
ധർമ്മടത്തെ തിരഞ്ഞെടുപ്പ് യോഗത്തില്‍ കേന്ദ്രസർക്കാരിനെയും പ്രതിപക്ഷത്തേയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളം തകരണം എന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹം, ദുരന്തം നേരിടാൻ നാടാകെ ഒന്നിച്ചു നില്ക്കും എന്നാല്‍ കേന്ദ്രവും പ്രതിപക്ഷവും മുഖം തിരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ തിരഞ്ഞെടുപ്പ് യോഗത്തില്‍ തന്നെ വികസന നേട്ടങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഗ്ദാനങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫ് സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണ്. 2021-ലെ പ്രകടന പത്രികയിലെ ഭൂരിഭാഗം കാര്യങ്ങളും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു. കേരളത്തെ അതിദാരിദ്ര്യ മുക്തമായ സംസ്ഥാനമാക്കി മാറ്റാൻ സാധിച്ചത് അഭിമാനകരമായ നേട്ടമാണ്. എന്നാല്‍ യുഡിഎഫും ബിജെപിയും കോർപ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരേ സാമ്പത്തിക നിലപാടാണ് സ്വീകരിക്കുന്നത് മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വർഷത്തിനിടയില്‍ കേരളത്തില്‍ ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ല എന്നത് അഭിമാനകരമായ നേട്ടമാണ്. നാട് തീർത്തും ശാന്തമാണെന്നും സമാധാനപരമായ അന്തരീക്ഷമാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വികസനവും സമാധാനവും ഒത്തുചേരുന്ന കേരള മോഡല്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ എല്‍ഡിഎഫിന് ജനങ്ങള്‍ പിന്തുണ നല്‍കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അതേസമയം, തിരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാവരും തയ്യാറെടുത്ത് കഴിഞ്ഞു. കേരളത്തില്‍ ഈ തിരഞ്ഞെടുപ്പിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. ജനങ്ങളുടെ ബോധ്യത്തില്‍ ഉണ്ട് എല്‍ഡിഎഫ് ചെയ്ത നല്ല കാര്യങ്ങള്‍. പത്ത് വർഷം എല്‍ഡിഎഫ് അധികാരത്തില്‍ വന്നത് ജനങ്ങള്‍ സ്വീകരിച്ചത് കൊണ്ടാണ്. തുടർ ഭരണംകൊണ്ട് നാട് ലോക ശ്രദ്ധ നേടി. കേരളം അതിദാരിദ്യ മുക്തമായത് എല്‍ഡിഎഫ് ഭരണതുടർച്ച കൊണ്ടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തെ തിരഞ്ഞെടുപ്പ് യോഗത്തില്‍ കൂട്ടിച്ചേർത്തു.
എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി നാളെ ജില്ലകളില്‍ പര്യടനം നടത്തും. പത്തനംതിട്ടയില്‍ നിന്നാണ് പര്യടനം ആരംഭിക്കുക. ഏപ്രില്‍ മൂന്നു വരെ 48 കേന്ദ്രങ്ങളില്‍ പൊതു യോഗങ്ങളില്‍ പങ്കെടുക്കും.


