കൊല്ലത്തെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ മുതല്‍ കെഎസ്ആര്‍ടിസിയിലെ കയ്യേറ്റം വരെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം; ഗവര്‍ണര്‍ക്കുള്ള മറുപടി മാത്രം പറഞ്ഞ ശേഷം വേദി വിട്ടു; ഗവര്‍ണര്‍ കേന്ദ്ര ഏജന്റിനെ പോലെ പെരുമാറുന്നുവെന്ന് പ്രധാന ആക്ഷേപം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം. രാജ്ഭവനിലെ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം രാജ്യത്തുതന്നെ അസാധാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ നിന്നുകൊണ്ട് പറയുന്നത് ഇരുന്നുകൊണ്ട് പറയുന്ന പ്രത്യേകതയാണ് ഇവിടെ കണ്ടത്. നിയതമായ മാര്‍ഗങ്ങളിലൂടെ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനെ വിയോജിപ്പുകള്‍ അറിയിക്കാവുന്നതാണ്. ഗവര്‍ണറാണ് സംസ്ഥാനത്തിന്റെ ഭരണഘടനാ തലവന്‍. എക്‌സിക്യൂട്ടീവ് പവര്‍ സര്‍ക്കാരിനാണ്. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചുവേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്ന ഒരു നിയമത്തിനും തീരുമാനത്തിനും അദ്ദേഹത്തിന് വ്യക്തിപരമായ ഉത്തരവാദിത്തമില്ല, ആ ഉത്തരവാദിത്തം സര്‍ക്കാരിനാണ്- 1974 ലെ ഷംഷീര്‍ സിങ് കേസിലെ വിധി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രശംസയും സ്‌നേഹവും വാരിക്കോരി നല്‍കിയത് ആര്‍എസ്എസിനാണ്. ഗവര്‍ണര്‍ സംഘടനകളില്‍ നിന്നും അകലം പാലിക്കേണ്ട ഭരണഘടനാപദവിയാണ്. കേന്ദ്രത്തിന്റെ ഏജന്റിനെ പോലെ ഗവര്‍ണര്‍ പെരുമാറുകയാണ്. മുമ്പും വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ട്. ഗവണര്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നും ഭരണപാര്‍ട്ടിയില്‍ അംഗമല്ലാത്ത ആളാകണമെന്നും കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിച്ച സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്റല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഗവര്‍ണര്‍ക്കുള്ള മറുപടി നല്‍കിയ ഉടനെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു. കൊല്ലത്ത് ജപ്തിനോട്ടീസില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം, കാട്ടാക്കടയില്‍ മകളുടെ മുന്നില്‍ വച്ച് അച്ഛനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവം തുടങ്ങി വ്യാപകമായ പേ വിഷബാധ വരെയുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തില്ല. തനിക്ക് പറയാനുള്ളത് പറഞ്ഞ ശേഷം മാധ്യമ പ്വര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് കാത്ത് നില്‍ക്കാതെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു.