സർവീസിൽ നിന്നു വിരമിച്ച ഇഷ്ടക്കാരന് സർക്കാർ വകുപ്പിൽ ഇഷ്ടം പോലെ സമയം നീട്ടി നൽകാൻ  ഉന്നത ഇടപെടൽ: സംഭവം നടന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ മൂക്കിന് താഴെ; സർക്കാർ വകുപ്പിൽ അനധികൃതമായി നിയമനം നീട്ടി നൽകിയിട്ടും മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ല

സർവീസിൽ നിന്നു വിരമിച്ച ഇഷ്ടക്കാരന് സർക്കാർ വകുപ്പിൽ ഇഷ്ടം പോലെ സമയം നീട്ടി നൽകാൻ ഉന്നത ഇടപെടൽ: സംഭവം നടന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ മൂക്കിന് താഴെ; സർക്കാർ വകുപ്പിൽ അനധികൃതമായി നിയമനം നീട്ടി നൽകിയിട്ടും മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ല

തേർഡ് ഐ ബ്യൂറോ

കോട്ടയം: സർവീസിൽ നിന്നു വിരമിച്ച സർക്കാരിന്റെ ഇഷ്ടക്കാരന് സർവീസിൽ തുടരാൻ സമയം നീട്ടി നൽകാൻ അനധികൃത ഇടപെടൽ. സി.ഡി.റ്റിലെ രജിസ്ട്രാർ തസ്തികയിൽ നിന്നും കഴിഞ്ഞ 28 ന് വിരമിച്ച ജി.ജയരാജിനെയാണ് അനധികൃതമായി തസ്തികയിൽ തുടരാൻ ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

മൂന്നു മാസത്തേയ്ക്ക് കൂടി തസ്തികയിൽ തുടരാൻ അ്‌നുവദിക്കണമെന്നാവശ്യപ്പെട്ട് ജയരാജ് നൽകിയ അപേക്ഷ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. മുൻ എം.പിയും ഹരിതകേരള മിഷൻ ഡയറക്ടറുമായ ടി.എൻ സീമയുടെ ഭർത്താവാണ് സി.ഡിറ്റിന്റെ രജിസ്ട്രാറായ ജി.ജയരാജ്. നിലവിൽ അഡീഷണൽ ഡയറക്ടർമാർ അടക്കമുള്ളവർ സി.ഡിറ്റിൽ ഏറെയുള്ളപ്പോഴാണ് സർവീസിൽ നിന്നും വിരമിച്ചയാളെ തിരികെ വിളിച്ച് പദവി നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


കഴിഞ്ഞ ഫെബ്രുവരി 28 നാണ് ജയരാജ് സർവീസിൽ നിന്നും വിരമിച്ചത്. ഇതിനു ശേഷം മൂന്നു മാസത്തേയ്ക്ക് കൂടി പദവിയിൽ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പട്ട് ജയരാജ് സർക്കാരിന് അപേക്ഷ നൽകി. ഇലക്ട്രോണിക്‌സ് ആൻഡ് വിവരസാങ്കേതിക വിദ്യാവകുപ്പിന്റെ കീഴിലുള്ള സ്ഥാപനമാണ് സെന്റർ ഫോർ ഡെവലപ്‌മേന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്). ഈ സ്ഥാപനത്തിലെ രജിസ്ട്രാറുടെ ചുമതലയാണ് ഇദ്ദേഹം വഹിച്ചിരുന്നത്. ജയരാജിനെ മൂന്നു മാസത്തേയ്‌ക്കോ, അല്ലെങ്കിൽ രജിസ്ട്രാർ തസ്തികയിൽ പുതിയ ആളെ നിയമിക്കുന്നത് വരെയോ, ഏതാണോ ആദ്യം അത് വരെ തസ്തികയിൽ തുടരാൻ അനുവദിച്ചാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ജയരാജ് നൽകിയ അപേക്ഷ യാതൊരു എതിർപ്പും കൂടാതെ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഇതിന് അനൂകൂലമായ റിപ്പോർട്ടാണ് വകുപ്പിൽ നിന്നും മന്ത്രിസഭയ്ക്ക് നൽകിയിരുന്നതും. 
സർക്കാർ ഈ കാര്യം വിശദമായി പരിശോധിച്ചെന്നും, ജയരാജ് സർവീസിൽ നിന്നും വിരമിച്ച ശേഷം സി-ഡിറ്റിലെ സുപ്രധാന തസ്തികകളിലൊന്നും അഡ്മിനിസ്‌ട്രേഷൻ തലപ്പത്തുള്ളതുമായ രജിസ്ട്രാർ തസ്തിക ഒഴിഞ്ഞു കിടക്കുന്ന സാഹചര്യം സാഹചര്യമുണ്ടായാൽ ഇത് ദൈനംദിന പ്രവർത്തനത്തെ ബാധിക്കുമെന്നായിരുന്നു മന്ത്രിസഭയ്ക്ക് റിപ്പോർട്ട് ലഭിച്ചത്. രജിസ്ട്രാറുടെ ഒഴിവിലേയ്ക്ക് നിയമനം നടത്താൻ സർക്കാർ നടപടി സ്വീകരിച്ച് വരികയാണെന്നും, ഇത് വരെയാണ് ജയരാജിന്റെ നിയമനമെന്നും ഉത്തരവിൽ പറയുന്നു. ജയരാജിനെ നിയമിക്കുമ്പോൾ ഇദ്ദേഹത്തിന് നൽകേണ്ടി ആനുകൂല്യങ്ങളും, ശമ്പളവും നിശ്ചയിച്ചുള്ള ഉത്തരവ് പിന്നീട് പുറത്തിറങ്ങുമെന്നും കഴിഞ്ഞ മാർച്ച് ഒന്നിന് പുറത്തിറങ്ങിയ ഉത്തരവിൽ വ്യക്തമാക്കുന്നു. 
സർവീസിൽ നിന്നും വിരമിക്കും മുൻപ്, ഫെബ്രുവരി എട്ടിന് തന്നെ ജയരാജ് തനിക്ക് പുനർനിയമനം നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിനു കത്ത് നൽകിയിരുന്നു. ഫെബ്രുവരി 28 ന് ജയരാജ് സർവീസിൽ നിന്ന് വിരമിക്കുമെന്ന് അറിഞ്ഞിട്ടും, തസ്തികയിലേയ്ക്കു പുതിയ ആളെ നിയമിക്കാനുള്ള നടപടിയെടുക്കാതെ സി.ഡിറ്റ് രഹസ്യമായി ജയരാജിനു സഹായം ചെയ്തു നൽകുകയായിരുന്നു. ഇത് അഴിമതിയും സ്വജനപക്ഷപാതവുമാണെന്നാണ് ആരോപണം. സിപിഎമ്മിന്റെ മുൻ എംപിയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായിരുന്നു ടി.എൻ സീമ. ഇവരുടെ ഭർത്താവ് ജയരാജിന്റെ പുനർനിയമനം സ്വാധീനം ഉപയോഗിച്ചാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇതിനെതിരെ സി.ഡിറ്റിനുള്ളിൽ നിന്നു തന്നെ വൻ പ്രതിഷേധം ഉയരുന്നുണ്ട്. ഈ നിയമനത്തിനെതിരെ ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിച്ചേക്കുമെന്നും സൂചന ലഭിക്കുന്നുണ്ട്.