
മുഖ്യമന്ത്രിയോടു ചോദ്യം ചോദിക്കുന്നവർക്ക് ഭീഷണി; മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ല; ഏ.കെ ശ്രീകുമാർ
സ്വന്തം ലേഖകൻ
കോട്ടയം: മുഖ്യമന്ത്രിയോടു ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതും, ഓൺലൈനിലൂടെ അപകീർത്തിപ്പെടുത്തുന്നതും മലയാളം പോലൊരു സമൂഹത്തിനു യോജിച്ചതല്ലെന്നും ഇത്തരം പ്രവണതകളെ അംഗീകരിക്കില്ലന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഏ.കെ ശ്രീകുമാർ.
കൊവിഡ് കാലത്ത് ഇതേ മാധ്യമങ്ങൾ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചിരുന്നു. അന്ന് സർക്കാരും സി.പി.എം പ്രവർത്തകരും മുഖ്യമന്ത്രിയും വരെ ഇത് കൊണ്ടാടുകയായിരുന്നു. എന്നാൽ, ഇപ്പോൾ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസ് വരെ ആരോപണത്തിൽ മുങ്ങിയപ്പോൾ ഇതു സംബന്ധിച്ചു ചോദ്യം ചോദിക്കാൻ പോലും മാധ്യമപ്രവർത്തകരെ അനുവദിക്കുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെയാണ് ചാനലിലെ മാധ്യമപ്രവർത്തകരെ അടക്കം അപമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലെ സൈബർ പോരാളികൾ ആഞ്ഞടിക്കുന്നത്. വനിതാ മാധ്യമപ്രവർത്തകരെ അടക്കം വ്യക്തി ഹത്യ നടത്തുന്ന അധിക്ഷേപ പരാമർശങ്ങൾ പോലും ഈ സൈബർ പോരാളികൾ നടത്തുന്നുണ്ട്. മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാനും അനാവശ്യമായി ഇടപെടൽ അവസാനിപ്പിക്കാനും സർക്കാരും ആഭ്യന്തര വകുപ്പും സി.പി.എമ്മും തയ്യാറാകണമെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു