
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു. രാഷ്ട്രീയ ഭേദമന്യേ ഇടതും വലതും ഭരിക്കുന്ന ബാങ്കുകൾ തലപ്പത്തിരിക്കുന്നവർ കൊള്ളയടിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ കുമാരനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സിപിഎം നേതാവ് ഇടപാടുകാരെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു.
അതിനു പിന്നാലെയാണ് ഇപ്പോൾ കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിൽ നടന്ന ഒരു കോടി രൂപയുടെ തട്ടിപ്പ് പുറത്ത് വരുന്നത്. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.ഐ.ടി.യു സംസ്ഥാന ഭാരവാഹി അടക്കം അഞ്ചു പേർക്കെതിരെ പാർട്ടി നടപടിയെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.ഐ.ടി.യു ഹെഡ്‌ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും കാരാപ്പുഴ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും സി.പി.എം കോട്ടയം ഏരിയ കമ്മിറ്റിയംഗവുമായ എം.എച്ച് സലിം, നഗരസഭ അംഗവും സി.പി.എം ഏരിയ സെന്ററായി പ്രവർത്തിക്കുകയും ചെയ്യുന്ന ടി.എൻ മനോജ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ ഇ.പി മോഹനൻ, സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ സുരേഷ്, തങ്കപ്പൻ എന്നിവർക്കെതിരെയാണ് പാർട്ടി നടപടി
ഇ.പി മോഹനനെ ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്കും സുരേഷിനെയും തങ്കപ്പനെയും പാർട്ടി പ്രാഥമിക അംഗത്വത്തിലേയ്ക്കു തരം താഴ്ത്തി. ഡയറക്ടർ ബോർഡ് അംഗങ്ങളായ മോഹനനോടും, സലിമിനോടും തൽസ്ഥാനം രാജി വയ്ക്കാനും നിർദ്ദേശം നല്കി.
എം.എച്ച് സലിമിനെ സി.ഐ.ടി.യുവിന്റെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കി ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്കു തരം താഴ്ത്തി. ബാങ്ക് ജീവനക്കാരനായ ടി.എൻ മനോജിന്റെ സ്ഥാനക്കയറ്റം തടഞ്ഞ് ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്കു തരം താഴ്ത്തി.
കുമാരനെല്ലൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് പാര്‍ട്ടിയിലും, സിപിഎം. ഭരിക്കുന്ന ഈ ബാങ്കിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ പാര്‍ട്ടി നേതൃത്വം ഇയാളെ സംരക്ഷിച്ചു വരുകയായിരുന്നു. കാരാപ്പുഴയിലും ഇത്തരത്തിൽ തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നടപടി തുടർന്നിരുന്നുവെന്നാണ് സൂചന.




