
എസ്‌ഡിപിഐ പിന്തുണ ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ പിന്തുണച്ചു എന്ന് പറയുമ്പോൾ, നേമത്തെ പ്രത്യേക സാഹചര്യം കൂടി കാണണം. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ് നല്ലതെന്ന് കരുതുന്നവർ കാണും. അത് ധാരണയുടെ ഭാഗം അല്ല. വർഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല. ശുദ്ധമായ വർഗ്ഗീയ വിരുദ്ധ നിലപാടാണ് എൽഡിഎഫിനെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്ഡിപിഐയും കോൺഗ്രസും എത്ര കാലം ഒരുമിച്ചു നടന്നതാണ്. അധിക കാലം പിന്നിലല്ല, പാലക്കാട് കണ്ടതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. നമ്മുടെ രാജ്യത്ത് ഏറ്റവും ആപത്ത് ഉണ്ടാക്കിയത് ഭൂരിപക്ഷ വർഗീയതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കുന്ന നടപടികളാണ് എൽഡിഎഫ് എല്ലാകാലത്തും സ്വീകരിച്ചത്. ആ ഞങ്ങളെ ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്നവരാണെന്ന് വരുത്തിയാൽ രാഷ്ട്രീയ ലാഭമുണ്ടാക്കാം എന്നാണ് ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.


