
സി എം എസ് കോളജിൽ വിദ്യാർത്ഥികളെ യൂണിയൻ നേതാക്കൾ മർദിച്ചു: യൂണിയൻ നേതാക്കളെ പുറത്താക്കാൻ പഠിപ്പ് മുടക്കി കോളജ് ഉപരോധിച്ച് വിദ്യാർത്ഥികൾ; കോളജ് കവാടത്തിൽ വിദ്യാർത്ഥി പ്രതിഷേധം
എ.കെ ശ്രീകുമാർ
കോട്ടയം: സിഎംഎസ് കോളജിൽ യൂണിയൻ നേതാക്കൾ മൂന്നാം വർഷ വിദ്യാർത്ഥികളെ മർദിച്ചതായി ആരോപിച്ച് വിദ്യാർത്ഥികൾ ക്ലാസ് മുടക്കി പ്രതിഷേധവുമായി കോളജ് കവാടം ഉപരോധിക്കുന്നു. കോളജിലെ ഫിസിക്സ് വിഭാഗം വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ടുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് കോളജിൽ വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടൂറിനിടെ എസ്.എഫ്.ഐ പ്രവർത്തകനായ യുണിയൻ ഭാരവാഹിയെ ഒരു സംഘം മർദിച്ചിരുന്നു. ടൂറിന് ശേഷം മടങ്ങിയെത്തിയ യൂണിയൻ ഭാരവാഹി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മർദനത്തിന് നേതൃത്വം നൽകിയ മൂന്ന് വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഈ മൂന്ന് വിദ്യാർത്ഥികൾ കോളജിൽ നിന്ന് പുറത്ത് വന്നപ്പോൾ ഒരു സംഘം വിദ്യാർത്ഥികൾ ഇവരെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ കോളജ് കവാടത്തിലായിരുന്നു സംഭവം. സസ്പെൻഷൻ ഉത്തരവും വാങ്ങി കോളജിൽ നിന്നും പുറത്ത് വന്ന വിദ്യാർത്ഥികളെ എസ് എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിലാണ് മർദിച്ചതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. അക്രമണത്തിൽ പരിക്കേറ്റ അഞ്ചു വിദ്യാർത്ഥികൾ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്.
വെള്ളിയാഴ്ച രാവിലെ കോളജിൽ എത്തിയ ഫിസിക്സ് വിഭാഗത്തിലെ അടക്കമുള്ള വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. സസ്പെൻഷനിലായ വിദ്യാർത്ഥികളെ മർദിച്ച എസ് എഫ് ഐ – യുണിയൻ ഭാരവാഹികൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾ കോളജ് കവാടം ഉപരോധിക്കുന്നത്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.