മുഖ്യമന്ത്രിയെപ്പറ്റിച്ചവരെപ്പറ്റി വിവരം പുറത്ത് വിടാനാവില്ലെന്ന് സർക്കാർ:  1.66 കോടി രൂപയുടെ വണ്ടിച്ചെക്ക് നൽകി സർക്കാരിനെപ്പറ്റിച്ച ഒരാൾക്കെതിരെയും നടപടിയെടുക്കാതെ സർക്കാർ; സർക്കാരിനെപ്പറ്റിച്ചവരുടെ വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാൻ നീക്കം

മുഖ്യമന്ത്രിയെപ്പറ്റിച്ചവരെപ്പറ്റി വിവരം പുറത്ത് വിടാനാവില്ലെന്ന് സർക്കാർ: 1.66 കോടി രൂപയുടെ വണ്ടിച്ചെക്ക് നൽകി സർക്കാരിനെപ്പറ്റിച്ച ഒരാൾക്കെതിരെയും നടപടിയെടുക്കാതെ സർക്കാർ; സർക്കാരിനെപ്പറ്റിച്ചവരുടെ വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാൻ നീക്കം

തേർഡ് ഐ ബ്യൂറോ

കോട്ടയം: പ്രളയത്തിന്റെ പേരിൽ മുഖ്യമന്ത്രിയെപ്പറ്റിച്ചവരെപ്പറ്റി വിവരം നൽകാതെ ഒളിച്ചുകളിച്ച് സർക്കാർ. പ്രളയത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 1.66 കോടി രൂപയുടെ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും സംബന്ധിച്ചുള്ള വിവരം പുറത്ത് വിടാനാവില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം സർക്കാർ നൽകിയ മറുപടി. വിവരാവകാശ നിയമപ്രകാരം വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും വിവരം പുറത്ത് വിടാനാവില്ലെന്നാണ് സർക്കാർ ഇപ്പോൾ നൽകുന്ന മറുപടി.
പൊതുപ്രവർത്തകനായ  എ.കെ ശ്രീകുമാറാണ് ധനകാര്യ വകുപ്പിന് ഇതു സംബന്ധിച്ചുള്ള വിവരാവകാശ അപേക്ഷ സമർപ്പിച്ചത്. എന്നാൽ, ഈ വിവരാവകാശ മറുപടിയിൽ സർക്കാർ നൽകിയിരിക്കുന്നത് സാധാരണക്കാരെ പറ്റിക്കുന്ന മറുപടിയാണ്. പ്രളയകാലത്ത് പതിനായിരങ്ങളാണ് ചെക്കായും, അക്കൗണ്ട് വഴിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം അയച്ചത്. ഇത്തരത്തിൽ പണം നൽകിയതിൽ 1.66 കോടി രൂപയുടേത് വണ്ടിച്ചെക്കാണെന്നായിരുന്നു കണ്ടെത്തൽ. കഴിഞ്ഞ ഓഗസ്റ്റിൽ പ്രളയം ഉണ്ടായപ്പോൾ മുതലാണ് ഇത്തരത്തിൽ വൻ തോതിൽ സർക്കാരിന് ഫണ്ട് വന്ന് കുമിഞ്ഞ് കൂടിയത്. പലരും മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറുകയായിരുന്നു. പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തി ചെക്ക് കൈമാറിയവരിൽ പലരും ഇതു സംബന്ധിച്ചു വാർത്ത വിവിധ മാധ്യമങ്ങളിലും നൽകിയിരുന്നു. ഇത്തരത്തിൽ ചെക്ക് മടങ്ങിയ ആളുകളിൽ നിന്നും തുക തിരികെ പിടിക്കാനുള്ള നടപടി ആരംഭിച്ചതായാണ് ധനകാര്യ വകുപ്പിന്റെ റിപ്പോർട്ട്. എന്നാൽ, ഇതുവരെ എത്രരൂപ പിടിച്ചെടുത്തു, ഇവർക്കെതിരെ എന്ത് നടപടിയെടുത്തു എന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ ധനകാര്യ വകുപ്പ് അധികൃതർക്കും സാധിക്കുന്നില്ല.
്പ്രളയത്തിന്റെ പേരിൽ സർക്കാരിനെയും സാധാരണക്കാരെയും പറ്റിക്കുകയും, വണ്ടിച്ചെക്ക് നൽകി കബളിപ്പിക്കുകയും ചെയ്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കേണ്ട സർക്കാർ പക്ഷേ, ഇക്കാര്യത്തിൽ ഒളിച്ചുകളി തുടരുകയാണ്. ഇത് സർക്കാരിന് ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ആരോപണം ഉയരുന്നത്. വണ്ടിച്ചെക്ക് നൽകിയവർക്ക് തുക അടയ്ക്കാൻ അവസരം നൽകുകയാണെന്നാണ് സർക്കാർ നിലപാട്. എന്നാൽ, നിയമനടപടിയിലൂടെ തുക തിരികെ പിടിക്കാൻ ശ്രമിക്കുന്നതിനു പകരം സാവകാശം നൽകാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. ഇത് കടുത്ത വിമർശനങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്.