കൊച്ചി വിമാനത്താവളം ; റൺവേ നവീകരണം തുടങ്ങി
സ്വന്തം ലേഖിക
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിലെ (സിയാൽ) റൺവേ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നലെ രാവിലെ അവസാനിപ്പിച്ച്, വൈകിട്ട് ആറിന് പുനരാരംഭിച്ചു. ടാക്സിവേ, ടാക്സിവേ ലിങ്കുകൾ എന്നിവ നവീകരിക്കുന്ന ജോലികളാണ് ആദ്യം ആരംഭിച്ചത്. 150 കോടി രൂപയാണ് റൺവേ നവീകരണച്ചെലവ്.
ഏജൻസികളുടെ ഏകോപനം നേരത്തെ ഉറപ്പാക്കിയതിനാൽ ടെർമിനലിൽ വലിയ തിരക്ക് ഉണ്ടായില്ല. വൈകിട്ട് ആറിനുശേഷം പുറപ്പെടുന്ന വിമാനങ്ങളുടെ ഡൊമസ്റ്രിക് ചെക്ക്-ഇൻ കൗണ്ടറുകൾ ഉച്ചയ്ക്ക് മൂന്നിനും രാജ്യാന്തര വിമാനങ്ങളുടേത് ഉച്ചയ്ക്ക് രണ്ടിനും തുറന്നു. നവീകരണത്തിന്റെ ഭാഗമായി 2020 മാർച്ച് 28 വരെയാണ് പകൽ സർവീസുകൾ ഇല്ലാത്തത്. വിമാന സർവീസുകൾ പുതിയ സമയക്രമത്തിലേക്ക് മാറിയിട്ടുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചി-കൊളംബോ ശ്രീലങ്കൻ എയർവേസ് (പുതിയ സമയം രാവിലെ 9.30 പുറപ്പെടും), കൊച്ചി-ജിദ്ദ എയർ ഇന്ത്യ (വൈകിട്ട് 6.05), കൊച്ചി-കുവൈറ്റ്; കുവൈത്ത് എയർവേസ് (പുലർച്ചെ 2.10, രാവിലെ 8.35) എന്നിവയാണ് പുതിയ സമയക്രമത്തിലേക്ക് മാറിയ രാജ്യാന്തര സർവീസുകൾ. മറ്റ് രാജ്യാന്തര സർവീസുകൾ നേരത്തെ തന്നെ വൈകിട്ട് ആറിനും രാവിലെ പത്തിനും ഇടയ്ക്കാണ് സർവീസ് നടത്തുന്നത്. ഇവയെ റൺവേ നവീകരണം ബാധിച്ചിട്ടില്ല.