മാതൃകയും സിയാല്‍ നിശ്ചയിക്കും. സിയാലും ബി.പി.സി.എല്ലും ചേർന്ന് നിർമിച്ച ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് പ്രവർത്തനക്ഷമമായതോടെ ബസുകള്‍ക്ക് ആവശ്യമായ ഇന്ധന വിതരണം വിമാനത്താവളത്തിനുള്ളില്‍ തന്നെ ഉറപ്പാക്കാം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കാർബണ്‍ ഉല്‍സർജനം കുറയുകയും ശബ്ദ മലിനീകരണം നിയന്ത്രിക്കപ്പെടുകയും ചെയ്യും.