play-sharp-fill
രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തം: വയനാടിന്റെ പുനരധിവാസത്തിനായി വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും, ആവശ്യമെങ്കിൽ വീ‌ണ്ടും സാമ്പത്തിക സഹായം നൽകും, മുണ്ടക്കൈ എൽപി സ്കൂൾ പുനർനിർമിക്കുമെന്നും ലഫ്റ്റനന്റ് കേണൽ‌ മോഹൻലാൽ

രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തം: വയനാടിന്റെ പുനരധിവാസത്തിനായി വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും, ആവശ്യമെങ്കിൽ വീ‌ണ്ടും സാമ്പത്തിക സഹായം നൽകും, മുണ്ടക്കൈ എൽപി സ്കൂൾ പുനർനിർമിക്കുമെന്നും ലഫ്റ്റനന്റ് കേണൽ‌ മോഹൻലാൽ

വയനാട്: രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് ലഫ്റ്റനന്റ് കേണൽ‌ മോഹൻലാൽ. വയനാടിന്റെ പുനരധിവാസത്തിനായി വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥിതി നിരീക്ഷിച്ച ശേഷം ഫൗണ്ടേഷൻ വീണ്ടും സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. താനും കൂടി ഉൾപ്പെടുന്ന മദ്രസ് 122 ഇൻഫൻട്രി ബറ്റാലിയനാണ് ആദ്യഘട്ടത്തിൽ ദുരന്ത മുഖത്തെത്തിയത്.

40 അം​ഗ ബറ്റാലിയനാണ് ആദ്യമായി ഇവിടെയെത്തിയത്. ഇവർക്ക് സൈന്യത്തിന് മറ്റ് സന്നദ്ധ പ്രവർത്തകർക്കും പിന്തുണയേകാനും നന്ദി പറയാനുമാണ് സന്ദർശനം. കഴിഞ്ഞ 16 വർഷമായി ഈ ബറ്റാലിയന്റെ ഭാ​ഗമാണെന്നും മോ​ഹൻലാൽ‌ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിമിഷനേരം കൊണ്ട് ഉറ്റവരെയും ഉടയവരെയും വീടും സമ്പത്തും എല്ലാം നഷ്ടപ്പെട്ടിട്ടും നമ്മളെല്ലാവരും ഒന്നിച്ച് അവരെ സഹായിക്കുന്നത് വലിയ കാര്യമാണ്. സൈന്യം, നാവികസേന, വ്യോമസേന, അ​ഗ്നിശമനസേന, എൻഡിആർഎഫ്, പോലീസ്, ഡോക്ടർമാർ, സന്ന​ദ്ധ സംഘടനകൾ, നാട്ടുകാർ എന്ന് തുടങ്ങി ഒരു കല്ലെടുത്ത് വയ്‌ക്കുന്ന കുട്ടികൾ വരെ രക്ഷാപ്രവർത്തനത്തിന്റെ ഭാ​ഗമാണ്. എല്ലാവർ‌ക്കും നന്ദി അറിയിക്കുന്നുവെന്നും അ​​ദ്ദേഹം കൂട്ടിച്ചേർത്തു.

ബെയ്ലി പാലത്തിന്റെ നിർമാണം അത്ഭുതമാണ്. ഈശ്വരന്റെ സഹായം കൂടി ഇതിലുണ്ടെന്ന് വിശ്വസിക്കാം. ഈ പാലം ഇല്ലായിരുന്നെങ്കിൽ രക്ഷാദൗത്യം മുന്നോട്ട് പോകാൻ പ്രതിസന്ധി സൃഷ്ടിക്കുമായിരുന്നു. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്.

പുനരധിവാസത്തിനായി വിശ്വശാന്തി ഫൗണ്ടേഷൻ തയ്യാറാണെന്നും ആദ്യഘട്ടമായാണ് മൂന്ന് കോടിയുടെ പദ്ധതിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുണ്ടക്കൈ എൽപി സ്കൂൾ പുനർനിർമിക്കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിം​ഗ് ‍ഡയറക്ടർ മേജർ രവിയും അറിയിച്ചിട്ടുണ്ട്.

മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും പേരിൽ 2015-ൽ മോഹൻലാൽ ആരംഭിച്ച സംഘടനയാണ് വിശ്വശാന്തി ഫൗണ്ടേഷൻ. ഇന്ന് രാവിലെയാണ് മോ​ഹൻലാൽ വയനാട്ടിലെത്തിയത്. ടെറിറ്റോറിയൽ ബേസ് ക്യാമ്പിലെത്തി സൈനിക ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ദുരന്തമുഖത്തേക്കുള്ള സന്ദർശനം. ഇന്നലെ ദുരിതം അനുഭവിക്കുന്നവർക്ക് 25 ലക്ഷം രൂപയുടെ ധനസഹായവും അദ്ദേഹം സംഭാവന ചെയ്തിരുന്നു